സമരത്തില്‍ നിന്ന് പിന്മാറിയിട്ടില്ല; തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുത്: സാക്ഷി മാലിക്
national news
സമരത്തില്‍ നിന്ന് പിന്മാറിയിട്ടില്ല; തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുത്: സാക്ഷി മാലിക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th June 2023, 3:04 pm

ന്യൂദല്‍ഹി: ഗുസ്തി താരങ്ങള്‍ സമരം നിര്‍ത്തുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് സാക്ഷി മാലിക്. തങ്ങളാരും തന്നെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും പോരാട്ടം തുടരുമെന്നും സാക്ഷി ട്വീറ്റ് ചെയ്തു. വിവിധ മാധ്യമങ്ങള്‍ ഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്ന് പിന്മാറിയെന്നും തിരികെ ജോലിയില്‍ പ്രവേശിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ നല്‍കിയിരുന്നു.

എന്നാല്‍ സമരത്തോടൊപ്പം തന്നെ റെയില്‍വേയോടുള്ള ഉത്തരവാദിത്തം നിറവേറ്റുകയാണെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു.

‘ഈ വാര്‍ത്ത പൂര്‍ണമായും തെറ്റാണ്. നീതിക്കായുള്ള പോരാട്ടത്തില്‍ നിന്ന് ഞങ്ങളാരും പിന്മാറിയിട്ടില്ല. ഞങ്ങള്‍ പിന്മാറില്ല. സമരത്തോടൊപ്പം റെയില്‍വേയിലുള്ള ഉത്തരവാദിത്തം നിറവേറ്റുകയാണ് ഞാന്‍. നീതി ലഭിക്കും വരെ സമരം തുടരും. ദയവ് ചെയ്ത് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുത്,’ സാക്ഷി മാലിക് പറഞ്ഞു.

ലൈംഗികാരോപണത്തില്‍ ബി.ജെ.പി എം.പിയും റെസ്‌ലിങ് ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് സമരക്കാരായ ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു.

ശനിയാഴ്ച രാത്രി വൈകിയാണ് അമിത് ഷായുടെ വസതിയില്‍ സമരക്കാര്‍ എത്തിയതെന്നും ബ്രിജ് ഭൂഷണെതിരായ കേസില്‍ വേഗത്തില്‍ കുറ്റപത്രം തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സാക്ഷി മാലിക്, ബജ്റംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ അവരുടെ റെയില്‍വേ ജോലികളില്‍ പുനഃപ്രവേശിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് സമരം നിര്‍ത്തുന്നുവെന്ന വാര്‍ത്തകളും വന്നത്.

content highlight: did not withdraw from the struggle; Don’t spread wrong news: Sakshi Malik