കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ബോബന്‍ സാമുവല്‍. പുണ്യാളനാകാന്‍ സ്വഭാവസര്‍ട്ടിഫിക്കറ്റോ കുലമഹിമയോ ആവശ്യമില്ല മനസാക്ഷി എന്നൊന്ന് ഉണ്ടായാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് തന്റെ സിനിമയായ റോമന്‍സ് ഇറങ്ങിയപ്പോള്‍ രണ്ട് കള്ളന്മാരെ പുണ്യാളന്‍മാരാക്കി എന്നുപറഞ്ഞ് എന്തൊക്കെ പുകില്‍ ആയിരുന്നുവെന്നും ഇപ്പോള്‍ ബിഷപ്പ് ഉള്‍പ്പെടെ കള്ളനെ പുണ്യാളനായി വാഴ്ത്തുന്നെന്നും ബോബന്‍ സാമുവല്‍ പറഞ്ഞു.
അഭയ കേസില്‍ സാക്ഷിയായ രാജുവിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ഇതാണ് ബോബന്‍ സാമുവല്‍ പരാമര്‍ശിച്ചത്. ഒരു കാര്യമെ ആ സിനിമയിലൂടെ ഞങ്ങളും പറഞ്ഞുള്ളു. പുണ്യാളനാകാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെ കാര്യമൊ കുലമഹിമയോ ആവശ്യമില്ല ‘മനസാക്ഷി’എന്നൊന്ന് ഉണ്ടായാല്‍ മതി എന്നും ബോബന്‍ പറഞ്ഞു.
2013ല്‍ ആയിരുന്നു റോമന്‍സ് റിലീസ് ആയത്. വൈ.വി. രാജേഷിന്റെ രചനയില്‍ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, നിവേദ തോമസ് എന്നിവരാണ് പ്രധാനവേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. ചാന്ദ് വി ക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവരായിരുന്നു ചിത്രം നിര്‍മ്മിച്ചത്.
ചിത്രം കത്തോലിക്കാ സമുദായത്തേയും പൗരോഹിത്യത്തേയും അവഹേളിക്കുന്നു എന്നാരോപിച്ച് അഡ്വ. ബോബന്‍ തെക്കേല്‍ എന്ന വ്യക്തി ഹരജി നല്‍കുകയും തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, പ്രധാന നടന്മാരായ കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ചങ്ങനാശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
ബോബന്‍ സാമുവലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
‘എന്റെ റോമന്‍സ് എന്ന സിനിമയില്‍ രണ്ട് കള്ളന്മാരെ പുണ്യാളന്‍മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകില്‍ ആയിരുന്നു. ഇപ്പോ ബിഷപ്പ് ഉള്‍പ്പടെ കള്ളനെ പുണ്യാളനായി വാഴ്ത്തുന്നു. ഒരു കാര്യമെ ആ സിനിമയിലൂടെ ഞങ്ങളും പറഞ്ഞുള്ളു. പുണ്യാളനാകാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെ കാര്യമൊ കുലമഹിമയോ ആവിശ്യമില്ല ‘മനസാക്ഷി’എന്നൊന്ന് ഉണ്ടായാല്‍ മതി, കാലമേ നന്ദി.’
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക