മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ഇബ്രാഹിം ഹസ്സന്‍. മമ്മൂട്ടിയോട് ഒരു മൂത്ത ജ്യേഷ്ഠനോടെന്ന പോലെ ബഹുമാനം കലര്‍ന്ന സ്‌നേഹമാണെന്നും മോഹന്‍ലാല്‍ എപ്പോഴും ഒരു സുഹൃത്തിനെപ്പോലെയാണ് പെരുമാറുന്നതെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇബ്രാഹിം പറഞ്ഞു.
‘മമ്മൂക്കയും ലാലേട്ടനും തമ്മില്‍ ആനയും ആടും പോലെയുള്ള വ്യത്യാസമുണ്ട്. ലാലേട്ടന്‍ എപ്പോഴും ഒരു സുഹൃദ് ബന്ധം കീപ്പ് ചെയ്ത് നമ്മുടെ കൂടെ നിക്കും. മമ്മൂക്കയും കൂടെ നിക്കും, പക്ഷേ അങ്ങനെ കൂടെ നിക്കുവാണെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. നമ്മളൊക്കെ അച്ഛന്റെയടുത്തോ അല്ലെങ്കില്‍ മൂത്ത ജ്യേഷ്ഠന്റെ അടുത്തോ ചെല്ലുമ്പോള്‍ ഒരു ഭയമുണ്ടാവുമല്ലോ. അത് മമ്മൂക്കയോട് എപ്പോഴും തോന്നും. പക്ഷേ അച്ഛനും മൂത്ത ജ്യേഷ്ഠനുമൊക്കെ ഏറ്റവും പാവങ്ങളാണെന്ന വിവരം അടുക്കുമ്പോഴേ നമുക്ക് മനസിലാവുകയുള്ളൂ.
മൂത്ത ജ്യേഷ്ഠനോട് പേടി കാണും, കാരണം ജ്യേഷ്ഠന്‍ ഇപ്പോഴും തല്ല് തരും, അല്ലെങ്കില്‍ വഴക്ക് പറയും. അത് മനസില്‍ കിടക്കുന്നത് കൊണ്ട് ഒരു ബഹുമാനം ഉണ്ടാവും. അതുപോലെ മമ്മൂക്കയോട് ഒരു സ്വന്തം ചേട്ടന്‍ എന്ന ബഹുമാനമാണ് മനസില്‍ കിടക്കുന്നത്. സ്‌നേഹവും പേടിയും എല്ലാം കൂടി ചേര്‍ന്ന ഒരു വികാരമാണ്.
പക്ഷേ ലാലേട്ടന്‍ അങ്ങനെയല്ല, ഒരു പത്ത് മിനിട്ട് കിട്ടിയാല്‍ ഒരു പതിനൊന്ന് കോമഡി പറഞ്ഞ് നമ്മുടെ ഇഷ്ടം പിടിച്ച് പറ്റും. നമുക്ക് ഒരു കമ്പനി തന്ന് തന്നെയാണ് ലാലേട്ടന്‍ പോകുന്നത്. രണ്ടുപേര്‍ക്കും നല്ല തങ്കപ്പെട്ട മനസാണ്,’ ഇബ്രാഹിം പറഞ്ഞു.
സെറ്റില്‍ വെച്ച് മമ്മൂട്ടിക്ക് ദേഷ്യം വരുന്ന അനുഭവങ്ങളുും ഇബ്രാഹിം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘മമ്മൂക്കക്ക് ചിലപ്പോള്‍ ദേഷ്യം വരാറുണ്ട്. ചിലത് ചിന്തിക്കാതെയായിരിക്കും പറയുന്നത്. എന്നാല്‍ അടുത്ത നിമിഷം തന്നെ തിരിച്ച് വരും. ഒരു സെറ്റില്‍ ഒരാളോട് ദേഷ്യപ്പെട്ടാല്‍ പോലും അയാളോട് അതിന്റെ കാര്യം കണ്‍വിന്‍സ് ചെയ്തിട്ടോ അതല്ലെങ്കില്‍ സോറി പ്രകടിപ്പിച്ച് അയാളെ സമാധാനപ്പെടുത്തിയിട്ടോ മാത്രേമേ മമ്മൂക്ക പോവുകയുള്ളൂ. അല്ലാതൊരു ഉടക്കോ പ്രശ്നമോ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
മുണ്ടക്കയത്ത് പണ്ട് ഷൂട്ടിനിടക്ക് മമ്മൂക്കയെ ആരോ അനാവശ്യം പറഞ്ഞപ്പോള്‍ തിരിച്ച് അതുപോലെ തന്നെ പറഞ്ഞിട്ടുണ്ട്, മനുഷ്യനല്ലേ. അതിപ്പോള്‍ നമ്മളാണെങ്കിലും പറയുമല്ലോ, പറയണമല്ലോ, പറഞ്ഞില്ലെങ്കില്‍ പിന്നെ നമ്മള്‍ മനുഷ്യരാണോ? അത് അത്രേയുള്ളൂ. ചെമ്പ് എന്ന് പറയുന്ന ഗ്രാമത്തിലെ നന്മയുള്ള ഗ്രാമീണന്റെ മനസ് തന്നെയാണ് മമ്മൂക്കക്ക്. എത്ര കോട്ടിട്ടാലും എത്ര സ്യൂട്ടിട്ടാലും എത്ര ബി.എം.ഡബ്ല്യൂവിലോ ഓഡി കാറിലോ പോയാലും മമ്മൂക്കയുടെ മനസില്‍ ആ പാവം നാട്ടുമ്പുറത്തുകാരന്റെ നന്മ മാത്രമേയുള്ളൂ. അത് നേരിട്ട് അറിഞ്ഞാലേ മനസിലാവുകയുള്ളൂ. അത് പല സമയങ്ങളിലും അറിഞ്ഞ കൂട്ടത്തിലാണ് ഞാന്‍,’ ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു.
Content Highlight: director ibrahim hassan about mammootty and mohanlal