പല കാരണങ്ങളും പറഞ്ഞ് ആ നടി ഒഴിഞ്ഞുമാറി; മകനാകുന്നത് മമ്മൂട്ടിയാണെന്ന് അറിഞ്ഞതോടെ ഓക്കെ പറഞ്ഞു: കമല്‍
Entertainment
പല കാരണങ്ങളും പറഞ്ഞ് ആ നടി ഒഴിഞ്ഞുമാറി; മകനാകുന്നത് മമ്മൂട്ടിയാണെന്ന് അറിഞ്ഞതോടെ ഓക്കെ പറഞ്ഞു: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th December 2024, 10:26 pm

കമല്‍ സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രാപ്പകല്‍. മമ്മൂട്ടി നായകനായ ഈ സിനിമയില്‍ ശാരദ, നയന്‍താര, ബാലചന്ദ്രമേനോന്‍ തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്. ടി.എ. റസാക്ക് ആയിരുന്നു രാപ്പകലിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വഹിച്ചത്.

ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്ന സിനിമയാണ് രാപ്പകലെന്നും എന്നാല്‍ വളരെ കുറച്ച് മാത്രം ലൊക്കേഷനുകളായിരുന്നു ഉണ്ടായിരുന്നതെന്നും പറയുകയാണ് സംവിധായകന്‍ കമല്‍. താന്‍ കരിയറില്‍ ഏറ്റവും അധികം എന്‍ജോയ് ചെയ്തത് രാപ്പകല്‍ സിനിമ സംവിധാനം ചെയ്യുമ്പോള്‍ ആണെന്നും അദ്ദേഹം പറയുന്നു.

സിനിമയില്‍ ശാരദക്ക് പകരം ആദ്യം തീരുമാനിച്ചത് നടി ഷീലയെ ആയിരുന്നെന്നും മനസ്സിനക്കരെ എന്ന സിനിമയില്‍ ഷീല സമാനമായ കഥാപാത്രം ചെയ്തത് കൊണ്ടാണ് പകരം ശാരദയെ കൊണ്ടുവന്നതെന്നും കമല്‍ പറഞ്ഞു. മമ്മൂട്ടിയുടെ അമ്മയുടെ കഥാപാത്രമാണെന്ന് കേട്ടപ്പോള്‍ ശാരദ കഥയൊന്നും കേള്‍ക്കാതെ തന്നെ സമ്മതിക്കുകയായിരുന്നെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമക്ക് ശേഷം ചെയ്ത സിനിമയായിരുന്നു രാപ്പകല്‍. കരിയറില്‍ ഞാന്‍ ഏറ്റവും അധികം എന്‍ജോയ് ചെയ്തത് രാപ്പകല്‍ സിനിമ സംവിധാനം ചെയ്തപ്പോഴാണ്. അതില്‍ ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വളരെ കുറച്ച് മാത്രം ലൊക്കേഷനുകളായിരുന്നു ഉണ്ടായിരുന്നത്.

ഇതില്‍ അമ്മയുടെ വേഷത്തിലേക്ക് ആദ്യം കരുതിയത് ഷീലയെ ആയിരുന്നു. എന്നാല്‍ മനസ്സിനക്കരെ എന്ന സിനിമയില്‍ ഇതുപോലൊരു കഥാപാത്രം അവര്‍ ചെയ്തിരുന്നു. അതുകൊണ്ട് അമ്മയായി ഷീല വേണ്ടയെന്ന് തീരുമാനിച്ചു.

അതിന് ശേഷം ഞങ്ങളുടെ മുന്നില്‍ ഉണ്ടായിരുന്ന അടുത്ത ഓപ്ഷന്‍ ശാരദയായിരുന്നു. ആ സമയത്ത് അവര്‍ ആന്ധ്രയിലെ എം.പിയായിരുന്നു. സിനിമയുടെ കഥ പറയാന്‍ പോയപ്പോള്‍ അവര്‍ പല കാരണങ്ങളും പറഞ്ഞ് അതില്‍ നിന്ന് ഒഴിഞ്ഞുമാറി.

പാര്‍ലമെന്റില്‍ പോകണമെന്നും ആന്ധ്രയിലെ വനിതാകമ്മീഷന്റെ എന്തോ ചുമതലയുണ്ടെന്നും പറഞ്ഞു. ഒടുവില്‍ മമ്മൂട്ടിയുടെ അമ്മയുടെ കഥാപാത്രമാണെന്ന് പറഞ്ഞപ്പോഴാണ് അവര്‍ അഭിനയിക്കാന്‍ സമ്മതിച്ചത്. കഥയൊന്നും കേള്‍ക്കാതെ തന്നെ ശാരദ അന്ന് ഞങ്ങളോട് ഓക്കെ പറയുകയായിരുന്നു,’ കമല്‍ പറഞ്ഞു.

Content Highlight: Director Kamal Talks About Casting Of Sarada In Mammootty’s Rappakal Movie