'എല്ലാത്തിനും കാരണം ആ നടിയുടെ പോരാട്ടം, ആരും അത് മറക്കരുത് '; ഓര്‍മപ്പെടുത്തി ഗീതു മോഹന്‍ദാസ്
Kerala News
'എല്ലാത്തിനും കാരണം ആ നടിയുടെ പോരാട്ടം, ആരും അത് മറക്കരുത് '; ഓര്‍മപ്പെടുത്തി ഗീതു മോഹന്‍ദാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th August 2024, 8:25 am

 

 

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയില്‍ കോളിളക്കം തുടരുകയും തലകള്‍ ഉരുളുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം ഓര്‍മപ്പെടുത്തി സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഗീതു മോഹന്‍ദാസ് ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടത്തെയും നിശ്ചിതദാര്‍ഢ്യത്തെയും കുറിച്ച് ഓര്‍മിപ്പിച്ചത്.

‘നമ്മള്‍ ഒരിക്കലും മറക്കരുത്, ഒരുവള്‍ പോരാടാന്‍ ഉറച്ചുനിന്നതോടെയാണ് ഇതിനെല്ലാം തുടക്കമായത്,’ എന്നായിരുന്നു ഗീതു മോഹന്‍ദാസിന്റെ കുറിപ്പ്.

കൊച്ചിയില്‍ കാറില്‍ വെച്ച് ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടി നല്‍കിയ പരാതിക്ക് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയോഗിച്ചത് എന്ന കാര്യമാണ് ഗീതു മോഹന്‍ദാസ് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിച്ചത്.

2019ല്‍ ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയില്‍ വന്‍ ചലനങ്ങളാണ് ഉണ്ടായിരിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും നടനും താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ സിദ്ധിഖുമടക്കമുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതിനിടയിലാണ് ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം ഗീതു മോഹന്‍ദാസ് ഓര്‍മിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതിക്ക് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നടന്‍ സിദ്ധിഖ് രാജിവെച്ചിരുന്നു.

ഈ ഘട്ടത്തില്‍ രാജിവെക്കുന്നതാണ് ഉചിതമെന്നും അല്ലാത്തപക്ഷം ഇത് സംഘടനക്ക് അവമതിപ്പുണ്ടാക്കുമെന്നും കാണിച്ചാണ് സിദ്ധിഖ് രാജിവെച്ചിരിക്കുന്നത്. മറ്റാരും ആവശ്യപ്പെട്ടിട്ടല്ല, മറിച്ച് സ്വയം സ്ഥാനത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിദ്ധിഖിന്റെ രാജിക്ക് പിന്നാലെ ചലചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത് രാജിവെക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. രാജിക്കത്ത് ഉടന്‍ കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.

 

Content Highlight: Director and actress Geetu Mohandas recalled the struggle after the release of the Hema Committee report