സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും കമന്റേറ്ററുമായ ദിനേഷ് കാര്‍ത്തിക്. ഗില്ലിന്റെ ബാറ്റിങ്ങില്‍ ഒരുപാട് ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും താരത്തിന് അത് മറികടക്കാന്‍ സാധിക്കുന്നില്ലെന്നുമാണ് ദിനേഷ് കാര്‍ത്തിക്കിന്റെ വിമര്‍ശനം.
ക്രിക്ബസ്സിലെ തന്റെ ടോക് ഷോയില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തിക്.
‘പന്ത് പുഷ് ചെയ്യുന്നതില്‍ ശുഭ്മന്‍ ഗില്ലിന് ഒരുപാട് ടെക്‌നിക്കല്‍ പ്രശ്‌നങ്ങളുണ്ട്. നിങ്ങള്‍ വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഇത്തരത്തിലുള്ള പ്രവണത കൂടുതലാകുന്നു. ട്രാവിസ് ഹെഡിനും ഇതേ പ്രശ്‌നമുണ്ടായിരുന്നു. എന്നാല്‍ അത് മറികടക്കാന്‍ അവന്‍ കൃത്യമായ ഒരു വഴിയും കണ്ടെത്തി. ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും ശുഭ്മന്‍ ഗില്ലിനെ പോലെയുള്ള ബാറ്റര്‍മാര്‍ രണ്ട് ചിന്തകളില്‍ അകപ്പെടുകയാണ്,’ ദിനേഷ് കാര്‍ത്തിക് പറഞ്ഞു.
ഓഫ് സ്റ്റംപിന് പുറത്തുള്ള പന്തുകളെ ലീവ് ചെയ്യാന്‍ ഗില്ലിനോട് ആവശ്യപ്പെടുന്ന കാര്‍ത്തിക്, ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ ഫ്രണ്ട് ഫൂട്ടില്‍ കളിക്കുക പ്രയാസമാണെന്നും അഭിപ്രായപ്പെട്ടു.
‘ബൗളറുടെ കയ്യില്‍ നിന്നും പന്ത് റിലീസ് ചെയ്യുമ്പോള്‍ തന്നെ അത് ഫുള്‍ ലെങ്ത്ത് ആണെന്ന് വിചാരിച്ച് പുഷ് ചെയ്യാനായി ഗില്‍ ശ്രമിക്കുന്നു. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും സൗത്ത് ആഫ്രിക്കയിലും മികച്ച ട്രാക്ക് റെക്കോഡുള്ള, മികച്ച പ്രകടനം നടത്തിയ ബാറ്റര്‍മാരെല്ലാം തന്നെ വളരെ ശ്രദ്ധിച്ച് ക്ലോസ് ബോഡി ഷോട്ടുകള്‍ കളിക്കാനോ അല്ലെങ്കില്‍ പന്ത് ലീവ് ചെയ്യാനോ ആയിരിക്കും നിന്നോട് ആവശ്യപ്പെടുക.
ശുഭ്മന്‍ ഗില്‍ ഇന്ത്യയില്‍ കളിക്കുന്നത് പോലെയാണ് ഇവിടെയും കളിക്കുന്നത്. രണ്ട് കയ്യുമുപയോഗിച്ച് പന്ത് ശക്തിയില്‍ പുഷ് ചെയ്യാനാണ് ശ്രമിക്കുന്നത്. ബ്രിസ്‌ബെയ്ന്‍ പോലുള്ള ഗ്രൗണ്ടുകളില്‍ ഫ്രണ്ട് ഫൂട്ടില്‍ കളിക്കുക എന്നത് അപകടമാണ്, ഇത്തരം പന്തുകള്‍ ലീവ് ചെയ്യുകയാണ് നല്ലത്,’ ദിനേഷ് കാര്‍ത്തിക് പറഞ്ഞു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഗില്ലിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. തള്ളവിരലിന് പരിക്കേറ്റതിന് പിന്നാലെയാണ് ഗില്ലിന് ആദ്യ മത്സരം നഷ്ടപ്പെട്ടത്.
തുടര്‍ന്നുള്ള രണ്ട് മത്സരത്തിലും ഗില്ലിന് കളിക്കാന്‍ അവസരമൊരുങ്ങിയെങ്കിലും തിളങ്ങാനായില്ല. മൂന്ന് ഇന്നിങ്‌സില്‍ നിന്നും വെറും 60 റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച് നാല്, അഞ്ച് മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡിലും ഗില്‍ ഇടം നേടിയിട്ടുണ്ട്. ഈ മത്സരങ്ങളില്‍ താരത്തിന് മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ വിജയവുമായി ഒപ്പത്തിനൊപ്പമാണ്. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 295 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയപ്പോള്‍ ഡേ – നൈറ്റ് ഫോര്‍മാറ്റില്‍ അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയും വിജയിച്ചുകയറി. ബ്രിസ്‌ബെയ്‌നിലെ ടെസ്റ്റില്‍ മഴ കളിച്ചതോടെ സമനിലയിലും പിരിഞ്ഞു.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഡിസംബര്‍ 26ന്, ബോക്‌സിങ് ഡേയില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് പരമ്പരയിലെ നാലാം മത്സരം അരങ്ങേറുന്നത്.
Content Highlight: Dinesh Karthik points out technical error in Shubman Gill’s batting