Advertisement
Cricket
രോഹിത്തിന് ശേഷം ഇന്ത്യയെ നയിക്കാൻ ആ രണ്ട് താരങ്ങൾക്ക് കഴിയും: ദിനേശ് കാർത്തിക്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 07, 05:09 am
Saturday, 7th September 2024, 10:39 am

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് വിജയത്തിന് ശേഷം രോഹിത് ശര്‍മ ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. കുട്ടിക്രിക്കറ്റിൽ രോഹിത്തിന്റെ പകരക്കാരനായി സൂര്യകുമാര്‍ യാദവിനെയാണ് പുതിയ ക്യാപ്റ്റനായി ബി.സി.സി.ഐ നിയമിച്ചത്.

എന്നാല്‍ ഏകദിനത്തിലും ടെസ്റ്റിലും രോഹിത് ഇന്ത്യയുടെ ക്യാപ്റ്റനായി തുടരും. അടുത്തവര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്നീ ടൂര്‍ണമെന്റുകളിലെല്ലാം രോഹിത് തന്നെയായിരിക്കും ഇന്ത്യയെ നയിക്കുക എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. ഇതിനുശേഷം രോഹിത് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി തുടരുമോ എന്ന ചര്‍ച്ചകളും നിലനില്‍ക്കുന്നുണ്ട്.

ഇപ്പോഴിതാ രോഹിത്തിന് ശേഷം ഇന്ത്യന്‍ ടീമിനെ നയിക്കേണ്ട താരങ്ങള്‍ ആരൊക്കെയാണെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. റിഷബ് പന്തിനെയും ശുഭ്മന്‍ ഗില്ലിനെയുമാണ് കാര്‍ത്തിക് തെരഞ്ഞെടുത്തത്.

‘ഇന്ത്യയെ മൂന്നു ഫോര്‍മാറ്റുകളിലും നയിക്കാന്‍ കഴിയുന്ന രണ്ട് താരങ്ങളുടെ പേര് എന്റെ മനസിലുണ്ട്. ഒന്ന് റിഷബ് പന്ത്, രണ്ട് ശുഭ്മന്‍ ഗില്‍. ഇരുവരും ഐ.പി.എല്‍ ടീമുകളുടെ ക്യാപ്റ്റന്‍മാരായതാണ്. കാലക്രമേണ അവര്‍ക്ക് ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റുകളിലേയും ക്യാപ്റ്റന്‍ ആവാനുള്ള അവസരമുണ്ടെന്ന് ഞാന്‍ കരുതുന്നു,’ ദിനേശ് കാര്‍ത്തിക് ക്രിക്ബസിലൂടെ പറഞ്ഞു.

ലോകകപ്പിന് ശേഷം നടന്ന സിംബാബ്‌വേക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയെ നയിച്ചിരുന്നത് ഗില്‍ ആയിരുന്നു. ടി-20 ലോകകപ്പ് വിജയിച്ച പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചുകൊണ്ട് ഒരുപിടി യുവനിരയുമായാണ് ഇന്ത്യ സിംബാബ്‌വേക്കെതിരെ കളിച്ചത്. പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെട്ട ഇന്ത്യ പിന്നീട് നടന്ന നാല് മത്സരങ്ങളും വിജയിച്ചുകൊണ്ട് ശക്തമായി തിരിച്ചുവരികയായിരുന്നു.

2024 ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായി ഗില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ തന്നെ കിരീടവും രണ്ടാം സീസണില്‍ ഫൈനലിസ്റ്റുകളുമായ ഗുജറാത്തിന് ഗില്ലിന്റെ കീഴില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. 14 മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയം മാത്രമേ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഗുജറാത്തിന് നേടാന്‍ സാധിച്ചുള്ളൂ.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനാണ് പന്ത്. കഴിഞ്ഞ സീസണില്‍ പന്തിന്റെ കീഴില്‍ 14 മത്സരങ്ങളില്‍ നിന്നും ഏഴ് വീതം വിജയവും തോല്‍വിയുമായി 14 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ദല്‍ഹി ഫിനിഷ് ചെയ്തിരുന്നത്.

 

Content Highlight: Dinesh Karthik Talks About The Next Indian Captain After Rohit Sharma