'ഭയങ്കര ഉയരവും തടിയുമാണെന്ന് വിചാരിച്ചു, ഇതൊരു ചെറിയ ചെക്കന്‍ എന്ന് മമ്മൂക്ക പറഞ്ഞു'
Entertainment news
'ഭയങ്കര ഉയരവും തടിയുമാണെന്ന് വിചാരിച്ചു, ഇതൊരു ചെറിയ ചെക്കന്‍ എന്ന് മമ്മൂക്ക പറഞ്ഞു'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th August 2023, 11:10 am

മമ്മൂട്ടിക്കൊപ്പമുണ്ടായ അനുഭവം പങ്കുവെക്കുകയാണ് നടന്‍ ദേവ് മോഹന്‍. ഹൈദരാബാദില്‍ ഡബ്ബിങ്ങിന്റെ ആവശ്യത്തിനായി വന്നപ്പോള്‍ താന്‍ താമസിച്ച ഹോട്ടലില്‍ മമ്മൂട്ടിയും ഉണ്ടായിരുന്നുവെന്ന് ദേവ് പറഞ്ഞു. അന്ന് മമ്മൂട്ടി പറഞ്ഞ ഒരു കമന്റും ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ദേവ് മോഹന്‍ പങ്കുവെച്ചു.

‘മമ്മൂക്കയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പരോള്‍ എന്ന സിനിമയുടെ ഷൂട്ട് ബെംഗളൂരുവില്‍ നടക്കുമ്പോള്‍ ഞാന്‍ അവിടെ വര്‍ക്ക് ചെയ്യുന്ന സമയമാണ്. അന്നാണ് ഞാന്‍ ആദ്യമായി മമ്മൂക്കയെ കാണുന്നത്. അന്നാണ് ജോര്‍ജേട്ടനേയും പരിചയപ്പെടുന്നത്.

നേരത്തെ ഹൈദരാബാദില്‍ മമ്മൂക്കയുടെ ഒരു സിനിമയുടെ ഷൂട്ട് ഉണ്ടായിരുന്നു. അപ്പോള്‍ ഡബ്ബിങ്ങിന്റെ ആവശ്യത്തിനായി ഞാനും അവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍ ഒരു ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഞാന്‍ വിചാരിച്ചു, ഭയങ്കര ഉയരവും തടിയുമുള്ള ഒരാളായിരിക്കുമെന്ന്, ഇതൊരു ചെറിയ ചെക്കന്‍ എന്ന് മമ്മൂക്ക പറഞ്ഞു. മമ്മൂക്ക എല്ലാവരേയും നോട്ടീസ് ചെയ്യുന്നുണ്ട്,’ ദേവ് മോഹന്‍ പറഞ്ഞു.

ശാകുന്തളമാണ് ഒടുവില്‍ റിലീസ് ചെയ്ത ദേവ് മോഹന്റെ ചിത്രം. സാമന്ത ആയിരുന്നു ചിത്രത്തില്‍ നായിക. ശാകുന്തളത്തിലെ അനുഭവങ്ങളും അഭിമുഖത്തില്‍ ദേവ് മോഹന്‍ പങ്കുവെച്ചു.

‘ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന ആഗ്രഹമായിരുന്നു ദുഷ്യന്തന്‍ പോലൊരു കഥാപാത്രം. സര്‍പ്രൈസായിട്ടാണ് ശാകുന്തളം കിട്ടിയത്. ഞാന്‍ മലയാളം സിനിമയില്‍ അഭിനയിച്ചപ്പോള്‍ മേക്കപ്പ് ചെയ്തിരുന്നില്ല. ആദ്യമായി മേക്കപ്പിട്ടത് ശാകുന്തളത്തിന് വേണ്ടിയാണ്.

രണ്ട് മണിക്കൂറോളമായിരുന്നു മേക്കപ്പ്. അതൊരു ടാസ്‌ക്കായിരുന്നു. സൂഫിയും സുജാതയും ചെയ്യുന്ന സമയത്ത് എനിക്ക് ജോലിയുമുണ്ടായിരുന്നു. കുതിരയെ റൈഡ് ചെയ്യാന്‍ പഠിച്ചു. വളരെ ടഫാണ് കുതിരയെ റൈഡ് ചെയ്യാന്‍. എല്ലാ ദിവസവും മൂന്ന് മണിക്കൂര്‍ കുതിരയെ റൈഡ് ചെയ്യുമായിരുന്നു.

കുതിരയുടെ മുകളില്‍ നിന്ന് വീണിട്ടില്ല. തെലുങ്ക് അറിയാമെങ്കിലും ശാകുന്തളത്തില്‍ അഭിനയിക്കുമ്പോള്‍ ഡയലോഗ് പഠിക്കാന്‍ സാമന്തയും ബുദ്ധിമുട്ടി. കാരണം പ്യൂര്‍ തെലുങ്കായിരുന്നു ശാകുന്തളത്തില്‍ ഉപയോഗിച്ചിരുന്നത്,’ ദേവ് മോഹന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Dev Mohan shares and experience with Mammootty