national news
ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാരോപണ കേസ്; ദല്‍ഹി പൊലീസിന് നോട്ടീസയച്ച് ദല്‍ഹി വനിത കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 23, 01:44 pm
Sunday, 23rd April 2023, 7:14 pm

ന്യൂദല്‍ഹി: വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത നടപടിയില്‍ ദല്‍ഹി പൊലീസിന് നോട്ടീസയച്ച് ദല്‍ഹി വനിത കമ്മീഷന്‍. ലൈംഗികാരോപണത്തില്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആരോപിച്ച് ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധ സമരം ആരംഭിച്ചതിന് പിന്നാലെയാണ് വനിതാ കമ്മീഷന്റെ നടപടി.

പരാതിയില്‍ എത്രയും വേഗം കേസ് രജിസ്റ്റര്‍ ചെയ്യാനും രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് നോട്ടീസില്‍ നിര്‍ദേശമുള്ളത്. ബ്രിജ് ഭൂഷണിനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയ്യാറാവാത്തത് ഗുരുതരമായ അനാസ്ഥയാണെന്ന് ദല്‍ഹി വനിത കമ്മീഷന്‍ ചെയര്‍മാന്‍ സ്വാതി മലിവാള്‍ പറഞ്ഞു.

‘വെള്ളിയാഴ്ച്ച തന്നെ ദല്‍ഹിയിലെ കണൗട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ താരങ്ങള്‍ ബ്രിജ് ഭൂഷണിനെതിരെ പരാതി നല്‍കിയിരുന്നു. പക്ഷെ ഇതുവരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. പരാതിയെക്കുറിച്ച് സ്റ്റേഷന്‍ ഓഫീസറോട് ചോദിച്ചപ്പോള്‍ ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.

തിങ്കളാഴ്ച്ചയോടെ കേസില്‍ നടപടിയെടുക്കാന്‍ തയ്യാറാകുമോ എന്ന ചോദ്യത്തിന് അങ്ങനെയൊരു ഉറപ്പ് നല്‍കാന്‍ സാധിക്കില്ലെന്നെന്നാണ് പൊലീസ് എന്നോട് പറഞ്ഞത്. ഇത് കടുത്ത നീതി നിഷേധമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കമുള്ള ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയിരിക്കുന്നത്. ഇതില്‍ ശക്തമായ അന്വേഷണം നടക്കണം,’ സ്വാതി മലിവാള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ട്വിറ്ററിലൂടെ നോട്ടീസിന്റെ പകര്‍പ്പും സ്വാതി ഷെയര്‍ ചെയ്തിട്ടുണ്ട്.

ഞായറാഴ്ച്ച രാവിലെയാണ് ലൈംഗിക ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഗുസ്തി താരങ്ങള്‍ വീണ്ടും സമരത്തിനിറങ്ങിയത്. കഴിഞ്ഞ ജനുവരിയിലും സമാന കേസില്‍ പ്രതിഷേധവുമായി ഒളിമ്പിക് ജേതാക്കളടക്കമുള്ള 30 താരങ്ങള്‍ സമരം ചെയ്തിരുന്നു.

തുടര്‍ന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചര്‍ച്ചയില്‍ പരാതി അന്വേഷിക്കാന്‍ സമിതിയെ നിയമിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണ കമ്മീഷന്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ബ്രിജ് ഭൂഷണെ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും അറസ്റ്റ് ചെയ്യാനോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനോ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സമരവുമായി താരങ്ങള്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Content Highlight: Delhi women commission issue notice on brij  bhushan singh