മമ്മൂട്ടി അങ്കിളിന്റെ കയ്യില്‍ കാശുണ്ട്, ചോദിച്ചാല്‍ തരും, അവന്‍ തന്നില്ലെങ്കില്‍ ഞാന്‍ ചോദിച്ചു വാങ്ങുമെന്നാണ് അച്ഛന്‍ പറഞ്ഞത്: ധ്യാന്‍ ശ്രീനിവാസന്‍
Film News
മമ്മൂട്ടി അങ്കിളിന്റെ കയ്യില്‍ കാശുണ്ട്, ചോദിച്ചാല്‍ തരും, അവന്‍ തന്നില്ലെങ്കില്‍ ഞാന്‍ ചോദിച്ചു വാങ്ങുമെന്നാണ് അച്ഛന്‍ പറഞ്ഞത്: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th December 2022, 11:57 pm

അഭിനയിക്കുന്ന സിനിമകളെക്കാള്‍ അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. ശ്രീനിവാസന്‍ ആശുപത്രിയിലായിരുന്ന സമയത്ത് ധ്യാനിന്റെ അഭിമുഖങ്ങള്‍ കണ്ട് ചിരിക്കുമായിരുന്നു എന്ന് നേരത്തെ വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ധ്യാനിന്റെ അഭിമുഖം കണ്ട് ശ്രീനിവാസന്‍ വഴക്ക് പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് താരം. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസനെ പറ്റി ധ്യാന്‍ പറഞ്ഞത്.

‘പറഞ്ഞത് പറഞ്ഞതാണ്. ഇനി പറഞ്ഞത് വെച്ച് ചീത്ത വിളിക്കുന്ന ഒരാളൊന്നുമല്ല പുള്ളി. അങ്ങനെയാണെങ്കില്‍ നാട്ടുകാര്‍ മൊത്തം ഫോണ്‍ വിളിച്ച് ചീത്ത പറയേണ്ട കാര്യങ്ങള്‍ പുള്ളി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഞാന്‍ അച്ഛന്റെ ഒരു വീഡിയോ കണ്ടു. ചെന്നൈയിലുണ്ടായിരുന്ന സമയത്താണ്.

മമ്മൂട്ടി അങ്കിളിന്റെ കയ്യില്‍ കാശുണ്ട്. മമ്മൂട്ടി അങ്കിളിന്റെ കൂടെ പോയിക്കഴിഞ്ഞാല്‍ ഫുഡ് ഫ്രീ ആണ്. ഫുഡ് ഇങ്ങനെ കിട്ടിക്കൊണ്ടേയിരിക്കും. പിന്നെ കാശ് ചോദിച്ചാല്‍ ചിലപ്പോള്‍ അതും തരും. അവന്‍ തന്നില്ലെങ്കില്‍ ഞാന്‍ ചോദിച്ചു വാങ്ങുമെന്നാണ് അച്ഛന്‍ പറയുന്നത്.

അതേ ആറ്റിറ്റിയൂഡ് ആണല്ലോ നമുക്കും കിട്ടുക. അതേ അച്ഛന്റെ മകന്‍. അതേ ചോരയല്ലേ. അതിന് താഴത്തെ കമന്റ് വായിക്കുമ്പോള്‍ കാണുന്നത് ഇപ്പോള്‍ മനസിലായി ധ്യാന്‍ എന്താ ഇങ്ങനെയായതെന്ന്, ധ്യാനിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നൊക്കെയാണ്. ഫുള്‍ സപ്പോര്‍ട്ട് എനിക്ക്,’ ധ്യാന്‍ പറഞ്ഞു.

വീകമാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന ധ്യാന്‍ ശ്രീനിവാസന്റെ ചിത്രം. കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രം ഡിസംബര്‍ ഒമ്പതിന് തിയേറ്ററുകളിലേക്ക് എത്തും. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം, എബ്രഹാം മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: dhyan sreenivasan about mammootty and sreenivasan