ന്യൂദല്‍ഹി: രാജ്യതലസ്ഥാനം കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദല്‍ഹി ഹൈക്കോടതി. കേന്ദ്രത്തിന് എന്താണ് യാഥാര്‍ത്ഥ്യം മനസ്സിലാകാത്തതെന്ന് കോടതി ചോദിച്ചു.
ചുറ്റും സംഭവിക്കുന്ന കാര്യങ്ങളെ എങ്ങനെയാണ് കേന്ദ്രത്തിന് ഇങ്ങനെ അവഗണിക്കാനും മറന്നുകളയാനും സാധിക്കുന്നതെന്ന് കോടതി ചോദിച്ചു. ഓക്‌സിജനില്ലാത്തതിന്റെ പേരില്‍ ജനങ്ങളെ മരണത്തിന് വിട്ടുകൊടുക്കാനാകില്ലെന്നും കോടതി പറഞ്ഞു.
ദല്‍ഹിയിലെ മാക്‌സ് ഹോസ്പിറ്റല്‍സ് നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കവേയാണ് കോടതി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായി ഭാഷയില്‍ പ്രതികരിച്ചത്. തങ്ങളുടെ രണ്ട് ആശുപത്രികളില്‍ ഓക്‌സിജന്‍ തീര്‍ന്നിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാക്‌സ് ഹോസ്പിറ്റല്‍സ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ദിവസവും കേന്ദ്രത്തിന്റെ വാക്സിന്‍, ഓക്സിജന്‍ വിതരണ നയത്തെ ചോദ്യം ചെയ്തുകൊണ്ട് ദല്‍ഹി കോടതി രംഗത്തെത്തിയിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട് ദല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിച്ച് സംസാരിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് വിപിന്‍ സംഘി, രേഖ പല്ലി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ദല്‍ഹിയില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യത്തിന് ഓക്സിജന്‍ ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി, അത് വ്യവസായ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാക്കാന്‍ സാധിക്കുമോ എന്നും ചോദിച്ചു.
‘വ്യവസായങ്ങള്‍ക്ക് കാത്തുനില്‍ക്കാം, കൊവിഡ് രോഗികള്‍ക്ക് അതിന് സാധിക്കില്ലല്ലോ, ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാണ്,’ കോടതി പറഞ്ഞു. ഓക്സിജന് ക്ഷാമം നേരിടുന്നത് കാരണം ഗംഗാ റാം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൊവിഡ് രോഗികള്‍ക്ക് നല്‍കുന്ന ഓക്സിജന്റെ അളവ് കുറയ്ക്കാന്‍ നിര്‍ബന്ധിതരാവുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായും കോടതി പറഞ്ഞു.
ഏപ്രില്‍ 22 മുതല്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള ഓക്സിജന്‍ വിതരണം നിര്‍ത്തിവെക്കുമെന്നാണ് കേന്ദ്രം പറഞ്ഞത്. എന്നാല്‍ എന്തിനാണ് അതുവരെ കാത്തു നില്‍ക്കുന്നതെന്ന് കോടതി തിരിച്ചു ചോദിച്ചു. ഏപ്രില്‍ 22 വരെ നിങ്ങള്‍ രോഗികളോട് കാത്തിരിക്കൂ എന്ന് പറയാന്‍ പോവുകയാണോ എന്നും കോടതി ചോദിച്ചു.
130 കോടി ജനങ്ങളുള്ളതില്‍ കൊവിഡ് പിടിപെടാത്ത ബാക്കി ജനതയെ എങ്കിലും രക്ഷിക്കണമെന്ന് കോടതി പറഞ്ഞു. തങ്ങള്‍ ഇവിടെ ഉള്ളത് ഭരിക്കാനല്ലെന്നും എന്നാല്‍ കേന്ദ്രം സാഹചര്യം മനസിലാക്കി പെരുമാറണമെന്നും കോടതി പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക