'രജനികാന്തും മമ്മൂക്കയുമൊക്കെ പണ്ട്, എത്രയോ പേരുടെ മുമ്പിൽ ചാൻസ് ചോദിച്ച് പോയിട്ടുണ്ടാകും! അതിന്റെ പേരിൽ അന്ന് അവരെയാരും തഴഞ്ഞിട്ടുണ്ടാകില്ല'; അനില്‍ രാധാകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.ജി പ്രേംലാല്‍
Kerala
'രജനികാന്തും മമ്മൂക്കയുമൊക്കെ പണ്ട്, എത്രയോ പേരുടെ മുമ്പിൽ ചാൻസ് ചോദിച്ച് പോയിട്ടുണ്ടാകും! അതിന്റെ പേരിൽ അന്ന് അവരെയാരും തഴഞ്ഞിട്ടുണ്ടാകില്ല'; അനില്‍ രാധാകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.ജി പ്രേംലാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st November 2019, 11:45 am

പാലക്കാട് മെഡിക്കല്‍ കോളേജില്‍ കോളേജ് ഡേയ്ക്ക് മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട സിനിമാതാരം ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അധിക്ഷേപിച്ചതിനെ വിമര്‍ശിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്നത്തെ സൂപ്പര്‍ സ്റ്റാറുകളായ രജനീകാന്തും മമ്മൂട്ടിയുമൊക്കെ മുമ്പ് എത്രയോ പേരുടെ മുമ്പില്‍ ചാന്‍സ് ചോദിച്ച് പോയിട്ടുണ്ടാകുമെന്ന് സംവിധായകന്‍ പി.ജി. പ്രേംലാല്‍ പറഞ്ഞു.

അപ്പോള്‍ ഏതെങ്കിലുമൊരു സംവിധായകന്‍ പോലും ഇയാള്‍ എന്റെ പടത്തില്‍ ചാന്‍സ് ചോദിച്ച് വന്നിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ ഇയാളുമായി വേദി പങ്കിടില്ലെന്ന് പറഞ്ഞ് പരിപാടി ബഹിഷ്‌കരിച്ചിട്ടില്ലെന്നും പ്രേംലാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ‘മറിച്ച്, അവരെ ചേര്‍ത്തുപിടിച്ച് സദസ്സിനോട് ‘ഇയാളെ നോക്കി വെച്ചോളൂ. നാളത്തെ നടനാണിയാള്‍.. താരമാണിയാള്‍’ എന്നേ പറഞ്ഞിട്ടുണ്ടാകൂ. അതൊരു വകതിരിവാണ്. വിവേകമാണ്. ഒരു സഹജീവിയോടുള്ള പരസ്പര ബഹുമാനമാണ്’, പ്രേംലാല്‍ പറഞ്ഞു.

ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ മാപ്പ് പറഞ്ഞിരുന്നു. താന്‍ കാരണം ബിനീഷിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് മാപ്പ് ചോദിക്കുന്നവെന്നാണ് അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പി.ജി പ്രേംലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

രജനികാന്തും മമ്മൂക്കയുമൊക്കെ പണ്ട്, എത്രയോ പേരുടെ മുമ്പില്‍ ചാന്‍സ് ചോദിച്ച് പോയിട്ടുണ്ടാകും! താരപദവിയിലേയ്ക്ക് നടന്നെത്തും മുമ്പ് വിക്രം എന്ന നടന്‍ എത്രയെത്ര വര്‍ഷങ്ങള്‍ ചെറുവേഷങ്ങള്‍ ചെയ്ത് തൃപ്തിയടയേണ്ടി വന്നിട്ടുണ്ട്.

ആദ്യകാലത്ത് .. താരമാകുന്നതിന് മുമ്പ് മമ്മുക്കയോ രജനികാന്തോ ഒരു വേദിയിലേയ്ക്ക് കയറി വരുന്നതു കണ്ട് ഏതെങ്കിലുമൊരു സംവിധായകന്‍ ‘ഇയാള്‍ എന്റെ പടത്തില്‍ ചാന്‍സ് ചോദിച്ചു നടന്നിട്ടുള്ള ആളാണ്. ഇയാളുടെ കൂടെ ഞാന്‍ വേദി പങ്കിടില്ല’ എന്നു പറഞ്ഞ് പരിപാടി ബഹിഷ്‌ക്കരിക്കാന്‍ തുനിഞ്ഞിരിക്കില്ല. മറിച്ച്, അവരെ ചേര്‍ത്തുപിടിച്ച് സദസ്സിനോട് ‘ഇയാളെ നോക്കി വെച്ചോളൂ. നാളത്തെ നടനാണിയാള്‍.. താരമാണിയാള്‍! ‘ എന്നേ പറഞ്ഞിട്ടുണ്ടാകൂ. അതൊരു വകതിരിവാണ്.വിവേകമാണ്.ഒരു സഹജീവിയോടുള്ള പരസ്പര ബഹുമാനമാണ്.

വെള്ളിയാഴ്ച, റിലീസ് ദിവസം ആദ്യ ഷോയുടെ അഭിപ്രായം പുറത്തു വരുന്ന നിമിഷം ഒരു മനുഷ്യന്റെ വിജയപരാജയങ്ങളുടെ ചരിത്രവും ജീവിതവും തന്നെ മാറ്റി മറിക്കപ്പെടുമെന്ന സിനിമയുടെ അനിശ്ചിതാനുഭവങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് സാമാന്യബുദ്ധിയുള്ള ഒരാള്‍ക്ക്, പ്രത്യേകിച്ച് സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് ഉണ്ടാകേണ്ടതാണ്. അതു പോകട്ടെ…
മനുഷ്യത്വം എന്ന ഒന്നുണ്ടല്ലോ..! പരമപ്രധാനം അതുതന്നെയാണല്ലോ. അവിടെയും താങ്കള്‍ വല്ലാതെ നിരാശപ്പെടുത്തിക്കളഞ്ഞല്ലോ, മിസ്റ്റര്‍ മേനോന്‍!

മനുഷ്യന്റെ ഒറ്റയാള്‍പ്രതിഷേധങ്ങള്‍ക്കപ്പുറം കാലം ഒരുക്കുന്ന ചില വേദികളുണ്ട്.അവിടെ ഓരോരുത്തരുടെയും റോള്‍ എന്താണെന്ന് കാലത്തിനു മാത്രമേ അറിയൂ.ആ തിരിച്ചറിവ് ഉണ്ടായാല്‍ പരസ്പര ബഹുമാനം എന്ന വാക്കിന്റെ അര്‍ത്ഥമെന്തെന്നു പഠിക്കാം.
അതു പഠിച്ചാല്‍… പിന്നെയൊരിക്കല്‍, ഇന്ന് കണ്ണീരോടെ ഇറങ്ങിപ്പോകേണ്ടി വന്നവര്‍ക്കു വേണ്ടിക്കൂടി കെട്ടിയുയര്‍ത്തപ്പെടുന്ന വേദികളില്‍ വമ്പന്‍ കളിയാട്ടങ്ങള്‍ അരങ്ങേറുമ്പോള്‍ ഒരു മൂലയില്‍ തൂണും ചാരി, ആത്മവേദനയോടെ കാഴ്ചയും കണ്ട് നില്‍ക്കേണ്ടി വരില്ല.

#SupportBineeshBastin

(ക്ഷണിച്ചുവരുത്തിയ അതിഥിയുടെ മാനാഭിമാനത്തിന്റെയൊപ്പം നില്ക്കാനുള്ള അന്തസ്സും നട്ടെല്ലും കാണിക്കാതിരുന്ന കോളേജ് യൂണിയനോടും പ്രിന്‍സിപ്പാളടക്കമുള്ളവരോടും പ്രതിഷേധം മാത്രം).

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ