പ്രതി സര്‍ക്കാറിന്റെ ഉന്നത സ്ഥാനത്ത് തന്നെ; ഒരു വര്‍ഷത്തിനിപ്പുറം ബഷീറിന് നീതി ലഭിച്ചുവോ?
Details Story
പ്രതി സര്‍ക്കാറിന്റെ ഉന്നത സ്ഥാനത്ത് തന്നെ; ഒരു വര്‍ഷത്തിനിപ്പുറം ബഷീറിന് നീതി ലഭിച്ചുവോ?
രോഷ്‌നി രാജന്‍.എ
Monday, 3rd August 2020, 11:42 am

കെ.എം ബഷീര്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ മരണം കേരളത്തിന്റെ പൊതുസമൂഹവും മാധ്യമലോകവും ഒരുപോലെ ചര്‍ച്ച ചെയ്തതാണ്. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം ബഷീറിനെ തിരുവനന്തപുരം മ്യൂസിയം പബ്ലിക്ക് ഓഫീസിനടുത്ത് വെച്ച് ഐ.എ.എസുകാരനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ആശുപത്രിയിലെത്തിച്ച ഉടന്‍ ഇദ്ദേഹം മരണപ്പെടുകയായിരുന്നു.

അധികാരത്തില്‍ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഒന്നാം പ്രതിയായ കേസില്‍ ഒരുവര്‍ഷത്തിനിപ്പുറവും വിചാരണകള്‍ പൂര്‍ത്തിയായിട്ടില്ല. ഗൗരവതരമായ വിചാരണകള്‍ നടക്കേണ്ടതുണ്ടെന്നതിനാല്‍ കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ സര്‍ക്കാര്‍ സര്‍വീസില്‍ തിരികെ പ്രവോശിച്ചിരിക്കുകയാണ്. അധികാരപദവി ഉപയോഗിച്ച് കേസിനെ അട്ടിമറിക്കാനുള്ള പ്രതിയുടെ ശ്രമത്തിനൊപ്പം ഭരണകൂടവും നില്‍ക്കുകയാണെന്ന വിമര്‍ശനമാണ് ഇപ്പോഴും ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

കെ.എം. ബഷീര്‍

കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ ആദ്യ ഘട്ടങ്ങളില്‍ തന്നെ പൊലീസിന്റെ അന്വേഷണങ്ങളില്‍ തുടരെ തുടരെയുണ്ടായ പാകപ്പിഴകള്‍ വലിയ വിവാദങ്ങളിലേക്കാണ് വഴി വെച്ചിരുന്നത്. അപകടം നടന്ന സ്ഥലത്തെത്തിയ പൊലീസ് ചോദ്യം ചെയ്യലിന് മുതിരുകയും എന്നാല്‍ ശ്രീറാം തന്റെ ഐ.എ.എസ് വിലാസം വ്യക്തമാക്കിയതോടെ പൊലീസിന്റെ സമീപനം അപ്പാടെ മാറുകയായിരുന്നുവെന്നും, ശ്രീറാമിനൊപ്പം കാറില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിനെ ചോദ്യം ചെയ്യാതെ പറഞ്ഞയച്ചുവെന്നും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

ശ്രീറാമിനെ മദ്യപരിശോധന നടത്തിയോ എന്ന ബഷീറിന്റെ സുഹൃത്തുക്കളുടെ ചോദ്യത്തിന് രക്തപരിശോധന നടത്തിയെന്ന് പൊസീല് മറുപടി പറഞ്ഞെങ്കിലും രക്തപരിശോധന നടത്തിയിട്ടില്ലെന്ന നിര്‍ണായക വിവരം പിന്നീടാണ് പുറത്തുവന്നത്. മാത്രവുമല്ല ശക്തമായ സമ്മര്‍ദ്ദം ഉണ്ടായതിന് ശേഷമാണ് കാറില്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ പൊലീസ് ഹാജരാക്കിയത്.

വാഹനമോടിച്ചത് ശ്രീറാമാണെന്ന് വ്യക്തമായിരിക്കേ ആരാണെന്ന് അറിയില്ല എന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരുന്നത്. താരതമ്യേന നിസ്സാരമായ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തിരുന്നത്. പിന്നീട് മാധ്യമങ്ങളുടെയും ബന്ധപ്പെട്ടവരുടെയും നിരന്തര സമ്മര്‍ദ്ദത്തിനൊടുവില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അഡീഷനല്‍ റിപ്പോര്‍ട്ടിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തുന്നതും ശ്രീറാം വെങ്കിട്ടരാമനെ റിമാന്‍ഡ് ചെയ്യുന്നതും. എന്നാല്‍ ശ്രീറാം മദ്യപിച്ചിരുന്നുവെന്ന രക്തപരിശോധനാ റിപ്പോര്‍ട്ട് പൊലീസിന് ഹാജരാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സി.ജെ.എം കോടതി അയാള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

ശ്രീറാം വെങ്കിട്ടരാമന്‍

അതേ സമയം രക്തപരിശോധന നടത്താതെ തെളിവു നശിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തുവന്നു. പിന്നീടാണ് സര്‍ക്കാര്‍ അന്വേഷണച്ചുമതല പ്രത്രേ്യക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കുന്നത്. എന്നാല്‍ സിറാജ് പത്രത്തിന്റെ മാനേജ്മെന്റ് പ്രതിനിധി മൊഴി നല്‍കാന്‍ വൈകിയതിനാലാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന വൈകിയത് എന്ന വിചിത്രവാദമാണ് പ്രത്യേക അന്വേഷണ സംഘം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ ഉന്നയിച്ചത്.

റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധമുയര്‍ന്നതിന്റെ ഭാഗമായി പ്രധാന അന്വേഷണചുമതലയില്‍ നിന്നും സിറ്റി നര്‍ക്കോട്ടിക് സെല്‍ എ.സി ഷീന്‍ തറയിലിനെ മാറ്റി ക്രൈം ബ്രാഞ്ച് എസ്.പി എ.ഷാനവാസിനെ മുഖ്യ അന്വേഷണ ചുമതല ഏല്‍പ്പിക്കുകയുമുണ്ടായി. എന്നാല്‍ പിന്നീടും അന്വേഷണം നീണ്ടുപോവുകയാണുണ്ടായത്.

2020 ഫെബ്രുവരി ഒന്നിനാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. 66 പേജുള്ള കുറ്റപത്രത്തില്‍ 84 രേഖകളും 72തൊണ്ടിമുതലുകളും നൂറ് സാക്ഷിമൊഴികളുമാണുണ്ടായിരുന്നത്. അപകടകരമായി ഡ്രൈവ് ചെയ്ത് വരുത്തിയ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. തെളിവ് നശിപ്പിക്കാനായി ബോധപൂര്‍വ്വം ശ്രീറാം നടത്തിയ ശ്രമങ്ങളെ വ്യക്തമാക്കുന്നത് കൂടിയായിരുന്നു കുറ്റപത്രം.

അപകടം സംഭവിച്ചപ്പോള്‍ കാറോടിച്ചത് താനല്ലെന്നും വഫ ഫിറോസാണെന്നും ശ്രീറാം പൊലീസിനോട് പറഞ്ഞിരുന്നു. മാത്രമല്ല പരിക്കുകളൊന്നുമില്ലാതിരുന്നിട്ടും തുടര്‍ ചികിത്സക്കായി തന്നെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടതും, മെഡിക്കല്‍ കോളേജിലേക്ക് പോകാതെ സുഹൃത്തായ ഡോക്ടറുടെ സഹായത്താല്‍ കിംസ് ആശുപത്രിയിലേക്ക് പോയതും ബോധപൂര്‍വ്വം രക്തപരിശോധന വൈകിപ്പിച്ചതുമെല്ലാം ശ്രീറാമിന് കുറ്റപത്രത്തില്‍ തിരിച്ചടിയാവുകയായിരുന്നു.

വഫ ഫിറോസ്‌

കാറിന്റെ അമിത വേഗതയും അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നുള്ള വസ്തുതയും ശാസ്ത്രീയമായ തെളിവുകള്‍ നിരത്തിയാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കുറ്റപത്രം പരിഗണിച്ച കോടതി ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടറാമിനോടും രണ്ടാം പ്രതി വഫ ഫിറോസിനോടും കോടതിയില്‍ നേരിട്ടു ഹാജരാവാന്‍ ഉത്തരവിട്ടെങ്കിലും അവര്‍ ഹാജരായില്ല. പിന്നീട് ഇവരുടെ അഭിഭാഷകര്‍ ഹാജരായി അവധി അപേക്ഷ സമര്‍പ്പിക്കുകയും കേസിന്റെ വിചാരണ നീട്ടിവെക്കുകയുമായിരുന്നു.

ഇതിനിടക്ക് 2020 ജനുവരി 29 ന് ചീഫ് സെക്രട്ടറി ടോം ജോസ് ശ്രീറാമിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശിപാര്‍ശ ചെയ്ത് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ തള്ളി ശ്രീറാമിന്റെ സസ്പെന്‍ഷന്‍ കാലാവധി മുഖ്യമന്ത്രി മൂന്നു മാസത്തേക്ക് കൂടി നീട്ടിയെങ്കിലും മാര്‍ച്ച് 20 ന് ശ്രീറാമിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. അങ്ങനെ മാര്‍ച്ച് 23ന് ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി ശ്രീറാം സര്‍വ്വീസില്‍ പ്രവേശിക്കുകയും ചെയ്തു.

കെ.എം. ബഷീറിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍

ശ്രീറാമിനെ സര്‍വ്വീസില്‍ തിരിച്ചെടുത്ത സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ബഷീറിന്റെ കുടുംബവും സിറാജ് മാനേജ്മെന്റും പ്രതിഷേധവുമായി രംഗത്തെത്തുകയും മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. കോടതിയില്‍ വിചാരണ തുടങ്ങിയ കേസില്‍ വിധി വരുന്നതുവരെയെങ്കിലും കുറ്റവാളിയായ ഉദ്യോഗസ്ഥന്‍ പുറത്തുനില്‍ക്കണമെന്നതായിരുന്നു മാധ്യമ സംഘടനകളുടെ നിലപാട്. ചെറുപ്പക്കാരനായ ഒരു മാധ്യമപ്രവര്‍ത്തകന്റെ അകാലത്തിലുള്ള വിയോഗം ഒരു പക്ഷേ മുമ്പൊരിക്കലും ഞങ്ങളെ ഇത്ര വേദനിപ്പിച്ചിട്ടില്ലെന്നാണ് ബഷീറിന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നത്.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ബഷീര്‍ അകാലത്തില്‍ വിട്ടുപിരിഞ്ഞതിന്റെ ആഘാതത്തില്‍ നിന്നും ഭാര്യയും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന ബഷീറിന്റെ കുടുബം ഇനിയും കരകയറിയിട്ടില്ല. ‘സാധാരണക്കാരല്ലേ ഞങ്ങള്‍, അപ്പോള്‍ നിയമം ഞങ്ങള്‍ക്കൊപ്പം ഉണ്ടാകുമോ എന്നതില്‍ സംശയമാണ്. അധികാരത്തിലിരിക്കുന്നവര്‍ക്കും സാധാരണകാര്‍ക്കും നിയമം വ്യത്യസ്തമാണല്ലോ, വെറുതെയെങ്കിലും നീതി ലഭിക്കുമെന്ന് പ്രതീക്ഷുകയല്ലാതെ എന്ത് ചെയ്യാനാണ്.’ ബഷീറിന്റെ ഭാര്യ ജസീല ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.