Advertisement
Malayalam Cinema
ഇന്നലെ രാത്രി നീ എന്നോട് സംസാരിച്ചപ്പോള്‍ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല...; ഡെന്നീസ് ജോസഫിന് ആദരാഞ്ജലികളുമായി പ്രിയദര്‍ശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 10, 04:44 pm
Monday, 10th May 2021, 10:14 pm

കൊച്ചി: തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ മരണ വാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. നിരവധി പേരാണ് ഡെന്നീസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

ഇന്നലെ രാത്രി നീ എന്നോട് സംസാരിച്ചപ്പോള്‍ ഒരിക്കലും വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ല, എന്നാണ് ഡെന്നീസിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളും സംവിധായകനുമായ പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ എഴുതിയത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയാണ് ഡെന്നീസിന്റെതായി തിയേറ്ററില്‍ എത്തിയ അവസാന ചിത്രം. സംവിധായകരായ ജീത്തു ജോസഫ്, മിഥുന്‍ മാനുവല്‍ തോമസ്, രഞ്ജിത് ശങ്കര്‍ നടന്മാരായ പൃഥ്വിരാജ്, അജു വര്‍ഗീസ്, ആന്റണി വര്‍ഗീസ്, നടി മഞ്ജു വാര്യര്‍ തുടങ്ങിയവരും ഡെന്നീസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

തിങ്കളാഴ്ച്ച വൈകീട്ടാണ് ഡെന്നീസ് ജോസഫ് ഹൃദയാഘാതം മൂലം അന്തരിച്ചത്. കോട്ടയത്തെ കാരിത്താസ് ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസായിരുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരെ സൂപ്പര്‍ താരങ്ങളാക്കി മാറ്റിയത് ഡെന്നിസിന്റെ സിനിമകളായിരുന്നു. 1985ല്‍ ജേസി സംവിധാനംചെയ്ത ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ഡെന്നിസ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. സംവിധായകരായ ജോഷി , തമ്പി കണ്ണന്തനം തുടങ്ങിയവരുടെ എക്കാലത്തെയും ഹിറ്റ് സിനിമകള്‍ എഴുതിയത് ഡെന്നീസ് ജോസഫ് ആയിരുന്നു.

നിറക്കൂട്ട്, ന്യൂദല്‍ഹി, രാജാവിന്റെ മകന്‍, കോട്ടയം കുഞ്ഞച്ചന്‍, ശ്യാമ, നമ്പര്‍ 20 മദ്രാസ് മെയില്‍, ആകാശദൂത്, എഫ്ഐആര്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ ഡെന്നീസ് ജോസഫ് ആയിരുന്നു.

മനു അങ്കിള്‍, അഥര്‍വം, അപ്പു, തുടര്‍കഥ, അഗ്രജന്‍ തുടങ്ങി അഞ്ചോളം സിനിമകള്‍ സംവിധാനം ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ