അസിസ്റ്റന്റ് ഡയറക്ടറായി സിനിമലേക്കെത്തിയ ആളാണ് ജി. മാര്‍ത്താണ്ഡന്‍. മമ്മൂട്ടിയെ നായകനാക്കി ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെയാണ് മാര്‍ത്താണ്ഡന്‍ സ്വതന്ത്ര സംവിധായകനാകുന്നത്. പിന്നീട് അച്ഛാ ദിന്‍, പാവാട, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. മമ്മൂട്ടിക്കതിരെ അടുത്തിടെ നടന്ന സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിക്കുകയാണ് മാര്‍ത്താണ്ഡന്‍.
മമ്മൂട്ടി എന്ന നടന് ഒരൊറ്റ മതമേയുള്ളൂവെന്നും അത് സിനിമയാണെന്നും മാര്‍ത്താണ്ഡന്‍ പറഞ്ഞു. തന്റെ ആദ്യ ചിത്രമായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസില്‍ യേശുക്രിസ്തുവായി അഭിനയിക്കുന്ന ഒരാളുടെ കഥാപാത്രമാണ് മമ്മൂട്ടി ചെയ്തതെന്നും മതത്തിന് പ്രാധന്യം കൊടുക്കുന്നയാളാണെങ്കില്‍ അദ്ദേഹത്തിന് ആ വേഷം വേണ്ടെന്ന് വെക്കാമായിരുന്നെന്നും മാര്‍ത്താണ്ഡന്‍ പറഞ്ഞു.
നോമ്പിന്റെ സമയത്താണ് മമ്മൂട്ടി ആ വേഷം ചെയ്തതെന്നും അതിന്റെ പ്രൊഡ്യൂസറും ഒരു മുസ്‌ലിം മതവിശ്വാസിയായിരുന്നെന്നും മതമാണ് മുഖ്യമെന്ന് കരുതുന്നവരാണെങ്കില്‍ അതില്‍ നിന്ന് പിന്മാറാമായിരുന്നെന്നും മാര്‍ത്താണ്ഡന്‍ കൂട്ടിച്ചേര്‍ത്തു. ഓണ്‍ലുക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് മാര്‍ത്താണ്ഡന്‍ ഇക്കാര്യം പറഞ്ഞത്.
‘മമ്മൂക്കയുടെ മതത്തിന്റെ പേരില്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് ശരിയായ നടപടിയല്ല. 45 വര്‍ഷത്തിലധികമായി സിനിമക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന് ഒരൊറ്റ മതമേയുള്ളൂ, അത് സിനിമയാണ്. അതിലേക്ക് മതം കുത്തിക്കയറ്റി മമ്മൂക്കയെ വിമര്‍ശിക്കുന്നവരുടെ ഉദ്ദേശം വേറെ എന്തൊെക്കയോ ആണ്.
എന്റെ ആദ്യത്തെ സിനിമയായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസില്‍ യേശുക്രിസ്തുവിന്റെ വേഷത്തില്‍ മമ്മൂക്ക വരുന്നുണ്ട്. സ്വന്തം മതമാണ് അദ്ദേഹത്തിന് വലുതെങ്കില്‍ ആ സീന്‍ മാറ്റാന്‍ പറയാമായിരുന്നു. പക്ഷേ അദ്ദേഹമത് ചെയ്തില്ല. അതുപോലെ ആ സിനിമയുടെ പ്രൊഡ്യൂസര്‍ ലത്തീഫ് മുസ്‌ലിം മതവിശ്വാസിയാണ്. ഞാനാണെങ്കില്‍ ഒരു ഹിന്ദുവാണ്. സ്വന്തം മതമാണ് ഞങ്ങള്‍ക്ക് വലുതെങ്കില്‍ ആ സിനിമ നടക്കില്ലായിരുന്നു. സിനിമയെയും മതത്തെയും കൂട്ടിക്കുഴക്കുന്ന ചിലരുടെ ഉദ്ദേശം മറ്റ് പലതുമാണ്,’ മാര്‍ത്താണ്ഡന്‍ പറഞ്ഞു.
Content Highlight: Director Marthandan reacts to the cyber attack against Mammootty