ഈ വരവ് വെറുതെയാവില്ല, അയാൾ വീണ്ടും വരുന്നു, വിശാൽ കൃഷ്ണമൂർത്തിയെ ഇനി 4Kയിൽ കാണാം
Entertainment
ഈ വരവ് വെറുതെയാവില്ല, അയാൾ വീണ്ടും വരുന്നു, വിശാൽ കൃഷ്ണമൂർത്തിയെ ഇനി 4Kയിൽ കാണാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 17th June 2024, 1:49 pm

ആരാധകരെ വീണ്ടും സന്തോഷത്തിലാക്കിക്കൊണ്ട് മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. സിബി മലയില്‍ സംവിധാനം ചെയ്ത് 2000ത്തില്‍ പുറത്തിറങ്ങിയ ദേവദൂതനാണ് റീ റിലീസിനൊരുങ്ങുന്നത്. ഇറങ്ങിയ സമയത്ത് ബോക്‌സ് ഓഫീസില്‍ പരാജയമായ ചിത്രം കൊവിഡ് കാലഘട്ടത്തില്‍ വീണ്ടും ചര്‍ച്ചയായിരുന്നു.

അന്താരാഷ്ട്ര നിലവാരമുള്ള കഥയാണെന്നും, അന്നത്തെ കാലത്തെ പ്രേക്ഷകര്‍ക്ക് സിനിമ ദഹിക്കാതെ പോയതുകൊണ്ടാണ് സിനിമ പരാജയപ്പെട്ടതെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സംവിധായകന്‍ സിബി മലയില്‍ ദേവദൂതന്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും റിലീസ് ചെയ്യാനുള്ള പ്ലാനുണ്ടെന്ന് അറിയിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ റീ റിലീസിന്റെ ഭാഗമായി നിർമാതാക്കളായ കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ് ദേവദൂതന്റെ ഒരു പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. പറന്നുയരുന്ന പ്രാവിനെ നോക്കി നിൽക്കുന്ന വിശാൽ കൃഷ്ണമൂർത്തിയെ പോസ്റ്ററിൽ കാണാം. ചിത്രത്തിന്റെ ഡിജിറ്റൽ കളർ കറക്ഷൻ ജോലി പൂർത്തിയായതായി നിർമാതക്കൾ നേരത്തെ അറിയിച്ചിരുന്നു.

വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന സംഗീതജ്ഞന് തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ഒരു അമാനുഷിക സന്ദര്‍ഭവുമായി ബന്ധപ്പെട്ടുള്ള കഥയാണ് ചിത്രം പറഞ്ഞത്. വിദ്യാസാഗര്‍ എന്ന മാന്ത്രിക സംഗീതജ്ഞന്റെ മാസ്മരിക സംഗീതമായിരുന്നു സിനിമയുടെ ഹൈലൈറ്റ്.

ഇന്നും സിനിമയിലെ ഗാനങ്ങള്‍ക്ക് ആരാധകരേറെയാണ്. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞെന്നാണ് സിനിമയിലെ പാട്ടുകളെക്കുറിച്ചുള്ള അഭിപ്രായം. സെവന്‍ ബെല്‍സിന്റെ സംഗീതവും നിഖില്‍ മഹേശ്വറിന്റെയും അലീനയുടെയും പ്രണയവും 4കെ ദൃശ്യമികവില്‍ ബിഗ് സ്‌ക്രീനില്‍ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. മുമ്പ് റീ റിലീസായി എത്തിയ മോഹൻലാൽ ചിത്രം സ്ഫടികത്തിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ചത്.

 

Content Highlight: Devadoothan Movie Re Release Update