ബി.സി.സി.ഐയുടെ പുതിയ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത് ദേവജിത് സൈകിയ. ഐ.സി.സിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് എത്തിയ ജെയ് ഷാക്ക് പകരമാണ് മുന്‍ അസം ക്രിക്കറ്റ് താരം ബി.സി.സി.ഐയുടെ സെക്രട്ടറിയാകുന്നത്.
ദേവജിത് സൈകിയയ്ക്ക് ക്രിക്കറ്റിലും നിയമമേഖലയിലുമായി ബഹുമുഖ പശ്ചാത്തലമുണ്ട്. മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം 1990നും 1991നും ഇടയില്‍ അസമിന് വേണ്ടി വിക്കറ്റ് കീപ്പറായി നാല് മത്സരങ്ങള്‍ കളിച്ചു.
അദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിതം ചെറുതായിരുന്നെങ്കിലും 53 റണ്‍സും 9 പുറത്താക്കലുകള്‍ നടത്താനും അദ്ദേഹത്തിന് കഴിഞ്ഞു. സ്‌പോര്‍ട്‌സ് ക്വാട്ട വഴി നോര്‍ത്തേണ്‍ ഫ്രോണ്ടിയര്‍ റെയില്‍വേയിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലും മുന്‍ താരം ജോലിയും നേടിയിരുന്നു.
തന്റെ ക്രിക്കറ്റിന് ശേഷം സൈകിയ നിയമരംഗത്തും സജീവമായിരുന്നു. സൈകിയ 28ാം വയസില്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു.
ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് ബോര്‍ഡ് ചര്‍ച്ച ചെയ്യുമ്പോള്‍ ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നിക്കൊപ്പം യോഗത്തില്‍ പങ്കെടുക്കുക എന്നതായിരുന്നു സെക്രട്ടറി എന്ന നിലയില്‍ സൈകിയയുടെ ആദ്യ ദൗത്യം.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ ഗൗതം ഗംഭീറും യോഗത്തില്‍ പങ്കെടുത്തതായി വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. മീറ്റിങ്ങില്‍ സീനിയര്‍ താരങ്ങളുടെ മോശം പ്രകടനത്തെക്കുറിച്ച് ബോര്‍ഡ് ചര്‍ച്ച നടത്തി. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചും ചോദ്യമുയര്‍ന്നിരുന്നു.
Content Highlight: Devajit Saikia Elected New B.C.C.I Secretary