ദിലീപിനെ വെച്ച് സിനിമ ചെയ്യുന്ന അടൂരിന് ഡബ്ലൂ.സി.സി ഒരു വിമര്‍ശന വിഷയമായി മാറുന്നത് എന്തുകൊണ്ടാണെന്ന് അറിയാം: പ്രതാപ് ജോസഫ്
Malayalam Cinema
ദിലീപിനെ വെച്ച് സിനിമ ചെയ്യുന്ന അടൂരിന് ഡബ്ലൂ.സി.സി ഒരു വിമര്‍ശന വിഷയമായി മാറുന്നത് എന്തുകൊണ്ടാണെന്ന് അറിയാം: പ്രതാപ് ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th January 2023, 11:02 pm

കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്യുന്ന സ്ത്രീ തൊഴിലാളികളെ അധിക്ഷേപിച്ച് സംസാരിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന്റെ ചെയര്‍മാനും സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ പ്രതാപ് ജോസഫ്. ദിലീപിനെ വെച്ച് സിനിമ ചെയ്യുന്ന, അദ്ദേഹം കുറ്റക്കാരനല്ല എന്ന് പറയുന്ന അടൂര്‍ എന്തുകൊണ്ടാണ് ഡബ്ല്യു.സി.സി ഒരു വിമര്‍ശന വിഷയമാക്കുന്നതെന്ന് അറിയാമെന്ന് പ്രതാപ് ജോസഫ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഡബ്ല്യു.സി.സി അംഗങ്ങളെ പോലെ ഉടുത്തൊരുങ്ങി വന്ന തൊഴിലാളികള്‍ എന്ന് പറയുമ്പോള്‍ ഈ തൊഴിലാളികളെ മാത്രമല്ല സിനിമാ മേഖലയില്‍ ഉണ്ടായിട്ടുള്ള സ്ത്രീ മുന്നേറ്റങ്ങളെയാകെയാണ് അപമാനിക്കുന്നതെന്നും പ്രതാപ് ജോസഫ് പറഞ്ഞു.

‘പത്ത് ദിവസത്തെ പരിചയമാണ് കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി എനിക്ക് വ്യക്തിപരമായി ഉള്ളത്. സജിത മഠത്തില്‍ ആക്ടിങ് ഡിപ്പാര്‍ട്ട്‌മെന്റങിന്റെ ഹെഡായിരിക്കുന്ന സമയത്ത് ഒരു സിനിമാറ്റോഗ്രഫി വര്‍ക്ക്‌ഷോപ്പ് ചെയ്യാനാണ് ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തുന്നത്. അന്ന് നല്ല സിനിമകള്‍ അവിടെനിന്നും വന്നിരുന്നു.

ഡബ്ല്യു.സി.സി. അംഗങ്ങളെ പോലെ എന്ന് തുടങ്ങുന്ന ഒരു പ്രസ്താവന അടൂര്‍ നടത്തിയിട്ടുണ്ട്. സിനിമാ മേഖലയിലെ സ്ത്രീകള്‍ ഒരു സംഘടന രൂപീകരിക്കുകയും സിനിമാ മേഖലയിലെ അനീതികളെ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. ദിലീപിനെ വെച്ച് സിനിമ ചെയ്യുന്ന, അദ്ദേഹം കുറ്റക്കാരനല്ല എന്ന് പറയുന്ന അടൂര്‍ ആരെയാണ് സംരക്ഷിക്കുന്നത്. എന്തുകൊണ്ടാണ് ഡബ്ല്യു.സി.സി അടൂരിന് ഒരു വിമര്‍ശക വിഷയമായി മാറുന്നത് എന്നൊക്കെ നമുക്ക് അറിയാം.

ഡബ്ല്യു.സി.സി അംഗങ്ങള്‍ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോവുകയും അവിടുത്തെ വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഡബ്ല്യു.സി.സി അംഗങ്ങളെ പോലെ ഉടുത്തൊരുങ്ങി വന്ന തൊഴിലാളികള്‍ എന്ന് പറയുമ്പോള്‍ ഈ തൊഴിലാളികളെ മാത്രമല്ല അപമാനിക്കുന്നത്. കുറച്ച് വര്‍ഷങ്ങളായി സിനിമാ മേഖലയില്‍ ഉണ്ടായിട്ടുള്ള സ്ത്രീ മുന്നേറ്റങ്ങളെയാണ്,’ പ്രതാപ് ജോസഫ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഡബ്ല്യു.സി.സി. അംഗങ്ങളെ പോലെ ഉടുത്തൊരുങ്ങി വന്നാണ് ശുചീകരണ തൊഴിലാളികള്‍ അഭിമുഖങ്ങള്‍ നടത്തുന്നതെന്നും ഇപ്പോള്‍ വലിയ താരങ്ങളായെന്നുമാണ് അടൂര്‍ പറഞ്ഞിരുന്നത്.

Content Highlight: director prathap joseph criticizing adoor gopalakrishnan