Advertisement
national news
കൊവിഡ് രണ്ടാം തരംഗം; രോഗബാധിതരാകുന്നതില്‍ കൂടുതല്‍ അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെന്ന് ഡോക്ടര്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 16, 04:57 am
Friday, 16th April 2021, 10:27 am

ദല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് രോഗം ബാധിക്കുന്നത് വര്‍ധിക്കുന്നുവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രോഗം ബാധിച്ച് ആശുപത്രിയിലെത്തുന്ന കുട്ടികളുടെ എണ്ണം കാര്യമായി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് രണ്ടാം തരംഗം കുഞ്ഞുങ്ങളെ കാര്യമായി ബാധിക്കുന്നതായി നിലവിലെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നുവെന്ന് സര്‍ ഗംഗാ റാം ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം തലവന്‍ ധീരേന്‍ ഗുപ്ത പറഞ്ഞു.

ഇത്തവണ കൊവിഡ് ബാധിച്ചെത്തിയ കുട്ടികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അഞ്ചിരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. മൂന്ന് മാസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് രോഗം മൂര്‍ഛിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ഒരു വയസ്സുമുതല്‍ അഞ്ച് വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് കൂടുതലായി രോഗം ബാധിക്കുന്നതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.

കടുത്ത പനി, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളാണ് കൂടുതലായും കുട്ടികളില്‍ കാണപ്പെടുന്നത്.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 1185 മരണവും സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

1,42,91,917 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ്? സ്ഥിരീകരിച്ചത്. 1,25,47,866 പേര്‍ രോഗമുക്തി നേടി. 15,69,743പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,74,308 പേര്‍ക്കാണ് കൊവിഡ് മൂലം ഇതുവരെ രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം രൂക്ഷം. ആരോഗ്യസംവിധാനങ്ങളുടെ അഭാവവും കൊവിഡ് പ്രതിരോധത്തിന് ഇവിടെ പ്രതികൂലമാകുന്നു. ഓക്‌സിജന്‍ ക്ഷാമവും കിടക്ക സൗകര്യം ഇല്ലാത്തതും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Covid 19 Infected In Infants Below 5