മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ അപര്‍ണ ബാലമുരളിയെ ഓഡിഷന്‍ ചെയ്തതിനെ കുറിച്ച് പറയുകയാണ് നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍. വിശന്ന് വരുന്ന ഒരു സീന്‍ ചെയ്യാനാണ് ഓഡീഷനില്‍ അപര്‍ണയോട് പറഞ്ഞതെന്നും അത് ചെയ്യാന്‍ പ്രയാസമായിരിക്കും എന്നുകരുതിയാണ് ആ സീന്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ താന്‍ പറ്റിക്കപ്പെടുകയായിരുന്നു എന്നും അപര്‍ണ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നുവെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘മഹേഷിന്റെ പ്രതികാരം ഷൂട്ട് ചെയ്യുന്ന സമയത്ത് അപര്‍ണ വളരെ ഗംഭീരമായി ആ കഥാപാത്രം ചെയ്തു. സിനിമയുടെ ഓഡീഷന് വന്നപ്പോള്‍ വിശന്ന് വീട്ടിലേക്ക് വരുന്ന സീനാണ് അപര്‍ണക്ക് ചെയ്യാന്‍ കൊടുത്തത്. അതും വളരെ മനോഹരമായി അപര്‍ണ ചെയ്തു.
പിന്നെ ഷൂട്ടിങ്ങ് തുടങ്ങി കഴിഞ്ഞപ്പോഴാണ് എനിക്ക് കാര്യം മനസിലായത്, അന്ന് കാണിച്ചത് ഒരു അഭിനയമെ ആയിരുന്നില്ല ഭക്ഷണത്തോട് പൊതുവെ അങ്ങനെയൊരു താല്‍പര്യമുണ്ടായിരുന്നു എന്ന്. ഷൂട്ട് കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് മനസിലാകുന്നത് ഞാന്‍ പറ്റിക്കപ്പെട്ടിരിക്കുകയാണെന്ന്.
ഞാന്‍ ഓര്‍ത്തു ആ സീന്‍ ചെയ്യാന്‍ ഭയങ്കര പാടായിരിക്കുമെന്ന്. പക്ഷെ പിന്നെ അല്ലേ മനസിലായത്, ഏറ്റവും എളുപ്പമുള്ളതാണ് കൊടുത്തതെന്ന്. അപര്‍ണയെ കുറിച്ച് പറയുമ്പോള്‍ ആള് നല്ലൊരു കേള്‍വിക്കാരിയാണ് നമ്മള്‍ പറയുന്നതൊക്കെ അതുപോലെ തന്നെ പിന്തുടരും. നമ്മള്‍ പറയുന്ന കാര്യങ്ങളൊക്കെ അതുപോലെ തന്നെ കേട്ട് കൃത്യമായി ചെയ്യുകയും ചെയ്യും.
എന്തെങ്കിലും ചെറിയ മാറ്റങ്ങളൊക്കെ വരുത്താന്‍ ഒന്ന് സൂചിപ്പിച്ചാല്‍ മാത്രം മതി. അപര്‍ണ അതൊക്കെ കൃത്യമായി തന്നെ ചെയ്യും. പെട്ടെന്ന് എല്ലാം മനസിലാക്കാനുള്ള ഒരു കഴിവ് അപര്‍ണക്കുണ്ട്. അപര്‍ണ അടിപൊളിയാണ്,’ ദിലീഷ് പോത്തന്‍ പറഞ്ഞു.
അതേസമയം ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പയാണ് ഇരുവരുടെയും ഏറ്റവും പുതിയ സിനിമ. പൃഥ്വിരാജ്, ആസിഫ് അലി, ജഗദീഷ്, അന്ന ബെന്‍ തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
content highlighta: dileesh pothan talks about aparna balamurali