Movie Day
കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂക്കയുടെ കഥാപാത്രത്തിന് കുടുംബവും കുട്ടികളുമുണ്ടായിരുന്നു: ഡ്യൂറേഷന്‍ കൂടിയത് കാരണം മാറ്റി: റോബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 02, 07:32 am
Monday, 2nd October 2023, 1:02 pm

കണ്ണൂര്‍ സ്‌ക്വാഡിന്റെ രണ്ടാം ഭാഗത്തിനുള്ള കഥ ബാക്കിവെച്ചുകൊണ്ടാണ് സിനിമ നിര്‍മിച്ചിരിക്കുന്നത് എന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ റോബി വര്‍ഗീസ്സ് രാജ്. കണ്ണൂര്‍ സ്‌ക്വാഡിന്റെ ഒന്നാം ഭാഗം ഇറക്കിയ രീതിയില്‍ ഇനി രണ്ടാം ഭാഗം ഇറക്കിയാല്‍ വര്‍ക്കൗട്ടാവിലെന്നും രണ്ടാം ഭാഗം ഇറങ്ങുകയാണെങ്കില്‍ നായകന്റെ കുടുംബവും കുട്ടികളുമൊക്കെയുണ്ടായിരിക്കുമെന്നും റോബി മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘നായകന്റെ കുടുംബവും കുട്ടികളുമൊക്കെ ഉണ്ടായിരുന്നു. ഡ്യൂറേഷന്‍ കൂടിയത് കാരണം മാറ്റിവെച്ചതാണ്. വേറെ കുറച്ച് കഥകൂടിയുണ്ടായിരുന്നു. ഇനി ബാക്കി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അതിനുവേണ്ടി ഉപയോഗിക്കാം എന്ന ഒരു സ്‌കോപ്പ് വെച്ചിട്ടാണ് സിനിമ നിര്‍ത്തിയിരിക്കുന്നത്. തുടര്‍ഭാഗത്തെ പറ്റിയൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല.

ഇതില്‍ ഇപ്പോള്‍ തന്നെ ഒരു നൂറ് ശതമാനം മമ്മൂട്ടി സാറിനെയും കഥയെയും ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇങ്ങനെ ഒരു റെസ്പോണ്‍സ് കിട്ടുന്നതുകൊണ്ട് ഇനിയും ഇത്രയും പണിയെടുക്കാതെ കണ്ണൂര്‍ സ്‌ക്വാഡ് 2 എന്നത് ചിന്തിക്കാന്‍ പറ്റില്ല. മാത്രമല്ല ആള്‍ക്കാരുടെ പ്രതീക്ഷ ഇതിലും വലുതാവും.

കണ്ണൂര്‍ സ്‌ക്വാഡ് എന്നത് അത്ര ഹൈപ്പ് ഒന്നും ഇല്ലാതെ വന്നതാണ്. എനിക്ക് അങ്ങനെ തന്നെ വേണമെന്നുണ്ടായിരുന്നു അധികം പ്രതീക്ഷകള്‍ കൊടുക്കാതെ കുറച്ച് സര്‍പ്രൈസായി പ്രേക്ഷകര്‍ക്ക് മുന്നില്‍ കണ്ണൂര്‍ സ്‌ക്വാഡ് എത്തിക്കണമെന്ന് ഒരു നിര്‍ബന്ധമുണ്ടായിരുന്നു. ഇനി ചിലപ്പോള്‍ ആ ഒരു രീതി വര്‍ക്ക് ഔട്ടായെന്ന് വരില്ല. എന്തൊക്കെ ചെയ്യണം എന്നാലോചിച്ചതിന് ശേഷം മാത്രമേ കണ്ണൂര്‍ സ്‌ക്വാഡ് 2 എന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളു’, റോബി വര്‍ഗീസ്സ് രാജ് പറഞ്ഞു.

സിനിമയിലെ കാസ്റ്റിങ്ങിനെ കുറിച്ചും റോബി അഭിമുഖത്തില്‍ സംസാരിച്ചു. ‘ മുബൈയിലെ പരാഗ് മേത്ത എന്ന കാസ്റ്റിങ് ഏജന്‍സി വഴിയാണ് സിനിമക്കുവേണ്ട മറ്റു അഭിനേതാക്കളെ അന്വേഷിച്ചത്. അവര്‍ ഒരു മൂന്ന് ദിവസം കൊണ്ട് എല്ലാം ശരിയാക്കി തന്നു. അവര്‍ക്ക് റഫറന്‍സ് മാത്രമെ കൊടുത്തിട്ടുണ്ടായിരുന്നുള്ളൂ. ക്യാരക്ടര്‍ സ്‌കെച്ചും കൊടുത്തു.

സിനിമയിലെ തന്നെ പവന്‍ എന്ന കഥാപാത്രം അതോഡ, ഭംബിയ എന്നീ കഥാപാത്രമെല്ലാം ബോളിവുഡില്‍ സജീവമായ ആളുകളാണ്. അതില്‍ തന്നെ പ്രായമായ ഒരാളുണ്ടായിരുന്നു 74-75 വയസ്സ് ഉണ്ടാവും. അദ്ദേഹത്തിന്റെ എനര്‍ജിയെല്ലാം കാണണം. ഏത് രാത്രിയില്‍ ഷൂട്ടിന് വിളിച്ചാലും അവരെല്ലാം വരും.

അതുപോലെ തന്നെ പവന്‍ എന്ന ആളും ചെറുപ്പമാണ്. എന്നാലും അദ്ദേഹമൊക്കെ നൂറുശതമാനം ഡെഡിക്കേറ്റഡാണ്. ഇവര്‍ക്കൊന്നും വായിക്കാനായി അവര്‍ക്കറിയാവുന്ന ഭാഷയിലുള്ള സ്‌ക്രിപ്‌റ്റൊന്നും ഞാന്‍ എഴുതിയുരുന്നില്ല. എനിക്ക് സമയം കിട്ടിയില്ല. എന്നാലും അവരെല്ലാം കണ്ടന്റ് പറഞ്ഞു കൊടുത്താല്‍ അതിനനുസരിച്ച് സ്വന്തമായി തന്നെ ഡയലോഗെല്ലാം ഉണ്ടാക്കി ചെയ്തു. അതിന്റെ ടെന്‍ഷെനാന്നും എനിക്കുണ്ടായിരുന്നില്ല എല്ലാവരും നല്ല സപ്പോര്‍ട്ടീവായിരുന്നു’, സംവിധായകന്‍ പറഞ്ഞു.

Content Highlight: Director Robi about mammoottys family background Script on Kannur squad 2