പുണ്യാളന്‍ അഗര്‍ബത്തീസ്, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, പ്രേതം, വര്‍ഷം, ഞാന്‍ മേരിക്കുട്ടി, രാമന്റെ ഏദന്‍തോട്ടം, സു സു സുധി വാത്മീകം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളായി മാറിയയാളാണ് രഞ്ജിത് ശങ്കര്‍. നടന്‍ ജയസൂര്യയുമൊത്താണ് ഇദ്ദേഹം ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളത്.
രാമന്റെ ഏദന്‍തോട്ടം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സിനിമകളില്‍ ഹോളിവുഡ് സിനിമകളിലെ ഡയലോഗ് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് പോപ്പര്‍സ്റ്റോപ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്.
ഹോളിവുഡ് ക്ലാസിക് ചിത്രം ഗോഡ്ഫാദറിലെ ‘I’m gonna make him an offer he can’t refuse,’ എന്ന ഡയലോഗ് പുണ്യാളന്‍ സിനിമയില്‍ വന്നത് മനുപൂര്‍വം ചെയ്തതല്ല എന്നാണ് സംവിധായകന്‍ പറയുന്നത്. വിജയരാഘവന്റെ കഥാപാത്രമാണ് പുണ്യാളനില്‍ സമാനമായ ഡയലോഗ് പറയുന്നത്.
”പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ അതില്‍ വിജയരാഘവന്‍ ചേട്ടന്റെ ഒരു ഡയലോഗുണ്ട്. let’s give him an offer that he can’t refuse.
ഞാനത് ചുമ്മാ എഴുതിയ ഡയലോഗായിരുന്നു. സത്യമായിട്ടും ഗോഡ്ഫാദറിലെ ആ ഡയലോഗ് ഓര്‍ത്തിട്ടെഴുതിയതല്ല. ഗോഡ്ഫാദറില്‍ ഇത് കണ്ടിട്ടുണ്ട്. പക്ഷെ കണ്ടിട്ടുണ്ടെങ്കിലും ആ ഡയലോഗ് എനിക്ക് ഓര്‍മയില്ലായിരുന്നു.
ആ സിറ്റുവേഷനില്‍ വന്ന ഡയലോഗ് എഴുതി എന്നേയുള്ളൂ. എഴുത്ത് സ്വാഭാവികമായും വരുന്നതാണല്ലോ. ഒരു ഫ്‌ളോയില്‍ അങ്ങോട്ട് എഴുതുന്നതാണ് എന്റെ എഴുത്തിന്റെ ഒരു പ്രോസസ്. അപ്പൊ ഈ ഗോഡ്ഫാദര്‍ സിനിമയോ അതിലെ ഡയലോഗോ ഒന്നും ഓര്‍മയിലുണ്ടാവില്ല. പിന്നെ ഈ സിനിമകളെല്ലാം കണ്ടത് സബ്‌കോണ്‍ഷ്യസായി മനസില്‍ എവിടെയെങ്കിലും കിടക്കുന്നുണ്ടാകും.
ചില സിനിമകളില്‍ പക്ഷെ ബോധപൂര്‍വം ചെയ്ത ചില കാര്യങ്ങളുണ്ട്. പക്ഷെ അതൊന്നും ആര്‍ക്കും മനസിലായിട്ടുമില്ല. രാമന്റെ ഏദന്‍തോട്ടം എന്ന സിനിമയില്‍ ഒരു സീനുണ്ട്. ഒരു പാത്രത്തില്‍ ബ്രേക്ക്ഫാസ്റ്റ് കൊണ്ടുവെക്കുന്നു. അനു സിതാര അവതരിപ്പിച്ച മാലിനി എന്ന കഥാപാത്രത്തിന് പുട്ട് കൊണ്ടുകൊടുക്കുകയാണ്. അത് കഴിഞ്ഞ് ഇവള്‍ക്ക് പോകണം.
ആ സമയത്ത് മാലിനിയുടെ ഒരു ഡയലോഗുണ്ട്, You have no emotions എന്ന്. അതേ ഡയലോഗ് ബ്രിഡ്ജസ് ഓഫ് മാഡിസണ്‍ കൗണ്ടി (The Bridges of Madison County) എന്ന സിനിമയിലുമുണ്ട്,” രഞ്ജിത് ശങ്കര്‍ പറഞ്ഞു.