Advertisement
Entertainment
സൂഫിയിൽ നിന്നെന്നെ മാറ്റി മറ്റൊരാളെ ചിന്തിച്ചിരുന്നെന്ന് എനിക്കറിയാം; അവരെന്നേക്കാൾ സുന്ദരന്മാരും ആണ്: ദേവ് മോഹൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 04, 04:48 am
Tuesday, 4th July 2023, 10:18 am

സൂഫി എന്ന കഥാപാത്രമായി തന്നെ തെരഞ്ഞെടുത്തിട്ട് പോലും വീണ്ടും അതേ കഥാപാത്രത്തിനായി മറ്റൊരാളെ ചിന്തിച്ചിട്ടുണ്ടെന്ന് നടൻ ദേവ് മോഹൻ. മലയാള സിനിമയിലെ തന്നെ മികച്ച നടന്മാരെയാണ് ആ കഥാപാത്രം ചെയ്യാൻ തീരുമാനിച്ചിരുന്നതെന്നും തന്നെ കഥാപാത്രത്തിൽ നിന്നും മാറ്റുമോയെന്ന പേടി ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായായിരുന്നു അദ്ദേഹം.

‘സൂഫിയും സുജാതയും എന്ന പടത്തിന്റെ ഓഡിഷന് ശേഷം കുറച്ചുനാൾ കഴിഞ്ഞപ്പോൾ കഥ പറയാം എന്ന് പറഞ്ഞ്‌ അവർ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. കഥ പറഞ്ഞതിന് ശേഷം അവർ എന്നോട് പറഞ്ഞു നിങ്ങളാണ് സൂഫിയെന്ന്. സിനിമ ഒരിക്കലും ഒരു കോർപറേറ്റ് ജോബ് അല്ല, നമുക്ക് ഒരു ഉറപ്പ് പറയാൻ പറ്റില്ല. അതുകൊണ്ട് സെലക്ഷൻ കിട്ടിയ കാര്യം ഞാൻ ആരോടും പറഞ്ഞില്ല. എന്റെ ഒരു സുഹൃത്തിനോട് മാത്രം പറഞ്ഞു. ഇനി എങ്ങാനും ഇത് നടന്നില്ലെങ്കിൽ നാണക്കേടാണ്. അതിനെപ്പറ്റി രണ്ട് വര്ഷം ആരോടും പറഞ്ഞില്ല.

2018 ൽ ആണ് ഓഡിഷൻ നടക്കുന്നത്. സിനിമയുടെ ഷൂട്ട് കഴിയുന്നത് 2020 ഫെബ്രുവരിയിൽ ആണ്. റിലീസാകുന്നത് ജൂലായ് മാസത്തിലും. അതിനിടക്ക് അവർക്ക് ഹീറോയിൻ ആയിട്ട് ആരെ തിരഞ്ഞെടുക്കും എന്ന കാര്യത്തിൽ ഒരു കൺഫ്യൂഷൻ വന്നു. നായികയായി അവർ തെരഞ്ഞെടുത്ത ആൾക്ക് ഡേറ്റ് പ്രശ്നം വന്നു. അങ്ങനെ ഒരുപാട് ആളുകളെ നോക്കി. സിനിമയല്ലേ, എപ്പോഴും എല്ലാം മാറിക്കൊണ്ടിരിക്കുമല്ലോ.

എന്നെ വരെ മാറ്റി ചിന്തിച്ചിരുന്നെന്ന് എനിക്കറിയാം. അങ്ങനെ സംഭവിച്ചിരുന്നു. അവിടെ പല പേരുകളും വന്നിട്ടുണ്ട്. ഓരോ പേരുകൾ പറയുമ്പോഴും എനിക്ക് പേടിയാണ്. അവരെല്ലാം ഇൻഡസ്ട്രിയിൽ നിൽക്കുന്ന ആളുകളാണ്. വളരെ സുന്ദരന്മാരും ആണ്,’ ദേവ് മോഹൻ പറഞ്ഞു.

Content Highlights: Dev Mohan on Soofiyum Sujathayum