Film News
തൂവാനത്തുമ്പികളിലെ ജയകൃഷ്ണനെ പോലെയാണ് എന്റെ ജീവിതം : ധ്യാൻ ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 07, 11:48 am
Tuesday, 7th November 2023, 5:18 pm

മലയാളികളുടെ പ്രിയപ്പെട്ട താരപുത്രനാണ് ധ്യാൻ ശ്രീനിവാസൻ. സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’ യിലൂടെയാണ് ധ്യാൻ ബിഗ്സ്ക്രീനിൽ പ്രവേശിക്കുന്നത്. തുടർന്ന് പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കാൻ ധ്യാനിന് അധികം സമയം വേണ്ടി വന്നില്ല. സിനിമകൾ പോലെ തന്നെ അഭിമുഖങ്ങളിലും താരം സജീവമായി പങ്കെടുക്കാറുണ്ട്.

വീട്ടിലെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ധ്യാൻ. തന്റെ സിനിമയെ കുറിച്ചുള്ള കാര്യങ്ങളൊന്നും വീട്ടിൽ സംസാരിക്കാറില്ല എന്നാണ് ധ്യാൻ പറയുന്നത്. അച്ഛനോടും അമ്മയോടും അധികം സംസാരിക്കാത്ത, എന്നാൽ എത്ര വൈകിയാലും വീട്ടിൽ ചെല്ലുന്ന ആളാണ് താനെന്നും ധ്യാൻ പറയുന്നു. 24 ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ എത്ര വൈകിയാലും രാത്രി വീട്ടിൽ ചെല്ലുന്ന ഒരാളാണ്. അച്ഛനോടും അമ്മയോടും അധികം സംസാരിക്കില്ല. പക്ഷെ ഞാൻ വീട്ടിൽ തന്നെ ഉണ്ടാവും.

അമ്മയോട് ഞാൻ സംസാരിക്കാറുണ്ട്. പക്ഷെ ഞങ്ങളുടെ സംസാരം സിനിമയൊന്നുമല്ല. ഇന്നേ വരെ വീട്ടിൽ സിനിമയെ കുറിച്ചൊരു സംസാരമോ ചർച്ചയോ ഒന്നും ഉണ്ടായിട്ടില്ല. വീട്, കൃഷി, നാട്ടിൻപുറം , ഭക്ഷണം ഇതൊക്കെയാണ് ഞങ്ങളുടെ വിഷയം.

അച്ഛന് ഞാൻ ഞായറാഴ്ച്ച ദിവസങ്ങളിൽ ഭക്ഷണം ഉണ്ടാക്കി കൊടുക്കും. ഞങ്ങൾ നാട്ടിൻപുറത്താണ് ജീവിക്കുന്നത് വൈകുന്നേരങ്ങളിൽ ഞങ്ങൾ ഇടയ്ക്ക് സിറ്റിയിലേക്ക് പോവും. എന്നെ സംബന്ധിച്ച് അതെനിക്ക് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്.

എന്റെ ജീവിതം തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റെ ജീവിതം പോലെയാണെന്ന് എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട്. രാവിലെ മുണ്ടും മടക്കി പാടത്തും വരമ്പത്തും കൃഷി നോക്കി നടന്നിട്ട് വൈകുന്നേരം ആവുമ്പോൾ ഒരു പാന്റും ഇട്ട് ഞാൻ ടൗണിലേക്ക് ഇറങ്ങും. നാട്ടിന്ന് എറണാകുളത്തെത്താൻ ഒരു അര മുക്കാൽ മണിക്കൂറുണ്ട്. എന്ത് പരിപാടി ഉണ്ടെങ്കിലും രാത്രിയാവുമ്പോൾ തിരിച്ച് വീട്ടിൽ വരും.

അവരുടെ വാർദ്ധക്യത്തിൽ അച്ഛനും അമ്മയ്ക്കുമൊപ്പം സമയം ചെലവഴിക്കണമെന്ന് ആഗ്രഹമുള്ളത് കൊണ്ടാണ് എത്ര വൈകിയാണെങ്കിലും ഞാൻ വീട്ടിലേക്ക് വരുന്നത്,’ധ്യാൻ പറയുന്നു.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനാവുന്ന ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയിൽ വമ്പൻ താരനിരയോടൊപ്പം ധ്യാനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

Content Highlight: Dhyan Sreenivasan Says That He Is Like Jayakrishnan In Thoovanathumbikal Movie