വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍, ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു.
അഭിനയം തന്റെ മോഹമായിരുന്നില്ലെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. സംവിധാനമോ ഛായാഗ്രഹണമോ ആയിരുന്നു തന്റെ ലക്ഷ്യമെന്ന് തോന്നിയപ്പോൾ അഭിനയമാണ് തനിക്ക് പറ്റുകയെന്ന് പറഞ്ഞത് ക്യാമറാമാൻ രാജീവ് മേനോൻ ആയിരുന്നുവെന്നും സ്കൂളിൽ പഠിക്കുമ്പോൾ ഒരു നാടകത്തിൽ ടീച്ചർ തന്നെ പിടിച്ചഭിനയിപ്പിച്ചിരുന്നുവെന്നും ധ്യാൻ പറയുന്നു. തന്റെ ആദ്യ സിനിമ അച്ഛൻ ഇതുവരെ കണ്ടിട്ടില്ലെന്നും എന്നാൽ കുഞ്ഞിരാമായണം എന്ന സിനിമ അച്ഛന് ഇഷ്ടമാണെന്ന് മറ്റുള്ളവർ വഴി അറിഞ്ഞെന്നും ധ്യാൻ കൂട്ടിച്ചേർത്തു.
‘അഭിനയം എന്റെ മോഹമായിരുന്നില്ല. സംവിധാനമോ ഛായാഗ്രഹണമോ ആയിരുന്നു ലക്ഷ്യം. അതിനിടയിൽ ക്യാമറാമാൻ രാജീവ് മേനോന്റെ കൂടെ ഛായാഗ്രഹണം പഠിക്കാൻ ഞാൻ പോയിരുന്നു.
അദ്ദേഹം എന്നെ നിരുത്സാഹപ്പെടുത്തി തിരിച്ചയച്ചു. അഭിനയമായിരുന്നു അദ്ദേഹം എനിക്ക് നിർദേശിച്ച പണി. സിനിമ കാണലല്ലാതെ അഭിനയ ലോകവുമായി എനിക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.
സ്‌കൂളിൽ പഠിക്കുമ്പോൾ ഒരു നാടകത്തിൽ ടീച്ചർ എന്നെ പിടിച്ചുനിർത്തി. നടൻ ശ്രീനിവാസൻ്റെ മകൻ എന്നതു മാത്രമായിരുന്നു അതിനുള്ള എൻ്റെ യോഗ്യത. പക്ഷേ, അതുവരെ ഒന്നാംസ്ഥാനം നേടിയ ടീമിന് ആ വർഷം ഒന്നും കിട്ടിയില്ല. എന്റെ ആദ്യ ചിത്രമായ തിര അച്ഛൻ കണ്ടതായി എനിക്ക് അറിയില്ല.
കുഞ്ഞിരാമായണം കണ്ട് അച്ഛന് ഇഷ്ടമായെന്ന് അച്ഛന്റെ സുഹൃത്ത് വഴി ഞങ്ങൾ അറിഞ്ഞിരുന്നു. സത്യത്തിൽ സിനിമാ ചർച്ചകളൊന്നും വീട്ടിൽ നടക്കാറില്ല,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.
Content Highlight: Dhyan Sreenivasn About His Film Career