Advertisement
Entertainment
രണ്ടാം ദിവസം തന്നെ ഇന്റിമേറ്റ് സോങ്; സമാന്ത ഞാന്‍ എത്ര ടേക്കില്‍ ഓക്കെയാക്കുമെന്നറിയാന്‍ നോക്കിനിന്നു: ദേവ് മോഹന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 18, 02:45 am
Monday, 18th November 2024, 8:15 am

ഗുണശേഖര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2023ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായിരുന്നു ശാകുന്തളം. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം എന്ന ജനപ്രിയ നാടകത്തെ അടിസ്ഥാനമാക്കിയുള്ള ഈ സിനിമയില്‍ ശകുന്തളയായി അഭിനയിച്ചത് സമാന്തയായിരുന്നു.

ശാകുന്തളത്തില്‍ ദുഷ്യന്തനായി അഭിനയിച്ചത് സൂഫിയും സുജാതയും എന്ന മലയാള സിനിമയിലൂടെ ശ്രദ്ധേയനായ ദേവ് മോഹനായിരുന്നു. ഇപ്പോള്‍ സമാന്തയുടെ കൂടെ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് ദേവ് മോഹന്‍. ലൈഫ് നെറ്റ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘എനിക്ക് വളരെ നല്ല ഒരു എക്‌സ്പീരിയന്‍സായിരുന്നു അത്. എന്റെ കൂടെയുള്ള എക്‌സ്പീരിയന്‍സ് എങ്ങനെ ഉണ്ടായിരുന്നുവെന്ന് ഇനി സമാന്തയോട് ചോദിക്കണം (ചിരി). ആ പടം ചെയ്യാന്‍ രസമായിരുന്നു. അത് വേറെ തന്നെയൊരു കോസ്റ്റ്യൂം ഡ്രാമയായിരുന്നല്ലോ. അങ്ങനെയൊരു പരിപാടി ഞാന്‍ ആദ്യമായിട്ടായിരുന്നു.

പിന്നെ ആ സിനിമയില്‍ ഞങ്ങള്‍ക്ക് അത്യാവശ്യം റൊമാന്റിക്കായ സീനുകളൊക്കെയുണ്ട്. ഒരു ഇന്റിമേറ്റ് സോങ് ഉണ്ടായിരുന്നു. അത് ഞങ്ങള്‍ രണ്ടാമത്തെ ദിവസമാണ് ഷൂട്ട് ചെയ്യുന്നത്. പണിപാളിയെന്നായിരുന്നു ഞാന്‍ ആദ്യം കരുതിയത്. ഞാന്‍ വല്ലാതെ ടെന്‍ഷനായി.

രണ്ടാമത്തെ ദിവസം തന്നെ അങ്ങനെയൊരു പാട്ട് ഷൂട്ട് ചെയ്യുകയെന്ന് പറയുമ്പോള്‍ ബുദ്ധിമുട്ടായിരുന്നു. ഏത് പടമാണെങ്കിലും ഒന്നു സെറ്റായി വരാന്‍ എനിക്ക് ഒന്നോ രണ്ടോ ദിവസമെടുക്കും. ആ സമയത്താണ് ഈ പാട്ട് വരുന്നത്. രാജു മാസ്റ്റര്‍ വന്നിട്ട് ത്രീ ഫോര്‍ എന്നൊക്കെ പറഞ്ഞു, പിന്നാലെ മ്യൂസിക് വന്നു. ആകെ ബഹളമായി.

നമുക്ക് ഈ പരിപാടി എങ്ങനെയാണെന്ന് അറിയില്ലല്ലോ. നമ്മള്‍ സോങ് ഷൂട്ട് ചെയ്യാറുണ്ടെങ്കിലും കൊറിയോഗ്രാഫിന്റെ സെറ്റപ്പില്‍ ചെയ്തിട്ടില്ല. അവിടെയുള്ള ഒരു കാര്യവും എനിക്ക് അറിയില്ലായിരുന്നു. മാസ്റ്റര്‍ ത്രീ ഫോര്‍ പറയുമ്പോള്‍ നമ്മള്‍ നടക്കണമല്ലേയെന്ന ചിന്തയില്‍ ആയിരുന്നു ഞാന്‍.

അങ്ങനെ ആകെ മൊത്തം മണ്ടത്തരങ്ങളാണ് ഞാന്‍ ചെയ്തത്. സമാന്ത ഈ സമയമൊക്കെ മാറിനിന്ന് ‘ഇവന്‍ ഇതെത്ര ടേക്കിലാകും ഓക്കെയാക്കുന്നത്’ എന്നോര്‍ത്ത് എന്നെ നോക്കുന്നുണ്ടായിരുന്നു. അവസാനം എനിക്ക് ഈ പരിപാടി അറിയില്ലെന്ന് ഞാന്‍ തുറന്നു പറഞ്ഞു.

നമ്മുടെ ഇന്‍ഡസ്ട്രി വര്‍ക്ക് ചെയ്യുന്നത് വേറൊരു സ്റ്റൈലില്‍ ആണെന്ന് അവര്‍ക്കും അറിയാമായിരുന്നു. സമയമെടുത്തോളൂ പതുക്കെ ചെയ്താല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെയൊക്കെയാണ് ആ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞത്.

പിന്നെ ആ സെറ്റില്‍ നിന്ന് വരുമ്പോള്‍ നല്ല വിഷമം ഉണ്ടായിരുന്നോയെന്ന് ചോദിച്ചാല്‍, അവര്‍ക്ക് വിഷമമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ എനിക്ക് ഉണ്ടായിരുന്നു. കാരണം അത് കഴിഞ്ഞ് ചെയ്യാനുള്ള പടങ്ങളൊന്നും എനിക്ക് കിട്ടിയിരുന്നില്ല (ചിരി),’ ദേവ് മോഹന്‍ പറഞ്ഞു.


Content Highlight: Dev Mohan Talks About His Experience In Shaakunthalam Movie With Samantha