ഒരു അമ്മയും മകളും ഇത്രയും നാടകീയമായി സംസാരിക്കുമോ? എലോണിന്റെ തിരക്കഥ നാടകത്തിന് വേണ്ടി എഴുതിയതോ?
Entertainment news
ഒരു അമ്മയും മകളും ഇത്രയും നാടകീയമായി സംസാരിക്കുമോ? എലോണിന്റെ തിരക്കഥ നാടകത്തിന് വേണ്ടി എഴുതിയതോ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th January 2023, 2:37 pm

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി ജനുവരി 26ന് തിയേറ്ററുകളിലെത്തിയ സിനിമയാണ് എലോണ്‍. ഷാജി കൈലാസ് തന്റെ സ്ഥിരം ശൈലിയായ മാസ് സിനിമകളില്‍ നിന്നും വിട്ട് പിടിച്ചു എന്ന പ്രത്യേകതയാണ് എലോണിനെ മറ്റ് ഷാജി കൈലാസ് സിനിമകളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്ന പ്രധാന ഘടകം. എന്നാല്‍ പ്രേക്ഷകന്റെ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ മോഹന്‍ലാല്‍-ഷാജി കൈലാസ് കോമ്പോക്ക് കഴിഞ്ഞില്ല.

കൊവിഡും അതിനെ തുടര്‍ന്നു വന്ന ലോക് ഡൗണിലും ഫ്ളാറ്റിനുള്ളില്‍ ഒറ്റക്ക് പെട്ടുപോകുന്ന കാളിദാസ് എന്ന വ്യക്തിയിലൂടെയാണ് എലോണ്‍ സിനിമ സഞ്ചരിക്കുന്നത്. അവിടെ നടക്കുന്ന അസ്വഭാവികമായ ചില സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.

സിനിമ കുറച്ചുകൂടി മുമ്പോട്ട് പോകുമ്പോള്‍ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്ന രീതിയിലൊക്കെ പരിണമിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ഒരു ഇംപാക്ട് സൃഷ്ടിക്കുന്നില്ല എന്നതാണ് സിനിമ നേരിടുന്ന പ്രധാന പ്രശ്നം. അതിന്റെ പ്രധാന കാരണം തിരക്കഥ തന്നെയാണ്. രാജേഷ് ജയരാമനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വളരെ വേഗത കുറഞ്ഞ് സഞ്ചരിക്കുന്ന തിരക്കഥ ചിലപ്പോഴെങ്കിലും പ്രേക്ഷകരെ ബോറടിപ്പിക്കുന്നുണ്ട്.

സിനിമയില്‍ മോഹന്‍ലാലിനെ മാത്രമാണ് സ്‌ക്രീനില്‍ കാണുന്നത്. ബാക്കിയുള്ള കഥാപാത്രങ്ങളെല്ലാം ഫോണ്‍ കോളിലൂടെ ശബ്ദമായിട്ടാണ് തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നത്. ഇത്തരം കഥാപാത്രങ്ങളുടെ സംഭാഷണങ്ങളാണ് സിനിമയുടെ മറ്റൊരു പോരായ്മയായി അനുഭവപ്പെടുന്നത്. വളരെ നാടകീയമായ രീതിയിലാണ് ഓരോ കഥാപാത്രങ്ങളും ഡയലോഗുകള്‍ പറയുന്നത്. സിനിമ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകന് ഒരുവേള ഇത് നാടകമാണോ എന്ന് പോലും തോന്നാനുള്ള സാധ്യതയുണ്ട്.

ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടത് രചന നാരായണന്‍കുട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗ് ഡെലിവറിയാണ്. എഴുതി കൊടുത്ത് പറയിപ്പിക്കുന്നത് പോലെയാണ് ഓരോ ഡയലോഗുകളും പ്രേക്ഷകന് അനുഭവപ്പെടുന്നത്. രചനയുടെ കഥാപാത്രവും അവരുടെ മകളും തമ്മിലുള്ള സംഭാഷണങ്ങള്‍ സിനിമയില്‍ കടന്നുവരുന്നുണ്ട്. സിനിമയില്‍ ഏറ്റവും അരോചകമായി തോന്നുന്ന സംഭാഷണവും ഇതാണ്. ഇത്രയും നാടകീയമായാണോ അമ്മയും മകളും സംസാരിക്കുന്നതെന്ന് ഉറപ്പായും തോന്നും.

ഇത്തരത്തില്‍ ശബ്ദംകൊണ്ട് മാത്രം സാന്നിധ്യമറിയിക്കുന്ന കഥാപാത്രങ്ങളില്‍ എടുത്ത് പറയേണ്ടത് പൃഥ്വിരാജിനെയാണ്. സിനിമയിലെ പൃഥ്വിരാജ് സുകുമാരന്റെ തിരുവനന്തപുരം സ്ലാങ്ങ് വളരെ കണ്‍വീന്‍സിങ്ങായിരുന്നു എന്നത് സിനിമയുടെ ഒരു പോസിറ്റീവ് വശമാണ്.

അതോടൊപ്പം തീയേറ്ററില്‍ ഒരു ഇമ്പാക്റ്റും സൃഷ്ടിക്കാത്ത ചില മാസ് ഡയലോഗുകളെയൊക്കെ ബി.ജി.എം കുത്തിനിറച്ച്, നായകന്റെ നടപ്പിനെ സ്ലോമോഷനില്‍ കാണിച്ച് കയ്യടി വാങ്ങാനുള്ള ശ്രമവും സിനിമയില്‍ നടത്തുന്നുണ്ട്. എന്നാല്‍ ആ ശ്രമങ്ങളൊക്കെ പൂര്‍ണമായി പരാജയപ്പെട്ടു. സിനിമയുടെ എഡിറ്റിങ് കാണുമ്പോള്‍ 90കളില്‍ നിന്നും സംവിധായകന് ഇതുവരെയും വണ്ടി കിട്ടിയിട്ടില്ല എന്ന് തോന്നും.

നിരവധി ഹിറ്റുകള്‍ മോഹന്‍ലാലിന് സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. അതുകൊണ്ടുതന്നെ ആ സൂപ്പര്‍ ഹിറ്റ് കോംബോ വീണ്ടും ഒരുമിക്കുമ്പോള്‍ വലിയ പ്രതീക്ഷകളുമായാണ് സിനിമ പ്രേമികളും മോഹന്‍ലാല്‍ ആരാധകരും കാത്തിരുന്നത്. എന്നാല്‍ തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന മോഹന്‍ലാലിന് ഒരു ഹിറ്റ് സമ്മാനിക്കാന്‍ ഷാജി കൈലാസിനും കഴിയാതെ പോയി.

content highlight: dialogue delivery of characters in alone movie