വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍ ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു.
പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. തനിക്ക് പൃഥ്വിരാജിനൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതിനെ കുറിച്ച് തങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും എന്നാൽ തന്റെ തിരക്കുകൾ കാരണം നടക്കാതെ പോയെന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു. ചർച്ചക്കായി രണ്ട് വട്ടം മീറ്റിങ് ഇരുന്നിട്ടുണ്ടെന്നും ധ്യാൻ കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.
അദ്ദേഹത്തോടൊപ്പം ഒരു സിനിമ എന്റെ ആഗ്രഹമാണ്. അങ്ങനെയൊരു സിനിമ ആലോചിച്ചിട്ട് ഞാൻ രാജുവേട്ടന് മെസ്സേജ് വരെ അയച്ചിട്ടുണ്ട്.
രണ്ട് തവണ മീറ്റിങും ഇരുന്നിട്ടുണ്ട്. പക്ഷെ എനിക്ക് തിരക്കായിപ്പോയി. രാജുവേട്ടന്റെ തിരക്ക് വേറേ. രണ്ടുപേരും തിരക്കിലായാൽ എന്താണ് ചെയ്യുക. ആ തിരക്കിനിടയിൽ പടം നടക്കാതെ പോയി.
നടക്കാതെ പോയെന്ന് പറഞ്ഞാൽ അവിടെ വരെ പോയിട്ട് സിനിമ സംഭവിച്ചില്ല. രാജുവേട്ടന് ഞാൻ മെസ്സേജ് അയച്ചിരുന്നു. പുള്ളി ഏത് സമയത്ത് വേണമെങ്കിലും വന്നോയെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാൻ പോയില്ല,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.
അതേസമയം മലയാളത്തിലെ ഏറ്റവും വലിയ സിനിമയായി ഒരുങ്ങുന്ന എമ്പുരാന്റെ അണിയറ പ്രവർത്തനത്തിലാണ് പൃഥ്വിരാജിപ്പോൾ.