ധ്യാൻ ശ്രീനിവാസന്റെ കരിയർ ബെസ്റ്റ് സിനിമകളിൽ ഒന്നായിരിക്കുകയാണ് ‘വർഷങ്ങൾക്ക് ശേഷം’. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ ധ്യാൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തുടർച്ചയായി പരാജയം ഏറ്റുവാങ്ങുന്ന തന്റെ കരിയറിലെ ഹിറ്റ് പടമാണിതെന്ന് ധ്യാൻ മാധ്യമങ്ങളോട് പറയുന്നുണ്ട്. ചിത്രം നിറഞ്ഞ സദസോടെ മുന്നേറുകയാണ്. സിനിമ കാണാനായി തിയേറ്ററിൽ എത്തിയ ധ്യാൻ മാധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു.
അശ്വന്ത് കോക്കിന്റെ റിവ്യൂ കണ്ടിരുന്നോ എന്ന ചോദ്യത്തിന് അശ്വന്ത് നമ്മുടെ മുത്തല്ലേ എന്നായിരുന്നു ധ്യാനിന്റെ മറുപടി. കോക്കിന്റെ റിവ്യൂവിന്റെ താഴെ താങ്ക്യൂ കോക്ക് എന്ന കമന്റ് ഇട്ടിട്ടുണ്ടെന്നും ധ്യാൻ തമാശ രൂപേണ പറഞ്ഞു. ‘അശ്വന്ത് നമ്മുടെ മുത്തല്ലേ. ഞാൻ അശ്വന്തിന്റെ വീഡിയോയുടെ താഴെ താങ്ക്യൂ കോക്ക് എന്ന് കമന്റ് ഇട്ടിട്ടുണ്ട്. പക്ഷേ അശ്വന്തിന് മനസിലായില്ല ഞാനാണെന്ന്. അതിന് നാല് ലൈക്കേ ഉള്ളൂ,’ ധ്യാൻ ശ്രീനിവാസൻ തമാശ രൂപേണ പറഞ്ഞു.
പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. സിനിമാ ആഗ്രഹവുമായി തമിഴ്നാട്ടിലെ കോടമ്പാക്കത്തേക്ക് പോകുന്ന രണ്ടു സുഹൃത്തുക്കളുടെ കഥയാണ് വർഷങ്ങൾക്ക് ശേഷം.
ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീതും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, കല്ല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗിസ്, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയ വമ്പൻ താരനിര ഒന്നിക്കുന്നുണ്ട്.
ഏറെ നാളുകൾക്ക് ശേഷം വിനീതിനൊപ്പം നിവിൻ പോളിയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അതിഥി വേഷത്തിലാണ് താരം പടത്തിൽ എത്തുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം നിർമിക്കുന്നത് വിശാഖ് സുബ്രഹ്മണ്യമാണ്. ഹൃദയവും നിർമിച്ചത് വിശാഖ് ആയിരുന്നു.
തൊട്ടതെല്ലാം പൊന്നാക്കിയിട്ടുള്ള സംവിധായകനാണ് വിനീത് ശ്രീനിവാസൻ. ആ പതിവ് തെറ്റിച്ചിട്ടില്ല എന്നാണ് ചിത്രത്തിന്റെ ആദ്യ ഷോ കണ്ടിറങ്ങിയവരുടെ പ്രതികരണം സൂചിപ്പിക്കുന്നത്. 2024 ആരംഭത്തിൽ മലയാള സിനിമക്ക് ലഭിച്ച മികച്ച തുടക്കം വർഷങ്ങൾക്ക് ശേഷത്തിലൂടെയും തുടരുമെന്നാണ് പ്രേക്ഷകർ പറയുന്നത്.
Content Highlight: Dhyan sreenivasan about Aswanth kok’s review