ന്യൂദല്‍ഹി: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ കിരീടനേട്ടത്തിലെത്തിച്ചതില്‍ മുഖ്യപങ്കാളിയായ ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദിന് ദല്‍ഹി സര്‍ക്കാര്‍ 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.[]
നിയമസഭയില്‍ വെച്ച് ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ച്വറി നേടിയ ഉന്മുക്തിനെ സഭ പ്രത്യേകം അഭിനന്ദിച്ചു. രാജ്യത്തിന്റെ അഭിമാനമാണ് ഉന്മുക്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൂര്‍ണമെന്റില്‍ ഉടനീളം ഉന്മുക്ത് മികച്ച നേതൃപാടവവും പോരാട്ടവീര്യവുമാണ് പുറത്തെടുത്തത്. അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യയിലേക്ക് തന്നെ കൊണ്ടുവരാന്‍ ടീമിന്റെ പ്രയത്‌നം പ്രശംസ അര്‍ഹിക്കുന്നതാണെന്നും അതില്‍ തന്നെ ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദല്‍ഹി സര്‍ക്കാരിന്റെ പാരിതോഷികത്തില്‍ താന്‍ സന്തോഷവാനാണെന്നും ഇന്ത്യന്‍ ടീമിനായി ഇനിയും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസം ഉണ്ടെന്നും ഉന്മുക്ത് പറഞ്ഞു.