അന്ന് ലാലിന് 22 വയസാണ് പ്രായം, ഈ മത്തങ്ങ പോലുള്ള മോന്ത വെച്ച് എങ്ങനെ അഭിനയിക്കാനാണെന്ന് സംവിധായകന്‍ ചോദിച്ചു: രാധാകൃഷ്ണന്‍
Film News
അന്ന് ലാലിന് 22 വയസാണ് പ്രായം, ഈ മത്തങ്ങ പോലുള്ള മോന്ത വെച്ച് എങ്ങനെ അഭിനയിക്കാനാണെന്ന് സംവിധായകന്‍ ചോദിച്ചു: രാധാകൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st May 2023, 1:39 pm

മോഹന്‍ലാലിനെ പറ്റി കലാസംവിധായകനും സംവിധായകനുമായ രാധാകൃഷ്ണന്‍ സംസാരിക്കുന്ന വീഡിയോ ശ്രദ്ധ നേടുന്നു. മോഹന്‍ലാലിന്റെ 63ാം പിറന്നാള്‍ ദിനത്തിലാണ് അദ്ദേഹത്തിന്റെ തുടക്കകാലത്തെ പറ്റി സംവിധായകന്‍ സംസാരിക്കുന്ന വീഡിയോ വൈറലാവുന്നത്.

22 വയസുള്ള മോഹന്‍ലാലിന്റെ മുഖത്ത് നോക്കി ഒരു സംവിധായകന്‍ മത്തങ്ങ മോന്തയാണെന്ന് പറഞ്ഞെന്നും താന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കാന്‍ നിര്‍മാതാവ് സമ്മതിച്ചില്ല എന്നും രാധാകൃഷ്ണന്‍ പറഞ്ഞു. അടൂര്‍ ഭാസിയെ കടത്തിവെട്ടുമെന്ന് വിചാരിച്ചെങ്കിലും ഹീറോ ആകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

‘തിരുവനന്തപുരത്ത് ചെത്തി നടക്കുക എന്നതല്ലാതെ സിനിമയെ കുറിച്ച് മോഹന്‍ലാലിന് അന്ന് വലിയ ഒരു ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ ലാലിനെ പലരേയും കൊണ്ട് പരിചയപ്പെടുത്തി. ഹരിഹരന്‍മാഷ്, ഐ.വി. ശശി, ശശികുമാര്‍ അങ്ങനെ പലര്‍ക്കും പരിചയപ്പെടുത്തി. കൊള്ളാം തരക്കേടില്ല എന്നൊക്കെ അവര്‍ പറഞ്ഞു.

അതില്‍ ഒരു സംവിധായകന്‍ കളിയാക്കിയിട്ടുണ്ട്. ഈ മത്തങ്ങ പോലെയുള്ള മോന്ത വെച്ച് എങ്ങനെ അഭിനയിക്കാനാണ്,
നിങ്ങള്‍ ഒരു ആര്‍ട്ടിസ്റ്റല്ലേ, നിങ്ങള്‍ക്ക് എന്താ മനസിലാവില്ലേ എന്ന് ചോദിച്ചു. എല്ലാവരും സുന്ദരന്മാരാവണമെന്ന് ഇല്ലല്ലോ. മിനിമം അടൂര്‍ ഭാസിയെ കടത്തിവെട്ടും എന്ന് ഞാന്‍ വിചാരിച്ചു. ഹീറോ ആകുമെന്ന പ്രതീക്ഷ അന്ന് എനിക്ക് ഇല്ല.

ഞാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാലിനെ നായകനാക്കാമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കാന്‍ നിര്‍മാതാക്കള്‍ സമ്മതിച്ചില്ല. യാമം എന്നൊരു സിനിമ തുടങ്ങി. അതില്‍ ശങ്കറും മോഹന്‍ലാലും ഉണ്ട്. ആക്ഷന്‍ ഹീറോ പോലെയുള്ള സാധനങ്ങള്‍ മോഹന്‍ലാലിനാണ്. ഡ്രമാറ്റിക് സാധനങ്ങള്‍ ശങ്കറിനും. ലാലിന്റെ കാര്യത്തില്‍ നിര്‍മാതാവിന് സംശയമായിരുന്നു. മക്കളോടൊക്കെ ഒന്ന് ചോദിക്കട്ടെ എന്ന് പറഞ്ഞു. അവര്‍ക്കൊന്നും വേണ്ട, ആ പടം നാല് കൊല്ലം കിടന്നു. രാജാവിന്റെ മകന്‍ കഴിഞ്ഞപ്പോഴാണ് ഈ പടത്തിന് ആള് വന്നത്,’ രാധാകൃഷ്ണന്‍ പറഞ്ഞു.

Content Highlight: director radhakrishnan about an old experience about mohanlal