[share]
[] ആലുവ: പെരിയാര്‍ തീരത്തെ മഴവില്‍ റസ്റ്റോറന്റ് പൊളിയ്ക്കണമെന്ന ജില്ല കളക്ടറുടെ ഉത്തരവിനെത്തുടര്‍ന്ന് റസ്റ്റോറന്റ് പൊളിയ്ക്കല്‍ ആരംഭിച്ചു.
പൊതുമരാമരത്ത് വകുപ്പിന്റെ കെട്ടിട വിഭാഗമാണ് റസ്റ്റോറന്റ് പൊളിയ്ക്കുന്നത്. സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് ജില്ല കളക്ടര്‍ റെസ്‌റ്റോറന്റ് പൊളിയ്ക്കുന്നതിന് നിര്‍ദേശം നല്‍കിയത്.
പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിയ്ക്കുന്ന മഴവില്‍ റസ്‌റ്റോറന്റ് പൊളിച്ച് നീക്കണമെന്ന് ആറ് മാസം മുന്‍പാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് തയ്യാറാകത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു.
കെ.ടി.ഡി.സി ചെയര്‍മാന്‍, എറണാകുളം ജില്ലാ കളക്ടര്‍, ടൂറിസം സെക്രട്ടറി, ആലുവ നഗരസഭ ചെയര്‍മാന്‍ എന്നിവരോട് സുപ്രീം കോടതിയില്‍ ഹാജരാവാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയായിരുന്നു.
റെസ്റ്റോറന്റ് പൊളിച്ച് നീക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം സുപ്രീം കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. ഒരു മണിക്കൂര്‍ പോലും റസ്‌റ്റോറന്റ് പ്രവര്‍ത്തിയ്ക്കാന്‍ പാടില്ലെന്നായിരുന്നു കോടതി ഉത്തരവ്.
നിര്‍മ്മാണത്തിന് മുന്‍പ് പരിസ്ഥിതി ആഘാത പഠനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തിയിട്ടില്ലെന്നും മഴക്കാലത്ത് കെട്ടിടത്തിന്റെ ഒരു ഭാഗം മുങ്ങുന്നത് പതിവാണെന്നും ചൂണ്ടികാണിച്ച് അസോസിയേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റ് പ്രൊട്ടെക്ഷന്‍ എന്ന സംഘടനസമര്‍പ്പിച്ച ഹരജിയെത്തുടര്‍ന്നായിരുന്നു കോടതി ഉത്തരവ്.
2013 ജൂലൈ രണ്ടിന് റസ്‌റ്റോറന്റ് പൊളിയ്ക്കണമെന്ന് കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ പെറ്റീഷന്‍ കഴിഞ്ഞ ജനുവരിയില്‍ തള്ളിയിരുന്നു. ഇതിനെത്തുടര്‍ന്ന റസ്റ്റോറന്റ് പൊളിയ്ക്കാത്തതിനെത്തുടര്‍ന്നാണ് അസോസിയേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റ് പ്രൊട്ടെക്ഷന്‍ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്തത്.
ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ് പെരിയാര്‍ തീരം നികത്തി മഴവില്‍ റസ്റ്റോറന്റ് നിര്‍മ്മിച്ചത്.