ന്യൂദൽഹി: ഫെബ്രുവരി അഞ്ചിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ, വിദ്യാസമ്പന്നരും തൊഴിലില്ലാത്തവരുമായ യുവാക്കൾക്ക് ഒരു വർഷത്തേക്ക് പ്രതിമാസം 8,500 രൂപ നൽകുമെന്ന വാഗ്ദാനവുമായി കോൺഗ്രസ്.
തിങ്കളാഴ്ച കിഴക്കൻ ദൽഹിയിലെ സീലംപൂരിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മെഗാ റാലിക്ക് ഒരു ദിവസം മുന്നോടിയായാണ് വിദ്യാസമ്പന്നരും തൊഴിലില്ലാത്തവരുമായ യുവാക്കളെ ആകർഷിക്കാൻ ‘യുവ ഉദാൻ യോജന’ പ്രഖ്യാപിച്ചത്.
വായൂമലിനീകരണം, തൊഴിലില്ലായ്മ എന്നിവയിൽ ദുരിതമനുഭവിക്കുന്ന നഗരത്തെ രക്ഷിക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് മുൻ കേന്ദ്രമന്ത്രി സച്ചിൻ പൈലറ്റും ദൽഹി കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ദേവേന്ദർ യാദവും പറഞ്ഞു. വിദ്യാ സമ്പന്നരായ തൊഴിലില്ലാത്ത യുവാക്കളുടെ കാര്യത്തിൽ കേന്ദ്ര സർക്കാരും ദൽഹി സർക്കാർ ഒട്ടും ശ്രദ്ധ ചെലുത്തിയിട്ടില്ലെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു.
‘വിദ്യാഭ്യാസമുള്ളവരും തൊഴിലില്ലാത്തവരുമായ യുവാക്കളുടെ കാര്യം ഏറ്റെടുക്കുന്നതിൽ കേന്ദ്ര, ദൽഹി സർക്കാരുകൾ പരാജയപ്പെട്ടു. രാജീവ്ജിയുടെയും മൻമോഹൻ സിങ്ങിൻ്റെയും സർക്കാരുകൾ ഐ.ടി വിപ്ലവവും സാമ്പത്തിക പരിഷ്കാരങ്ങളും കൊണ്ടുവന്നു, അത് യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. രാഹുൽ ഗാന്ധിയും ഖാർഗെയും വിദ്യാസമ്പന്നരും തൊഴിലില്ലാത്തവരുമായ യുവാക്കളുടെ കാര്യത്തിൽ ആശങ്കാകുലരാണ്. ഞങ്ങൾ ഒരു വർഷം വരെ പ്രതിമാസം 8,500 രൂപ ഉറപ്പുനൽകുകയും അവർക്ക് ഉയർന്ന കമ്പനികളിൽ പരിശീലനം നൽകുകയും ചെയ്യും,’ സച്ചിൻ പൈലറ്റ് പറഞ്ഞു.
തൊഴിലില്ലാത്ത യുവാക്കൾക്ക് അവരുടെ കഴിവുകൾ മെച്ചപ്പെടുത്താനും സ്വയം തൊഴിൽ ചെയ്യാനും തങ്ങൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി എ.എ.പി ഭരണത്തിന് കീഴിൽ, ലോകോത്തര തലസ്ഥാനമെന്ന നിലയിൽ നിന്ന്, വായൂമലിനീകരണം തൊഴിലില്ലായ്മ” എന്നിവയാൽ കഷ്ടപ്പെടുന്ന ഒരു നഗരമായി ദൽഹി അധഃപതിച്ചതായും സച്ചിൻ പൈലറ്റ് പറഞ്ഞു. യൂത്ത് ഐക്കണായി ഉയർത്തിക്കാട്ടപ്പെട്ട എൻ.എസ്.യു.ഐ പ്രസിഡൻ്റ് വരുൺ ചൗധരിയും യോഗത്തിൽ പങ്കെടുത്തു.
Content Highlight: Delhi poll: Congress guarantees Rs 8,500 per month to jobless youth