പൃഥ്വിരാജിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജന ഗണ മന. ഡ്രൈവിങ് ലൈസന്‍സിന് ശേഷം സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജും പ്രധാനവേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഡന ഗണ മന.
ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംവിധായകാന്‍ ഡിജോ ജോസ് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
ജന ഗണ മനയുടെ രാഷ്ട്രീയം വിവാദം വിതയ്ക്കുമോ? പൃഥ്വിയാണോ സുരാജാണോ നായകന്‍? എന്തുകൊണ്ട് രണ്ടാം ഭാഗത്തിലെ സീന്‍ ട്രെയിലറാക്കി എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്കാണ് ഡിജോ മറുപടി പറയുന്നത്. രാഷ്ട്രദീപികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡിജോ സിനിമയെ കുറിച്ച് സംസാരിക്കുന്നത്.
‘ഞാന്‍ സിനിമ ചെയ്യുന്നതു പ്രേക്ഷകര്‍ക്കു വേണ്ടിയാണ്. അല്ലാതെ എനിക്കിഷ്ടമുള്ള സിനിമ മാത്രം ചെയ്യാന്‍ വേണ്ടിയല്ല. എഴുത്തുകാരന്റയോ സംവിധായകന്റെയോ രാഷ്ട്രീയം കുത്തിക്കയറ്റാന്‍ വേണ്ടി ഒരു സിനിമ ചെയ്തതല്ല. ഒരു കൊമേഴ്ഷ്യല്‍ എന്റര്‍ടെയ്‌നര്‍ കൊടുക്കുക എന്നതു മാത്രമാണ് എന്റെ ലക്ഷ്യം.
ക്വീനിനുശേഷം ടോവിനോയെ വെച്ചുള്ള പ്രോജക്ട് പള്ളിച്ചട്ടമ്പി ഉള്‍പ്പെടെ മൂന്ന് സിനിമകള്‍ റെഡിയായിരുന്നുവെങ്കിലും പല കാരണങ്ങള്‍ കൊണ്ടും ഒന്നും തുടങ്ങാനായില്ല. അതിനിടെ ഒരു ദിവസം ക്വീനിന്റെ എഴുത്തുകാരില്‍ ഒരാളായ ഷാരിസ് മുഹമ്മദ് അഞ്ച് മിനിറ്റില്‍ ഒരു കഥയുടെ പ്ലോട്ട് പറഞ്ഞത് എന്നെ ആവേശം കൊള്ളിച്ചു. വാസ്തവത്തില്‍ ആ നിമിഷത്തിലാണ് ജന ഗണ മന എന്ന സിനിമ തുടങ്ങുന്നത്. പിന്നീട് ഞങ്ങള്‍ പലതവണ സംസാരിച്ചും ചര്‍ച്ചചെയ്തും സിനിമ വലുതാക്കുകയായിരുന്നു. പ്രധാന വേഷങ്ങളില്‍ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹന്‍ദാസ് എന്നിവര്‍ മനസില്‍ തെളിഞ്ഞു.
സുരാജേട്ടനെയും മംമ്തയെയും കണ്ടു സംസാരിച്ചു, അവര്‍ക്ക് കഥ ഇഷ്ടമായി. ആടുജീവിതത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ദാനിലായിരുന്ന പൃഥ്വിക്കു സിനോപ്‌സിസ് അയച്ചു. അതിനിടെ കൊവിഡ് രൂക്ഷമായി, സിനിമകളൊക്കെ മുടങ്ങി. നാട്ടിലെത്തിയ പൃഥ്വിയെ സ്‌ക്രിപ്റ്റ് വായിച്ചുകേള്‍പ്പിച്ചു. ഇതൊരു വലിയ സിനിമയല്ലേ, എന്താണ് ഉദ്ദേശിക്കുന്നത് എന്നാണ് പൃഥ്വി ചോദിച്ചത്. കൊവിഡ് സാഹചര്യം നോക്കി പല ഷെഡ്യൂളുകളായി ഷൂട്ട് ചെയ്യാമെന്നു ഞാന്‍ പറഞ്ഞു.
അപ്പോഴും, സ്‌ക്രിപ്റ്റിലെ വലിയ സീനുകള്‍ ഒഴിവാക്കാം എന്നു ഞാന്‍ പറഞ്ഞില്ല. നേരത്തേ ഓണ്‍ ആയ എന്റെ പല പ്രോജക്ടുകളുടെയും നിര്‍മാതാക്കള്‍ സിനിമ തുടങ്ങാന്‍ മടിച്ചുനിന്നപ്പോള്‍ എന്നെ വിശ്വസിച്ച് പൃഥിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും നിര്‍മാതാക്കളായതാണ് ടേണിംഗ് പോയിന്റ്.
ഷൂട്ടിംഗ് തുടങ്ങി 12 ദിവസമായപ്പോഴേക്കും പൃഥ്വിക്കും എനിക്കും ക്രൂവിലെ 40 പേര്‍ക്കും കൊവിഡായി. അതിഭീകരമായ ടെന്‍ഷന്റെ നാളുകള്‍, അതിനിടെ ലോക്ഡൗണായി. രണ്ടാമത്തെ ഷെഡ്യൂള്‍ മൂന്ന് ദിവസം മാത്രമാണ് പിന്നിട്ടത്, തുടര്‍ന്നു മംഗലാപുരത്ത് 28 ദിവസത്തെ ഷെഡ്യൂള്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പറ്റില്ല എന്നൊക്കെപ്പറഞ്ഞ് അവിടെയും നിയന്ത്രണങ്ങള്‍. മംഗലാപുരത്തേക്കു പോയതു തന്നെ ഈ കഥ സംഭവിക്കുന്നത് കേരളത്തിലല്ല എന്നതുകൊണ്ടാണ്.
കൊവിഡ് വ്യാപനം കൂടിയും കുറഞ്ഞും പിന്നെയും എട്ട് മാസങ്ങള്‍. അതിനിടെ ഷൂട്ടിംഗ് നടന്നത് നാല്പതു ദിവസം. പിന്നെയും അത്രയും തന്നെ ദിവസങ്ങള്‍ വേണ്ടിവന്നു സിനിമ പൂര്‍ത്തിയാക്കാന്‍. ആള്‍ക്കൂട്ട സീനുകളാണു പിന്നീട് ചെയ്യാനുണ്ടായിരുന്നത്. അവിടെയും ഈ സിനിമ ചുരുക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. രണ്ടാമത്തെയും മൂന്നാമത്തെയും ലോക്ഡൗണിനു ശേഷം മൈസൂരുവില്‍ 14 ദിവസം, ലഖ്‌നൗവില്‍ ആറു ദിവസം, പിന്നെ കേരളത്തില്‍. ഏപ്രില്‍ രണ്ടിനാണ് ഷൂട്ടിംഗ് അവസാനിച്ചത്. സ്‌ക്രിപ്റ്റിലുള്ളതും എനിക്കാവശ്യമുള്ളതും ഈ 80 ദിവസത്തിനുള്ളില്‍ ഞാന്‍ ഷൂട്ട് ചെയ്തു. ആദ്യ ഷെഡ്യൂളില്‍ ഷൂട്ട് ചെയ്ത സീനുകളിലൊന്നാണ് ജനുവരി 26ന് ടീസറായി പുറത്തുവിട്ടത്.
ഇത് പൃഥ്വിരാജിന്റെ മാത്രം സിനിമയല്ല. സുരാജേട്ടന്റെയും മംമ്തയുടെയും ശാരിയുടെയുമൊക്കെ കഥാപാത്രങ്ങള്‍ വളരെ പ്രാധാന്യമേറിയതാണ്. ഇവര്‍ക്കെല്ലാം അതിന്റേതായ ഇടമുണ്ട് ഈ സിനിമയില്‍. മറ്റു ഭാഷകളില്‍ നിന്നുള്ള ചില പ്രധാന താരങ്ങളും ഈ സിനിമയിലുണ്ട്. ബ്ലാസ്റ്റ് സീനില്‍ രാഷ്ട്രീയക്കാരനായി വരുന്നത് ദയാളന്‍ എന്ന തമിഴ് നടനാണ്. ക്വീനിലെ ധ്രുവനും ഇതില്‍ വേഷമുണ്ട്. ഇതില്‍ വേഷമിട്ട ഓരോരുത്തരും ഇതുവരെ ചെയ്യാത്ത വേഷമാകും ഇതില്‍ ചെയ്തിരിക്കുന്നത്,’ ഡിജോ പറയുന്നു.
Content Highlights: Dijo Jose Antony says about Jana Gana Mana