മമ്മൂട്ടിക്കൊപ്പം ഗ്ലാമറസായാണ് നയന്‍താര ആ സിനിമയില്‍ എത്തിയത്, വേലക്കാരിയുടെ വേഷത്തിനായി വിളിച്ചപ്പോള്‍ പറഞ്ഞ മറുപടി ഇതാണ്: കമല്‍
Movie Day
മമ്മൂട്ടിക്കൊപ്പം ഗ്ലാമറസായാണ് നയന്‍താര ആ സിനിമയില്‍ എത്തിയത്, വേലക്കാരിയുടെ വേഷത്തിനായി വിളിച്ചപ്പോള്‍ പറഞ്ഞ മറുപടി ഇതാണ്: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th June 2024, 12:41 pm

മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് രാപ്പകല്‍. മമ്മൂട്ടി-കമല്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു. ഒരു വലിയ തറവാടും തറവാട്ടിലെ വേലക്കാരനായ കൃഷ്ണനും ആ വീട്ടിലെ അമ്മയുമായുള്ള ആത്മബന്ധത്തിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്.

കൃഷ്ണന്‍ എന്ന വേലക്കാരന്റെ കഥയാണെന്ന് പറഞ്ഞപ്പോള്‍ തന്നെ മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടിരുന്നെന്നും താന്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണെന്ന് പറഞ്ഞ് മമ്മൂക്ക ആ കഥാപാത്രത്തെ ഏറ്റെടുക്കുകയായിരുന്നെന്നും കമല്‍ പറയുന്നു. അതുപോലെ ചിത്രത്തിലേക്ക് ശാരദയും നയന്‍താരയും എത്തിയതിനെ കുറിച്ചും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ സംസാരിക്കുന്നുണ്ട്.

ഒരുപാട് ആര്‍ടിസ്റ്റുകള്‍ ഉള്ള സിനിമയാണ് ഇത്. വരിക്കാശേരിമനയില്‍ ഷൂട്ട് ചെയ്യാമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഒരുപാട് ഹിറ്റ് സിനിമകളില്‍ വന്നതുകൊണ്ട് തന്നെ വേറൊരു രീതിയില്‍ മനയെ കാണിക്കണമെന്ന് ആലോചിച്ചിരുന്നു. അത്തരത്തില്‍ വലിയൊരു വരാന്തയൊക്കെ ആര്‍ട് ടീമിനെ കൊണ്ട് സെറ്റ് ചെയ്യിപ്പിച്ചു രൂപമൊക്കെ മാറ്റിയെടുത്തു.

നയന്‍താരയും ഗീതുമോഹന്‍ദാസുമാണ് ചിത്രത്തിലെ പ്രധാന ഹീറോയിനുകള്‍. അമ്മയുടെ കഥാപാത്രം ചെയ്യാന്‍ ശാരദ അല്ലെങ്കില്‍ ഷീലയെ വിളിക്കാമെന്ന് ആലോചിച്ചു. മനസിനക്കരെ വന്നതുകൊണ്ട് ഷീല വേണ്ട എന്ന് തീരുമാനിച്ചു. അങ്ങനെ ശാരദ ചേച്ചിയെ വിളിക്കാന്‍ തീരുമാനമായി.

ഞാനാണ് അവരെ ഫോണില്‍ വിളിക്കുന്നത്. കുറേക്കാലമായി അവര്‍ മലയാള സിനിമയിലാന്നും അഭിനയിച്ചിട്ടില്ല. ഞാന്‍ സംസാരിച്ചപ്പോള്‍, ഇപ്പോള്‍ അഭിനയിച്ചിട്ട് കുറേ കാലമായെന്ന് പറഞ്ഞു. ആ സമയത്ത് അവര്‍ ആന്ധ്രയില്‍ നിന്നുള്ള എം.പിയാണ്. പാര്‍ലമെന്റൊക്കെയായി തിരക്കുണ്ട് ഒന്നിനും സമയമില്ല. അഭിനയത്തെ കുറിച്ച് ആലോചിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞു.

ചേച്ചി ഒന്ന് കഥ കേട്ട് നോക്കൂ. മമ്മൂട്ടിയാണ് പ്രധാനവേഷം ചെയ്യുന്നത എന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടിയാണോ എന്ന് ചോദിച്ച് അവര്‍ എക്‌സൈറ്റഡായി. ഞാന്‍ ഇതുവരെ മമ്മൂട്ടിയുമായി മീറ്റ് ചെയ്തിട്ട് പോലുമില്ല. മമ്മൂട്ടിയാണെങ്കില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും പറഞ്ഞു. മമ്മൂട്ടി ഒരു ഗംഭീര ആക്ടര്‍ ആണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെന്നും പറഞ്ഞു.

പിന്നെ കഥയും കേട്ടില്ല ഒന്നും കേട്ടില്ല. ഓക്കെയാണെന്ന് പറഞ്ഞു. എങ്കിലും ഞാന്‍ കഥ പറഞ്ഞു. കഥ അവര്‍ക്ക് ഒരുപാട് ഇഷ്ടമായി. വലിയ തിരക്കിലായിരുന്നിട്ടും പാര്‍ലമെന്റ് സെഷനൊക്കെ മാറ്റിവെച്ച് അവര്‍ വന്നു.

അതുപോലെ നയന്‍താര അന്ന് തമിഴില്‍ അഭിനയിച്ചു തുടങ്ങി ഹീറോയിന്‍ ആയിക്കൊണ്ടിരിക്കുകയാണ്. തൊട്ടുമുന്‍പ് മലയാളത്തില്‍ തസ്‌കര വീരനില്‍ മമ്മൂട്ടിക്കൊപ്പം ഗ്ലാമറസായുള്ള ഒരു വേഷത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. നയന്‍താരയോട് ഈ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ക്ക് ഒരു പ്രശ്‌നവുമില്ല.

ജനുവിനായ കഥാപാത്രം ചെയ്യാന്‍ വളരെ ആഗ്രഹമാണെന്ന് പറഞ്ഞ് വന്ന് അഭിനയിക്കുകായിരുന്നു. ഗീതുവും അങ്ങനെ തന്നെയായിരുന്നു വിജയരാഘവന്‍ മുതല്‍ ബാലചന്ദ്രമേനോന്‍ മുതല്‍ എല്ലാവരും അതില്‍ ഉണ്ട്.

കൃഷ്ണഗുഡിയില്‍ ബാലചന്ദ്രമേനോനുമായി ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. കഥ കേട്ടപ്പോള്‍ അദ്ദേഹത്തിനും ഇഷ്ടമായി. അങ്ങനെയാണ് ഷൂട്ട് തുടങ്ങുന്നത്. വലിയൊരു കാസ്റ്റിങ് ആയിരുന്നു. രണ്ട് വലിയ വാനിലാണ് ആര്‍ടിസ്റ്റുകളൊക്കെ ലൊക്കേഷനിലേക്ക് വരിക. അതൊക്കെ നല്ല ഓര്‍മകളായിരുന്നു,’ കമല്‍ പറഞ്ഞു.

Content Highlight: Director Kamal About Nayanthara and Mammootty and Rappakal Movie