ഞാന്‍ എങ്ങനെ ഹാന്‍ഡില്‍ ചെയ്യും, ചിലപ്പോള്‍ ഇമോഷണല്‍ ആയിപ്പോകും എന്നായിരുന്നു ഭാവന പറഞ്ഞത്; അഭിനേത്രിയെ കൊണ്ട് വന്ന് ഡ്രാമ കാണിക്കുകയായിരുന്നില്ല: രഞ്ജിത്
തിരുവനന്തപുരം: ഇന്നലെയായിരുന്നു കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ഉദ്ഘാടന വേദിയില്‍ അതിഥിയായി നടി ഭാവന എത്തിയത്. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു വേദിയിലേക്കുള്ള ഭാവനയുടെ കടന്നുവരവ്. വേദിയില്‍ ഭാവന എത്തുന്നതുവരെ മാധ്യമങ്ങള്‍ പോലും ഈ വിവരം അറിഞ്ഞിരുന്നില്ല. ഭാവനയെ ഐ.എഫ്.എഫ്.കെ പരിപാടിയിലേക്ക് ക്ഷണിച്ചതിനെ കുറിച്ച് പറയുകയാണ് ചലചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്
അഭിനേത്രിയെ കൊണ്ട് വന്ന് ഡ്രാമ കാണിക്കുകയൊന്നുമല്ല ചെയ്തതെന്നും ഭീകരാക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട ലിസ ചലാന്‍ എന്ന കുര്‍ദിഷ് സംവിധായികയെ ക്ഷണിച്ച് അവര്‍ക്ക് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കുന്നതിനെ കുറിച്ചായിരുന്നു ആദ്യം ചിന്തിച്ചതെന്നും രഞ്ജിത് പറഞ്ഞു.
‘ഇക്കാര്യം അക്കാദമിയിലെ സഹപ്രവര്‍ത്തകരുമായി പങ്കുവെച്ചപ്പോള്‍ കിട്ടിയ പ്രതികരണം ശക്തമായിരുന്നു. അവിടെ നിന്നാണ് എന്തുകൊണ്ട് ഭാവനയെ ക്ഷണിച്ചുകൂടാ എന്നൊരു ചിന്ത വന്നത്.
എന്നാല്‍ കൂടെ ഉള്ളവര്‍ക്ക് അവര്‍ വരുമോ എന്നൊരു സംശയമായിരുന്നു. പക്ഷേ ഞാന്‍ നേരിട്ട് വിളിക്കാമെന്ന് പറഞ്ഞു. അവര്‍ക്ക് എന്നെ അറിയാം. വിളിച്ചപ്പോള്‍ അവര്‍ ആദ്യം പങ്കുവെച്ച ആശങ്ക മാധ്യമങ്ങളും ചോദ്യങ്ങളുമെല്ലാം ഉണ്ടാവുമെന്ന കാര്യമായിരുന്നു. ഒരു കാര്യം ഉറപ്പുതരാമെന്നും ഭാവനയ്ക്ക് വേണ്ടി ഇത് രഹസ്യമായി വെക്കുമെന്നും പറഞ്ഞു.
ആ സിറ്റുവേഷന്‍ എങ്ങനെ ഹാന്‍ഡില്‍ ചെയ്യും, ചിലപ്പോള്‍ ഞാന്‍ ഇമോഷണല്‍ ആയിപ്പോകുമെന്ന് അവര്‍ പറഞ്ഞു. അത് വിട്ടുകള, ആരും അറിയാന്‍ പോകുന്നില്ല എന്ന് പറഞ്ഞു. അങ്ങനെയാണ് അവര്‍ സമ്മതിച്ചത്.
അതിനകത്ത് ഒരു മെലോഡ്രാമയൊന്നും വേണ്ട. സ്വാഭാവികമായി അവര്‍ വരുന്നു. പക്ഷേ ഇന്നലെ ഭാവന വേദിയിലേക്ക് വരുമ്പോള്‍ ഉണ്ടായ ആ കരഘോഷവും എഴുന്നേറ്റ് നിന്ന് ആളുകള്‍ അവരെ സ്വീകരിച്ചതും എത്രമാത്രം ആ പെണ്‍കുട്ടിയെ ആളുകള്‍ ഇഷ്ടപ്പെടുന്നു എന്നതിന് തെളിവാണ്.
എത്രകാലം മറ്റുപേരുകള്‍ ഇട്ടുകൊണ്ട്, അവരുടെ പേര് പറയാതെ ഇരിക്കും. അവരെ കുറിച്ച് പ്രസംഗിച്ചോ ലേഖനമെഴുതിയോ അല്ലല്ലോ, ശരിക്കും അവരെ ഒന്ന് പുറത്തേക്ക് കൊണ്ടുവരാനുള്ള ധൈര്യം അവര്‍ക്ക് നല്‍കുകയല്ലേ വേണ്ടത്. അതാണ് ചിന്തിച്ചത്. ആ ചിന്തയുടെ പേരിലാണ് ആ തോന്നലുണ്ടായതും വിളിക്കാന്‍ പറ്റിയതും, രഞ്ജിത് പറഞ്ഞു.