ഫുട്ബോൾ ലോകകപ്പ് ഫൈനലിന് ശേഷം ആരാണ് മികച്ച താരമെന്ന റൊണാൾഡോ-മെസി ഡിബേറ്റ് വീണ്ടും സജീവമായിരുന്നു. മെസിക്ക് ലോകകപ്പ് കിരീടം സ്വന്തമാക്കാൻ സാധിച്ചതോടെ മെസിയുമായി റൊണാൾഡോയെ താരതമ്യം ചെയ്യാൻ കഴിയില്ല എന്ന വാദവുമായി ഒരു കൂട്ടം ആരാധകർ രംഗത്തെത്തിയിരുന്നു.
കൂടാതെ റൊണാൾഡോയുടെ അൽ നസർ പ്രവേശനം കൂടി സ്ഥിരീകരിക്കപ്പെട്ടപ്പോൾ റോണോയുടെ ഫുട്ബോൾ കരിയർ അവസാനിച്ചെന്നും ഇനി മെസിക്ക് റൊണാൾഡോ ഒരു എതിരാളിയല്ലെന്നുമുള്ള വാദങ്ങൾ ചില ആരാധകർ ഉയർത്തിയിരുന്നു.
ഇതിന് മറുവാദവും കളിയിലെ മുൻ കാല കണക്കുകളും നിരത്തി റൊണാൾഡോ ആരാധകരും രംഗത്ത് വന്നിരുന്നു. ഇങ്ങനെ മെസിയുടെയും റൊണാൾഡോയുടെയും കളിയിലെ കണക്കുകളുടെയും ഇരുവരുടെയും മികച്ച മത്സരങ്ങളുടെ വീഡിയോ ക്ലിപ്പുകളുടെയും കുത്തൊഴുക്കായിരുന്നു ലോകകപ്പ് കഴിഞ്ഞ നാളുകൾക്ക് ശേഷം സമൂഹ മാധ്യമങ്ങളിൽ.
ഇതിൽ ഒരു പഴയ പത്ര സമ്മേളനം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. സ്പെയിൻ ചാമ്പ്യൻമാരായ 2012 യൂറോ കപ്പ് ഫുട്ബോൾ വേദിയിലാണ് സംഭവം നടക്കുന്നത്.
മെസിയും റൊണാൾഡോയും ലാ ലിഗയിൽ ബാഴ്സലോണക്കും റയൽ മാഡ്രിഡിനും വേണ്ടി പരസ്പരം മത്സരിക്കുന്ന കാലമാണ്.
ഡെൻമാർക്കിനെതിരെ പോർച്ചുഗൾ 3-2ന് വിജയിച്ച മത്സരത്തിൽ റൊണാൾഡോക്കെതിരെ ഡാനിഷ് ഫാൻസ് മെസി, മെസി എന്ന് ചാന്റുകൾ വിളിച്ചിരുന്നു.
ഇതിനെതിരെ മത്സര ശേഷം ദേഷ്യത്തോടെ പൊട്ടിത്തെറിച്ചുകൊണ്ടാണ് റൊണാൾഡോ പ്രതികരിച്ചത്. “മെസി ഇപ്പോൾ എവിടെയാണെന്ന് നിങ്ങൾക്കറിയാമോ? കോപ്പാ അമേരിക്കയിൽ എന്ത് സംഭവിച്ചുവെന്നറിയാമോ? കോപ്പയിൽ സ്വന്തം രാജ്യത്തിന് വേണ്ടി കളിച്ച മെസി ടൂർണമെന്റിൽ നിന്ന് പുറത്തായി. പക്ഷെ അതിൽ എന്തെങ്കിലും മോശം ഞാൻ കാണുന്നുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇല്ല,’ റൊണാൾഡോ പറഞ്ഞു.
സെമി ഫൈനലിൽ 2012ലെ ചാമ്പ്യൻമാരായ സ്പെയ്നെതിരെ തോറ്റാണ് പോർച്ചുഗൽ യൂറോകപ്പ് ഫൈനലിൽ നിന്നും പുറത്തായത്. 2011 കോപ്പാ അമേരിക്കയിൽ ഉറുഗ്വേക്കെതിരെ ക്വാർട്ടർ ഫൈനലിൽ തോറ്റാണ് അർജന്റീന പുറത്തായത്.
Content Highlights:Didn’t you see Messi out; Ronaldo’s reaction went viral on social media