സിഖ് വിരുദ്ധ കലാപത്തിലെ പ്രതികളെ വെറുതെ വിട്ട വിധി; അപ്പീല്‍ നല്‍കാന്‍ ദല്‍ഹി ഗവര്‍ണറുടെ അനുമതി
national news
സിഖ് വിരുദ്ധ കലാപത്തിലെ പ്രതികളെ വെറുതെ വിട്ട വിധി; അപ്പീല്‍ നല്‍കാന്‍ ദല്‍ഹി ഗവര്‍ണറുടെ അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th November 2023, 6:30 pm

ന്യൂദല്‍ഹി: 1984 സിഖ് വിരുദ്ധ കലാപ കേസിലെ ആറ് പ്രതികളെ വെറുതേവിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കി ദല്‍ഹി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന. കാലതാമസത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയ എല്‍.ജി എഴ് ദിവസത്തിനകം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

വടക്ക് പടിഞ്ഞാറന്‍ ദല്‍ഹിയിലെ സരസ്വതി വിഹാര്‍ പോലീസ് സ്റ്റേഷനില്‍ (സുഭാഷ് പ്ലേസ്) നടന്ന സിഖ് വിരുദ്ധ കലാഭത്തിനിടയുണ്ടായ കൊള്ളയിലും സംഘര്‍ഷത്തിലും ഹരിലാല്‍, മംഗള്‍, ധരംപാല്‍, ആസാദ്, ഓം പ്രകാശ്, അബ്ദുല്‍ഹബീബ്, എന്നീ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

എല്ലാ പ്രതികളെയും വെറുതെവിട്ട വിചാരണ കോടതി വിധിക്കെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ 2023 ജൂലായില്‍ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നതിനുള്ള ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശമാണ് എല്‍.ജി അംഗീകരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

1995 മാര്‍ച്ച് 28ലെ വിചാരണ കോടതി വിധിക്കെതിരെ 28 വര്‍ഷത്തെ അസാധാരണ കാലതാമസത്തിന് ശേഷം അപ്പില്‍ നല്‍കുന്നതില്‍ സര്‍ക്കാറിന്റെ വാദങ്ങള്‍ക് ന്യായീകരിക്കാവുന്നതല്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

സമാനമായി നംഗ്ലോയ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു സിഖ് വിരുദ്ധ കലാപ കേസില്‍ 12 പേരെ കുറ്റവിമുക്തരാക്കിയതിനെതിരെ സുപ്രീം കോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റിഷന്‍ ഫയല്‍ ചെയ്യാന്‍ എല്‍.ജി നേരത്തെ അനുമതി നല്‍കിയിരുന്നു.

ഇത്തരം കേസുകളിലെ അമിതമായ കാലതാമസം ഗുരുതരമായി കാണണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

content highlight : Delhi L-G allows filing of appeal in SC against acquittal of six accused in 1984 anti-Sikh riots case