ആം ആദ്മി വിടാന്‍ സമ്മര്‍ദം, മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്തു; സി.ബി.ഐ ചോദ്യം ചെയ്യലിന് ശേഷം ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ
national news
ആം ആദ്മി വിടാന്‍ സമ്മര്‍ദം, മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്തു; സി.ബി.ഐ ചോദ്യം ചെയ്യലിന് ശേഷം ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th October 2022, 10:42 pm

ന്യൂദല്‍ഹി: എക്‌സൈസ് നയ അഴിമതി കേസില്‍ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സി.ബി.ഐ ഓഫീസില്‍ നിന്ന് പുറത്തുവന്നു. ചോദ്യം ചെയ്യലിന് ശേഷം ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം സി.ബി.ഐക്കെതിരെ നടത്തിയത്.

ആം ആദ്മി പാര്‍ട്ടി വിടാന്‍ തന്നോട് സമ്മര്‍ദം ചെലുത്തിയെന്നും മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്‌തെന്നും മനീഷ് സിസോദിയ ആരോപിച്ചു.

ദല്‍ഹിയില്‍ ബി.ജെ.പിയുടെ ‘ഓപ്പറേഷന്‍ ലോട്ടസ്’ വിജയിപ്പിക്കാനുള്ള ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള വ്യാജ എക്‌സൈസ് കേസെന്നും സിസോദിയ പറഞ്ഞു. തങ്ങള്‍ മുന്നോട്ടുവെക്കുന്ന ഓഫറുകള്‍ അംഗീകരിച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് സി.ബി.ഐ ഭീഷണിപ്പെടുത്തിയെന്നും സിസോദിയ പറഞ്ഞു.

അതേസമയം, സിസോദിയയെ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് സിസോദിയ നേരത്തെ ആരോപിച്ചിരുന്നു.

കെജ്‌രിവാളിനോടും ഭഗവന്ത് മാനിനോടുമൊപ്പം ഗുജറാത്തില്‍ പ്രചരണത്തിന് താനും പോകേണ്ടതായിരുന്നുവെന്നും ഇത് തടയാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലുള്ള സി.ബി.ഐയുടെ നടപടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിയമവിരുദ്ധമായി സ്വകാര്യ വ്യക്തികള്‍ക്ക് മദ്യശാലകളുടെ ലൈസന്‍സ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നതാണ് ദല്‍ഹി മദ്യ നയ അഴിമതി കേസ്. പുതിയ മദ്യനയത്തിന്റെ ഭാഗമായി ലൈസന്‍സ് കിട്ടാന്‍ സിസോദിയയുടെ അടുപ്പക്കാര്‍ മദ്യ വ്യാപാരികളില്‍ നിന്നും കോടികള്‍ കോഴ വാങ്ങി എന്നാണ് ആരോപണം.
സിസോദിയ ഉള്‍പ്പടെ 14 പേരാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍.

വസതിയില്‍നിന്നും മാതാവിന്റെ അനുഗ്രഹം വാങ്ങിയാണ് സിസോദിയ സി.ബി.ഐ ആസ്ഥാനത്തേക്ക് പുറപ്പെട്ടത്. ആം ആദ്മി പാര്‍ട്ടി നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സിസോദിയയുടെ വീട്ടിലേക്ക് പ്രവര്‍ത്തകര്‍ എത്താതിരിക്കാന്‍ പൊലീസ് വീടിനടുത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു.