ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാര്? സൂര്യയോ ഹര്‍ദിക്കോ ബുംറയോ അല്ല; രണ്ട് താരങ്ങളെ പറഞ്ഞ് ഡി.കെ
Sports News
ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാര്? സൂര്യയോ ഹര്‍ദിക്കോ ബുംറയോ അല്ല; രണ്ട് താരങ്ങളെ പറഞ്ഞ് ഡി.കെ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 10th September 2024, 2:47 pm

 

ഐ.സി.സി ടി-20 ലോകകപ്പ് നേടിയതിന് പിന്നാലെ രോഹിത് ശര്‍മ ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ശേഷം നടന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ടി-20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ നയിച്ചത്.

ഏകദിനത്തിലും ടെസ്റ്റിലും രോഹിത് ശര്‍മ ഇന്ത്യയെ നയിക്കുമ്പോള്‍ കുട്ടിക്രിക്കറ്റ് സൂര്യയെ ഏല്‍പിച്ചിരിക്കുകയാണ് ബി.സി.സി.ഐ. എന്നാല്‍ 37കാരനായ രോഹിത് ശര്‍മയും 33കാരനായ സൂര്യയും ഏറെ കാലം ഈ സ്ഥാനങ്ങളില്‍ തുടരുമെന്ന് കരുതുക വയ്യ.

ഇന്ത്യയുടെ അടുത്ത ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്‍ ആരാകുമെന്ന ചര്‍ച്ചകള്‍ ആരാധകര്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക്.

ക്രിക് ബസ്സിലെ തന്റെ ടോക് ഷോയായ ഹേയ് സി.ബി വിത്ത് ഡി.കെ-യില്‍ സംസാരിക്കവെയാണ് ദിനേഷ് കാര്‍ത്തിക് ഇക്കാര്യം പറഞ്ഞത്.

‘രണ്ട് താരങ്ങളുടെ പേരുകളാണ് എന്റെ മനസിലേക്കെത്തുന്നത്. അവര്‍ യുവതാരങ്ങളാണ്, അവര്‍ക്ക് ഇന്ത്യയെ നയിക്കാനുള്ള എല്ലാ പൊട്ടെന്‍ഷ്യലുമുണ്ട്, ഉറപ്പായും അവര്‍ സമീപഭാവിയില്‍ തന്നെ ഇന്ത്യയെ നയിക്കുകയും ചെയ്യും.

ഒന്നാമന്‍ റിഷബ് പന്താണ് രണ്ടാമത്തെയാള്‍ ശുഭ്മന്‍ ഗില്ലും. ഭാവിയില്‍ അവര്‍ക്ക് ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനാകാനുള്ള സാധ്യതയുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

 

 

നിലവില്‍ ദുലീപ് ട്രോഫിയുടെ തിരക്കിലാണ് പന്തും ഗില്ലും. ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ള സ്‌ക്വാഡിലും ഇരുവരും ഇടം നേടിയിട്ടുണ്ട്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കാണ് ബംഗ്ലാദേശ് ഇന്ത്യയിലെത്തുന്നത്.

രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കും മൂന്ന് ടി-20കള്‍ക്കുമായാണ് ബംഗ്ലാ കടുവകള്‍ ഇന്ത്യയിലെത്തുന്നത്. ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന മൂന്ന് ടെസ്റ്റ് പരമ്പരകളില്‍ ആദ്യത്തേതാണ് ബംഗ്ലാദേശിനെതിരെ സ്വന്തം മണ്ണില്‍ നടക്കുന്നത്.

ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.

 

Content Highlight: Dinesh Karthik says Rishabh Pant and Shubhman Gill has the potential be India’s all format captain