Advertisement
national news
ദല്‍ഹിയില്‍ അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമം, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവ നടപ്പിലാക്കില്ല; കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 06, 04:52 am
Monday, 6th January 2020, 10:22 am

ന്യൂദല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരത്തില്‍ വരികയാണെങ്കില്‍ പൗരത്വ നിയമം, എന്‍.ആര്‍.സി എന്നിവ ഇപ്പോഴത്തെ രീതിയില്‍ നടപ്പിലാക്കില്ലെന്ന് ദല്‍ഹി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രകടനപത്രിക തീരുമാനിക്കാനുള്ള ആദ്യ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്‌തെന്നും പ്രകടന പത്രികയില്‍ വിഷയത്തിലുള്ള നിലപാട് ഉള്‍പ്പെടുത്തുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2010ലെ പൗരത്വ രജിസ്റ്ററും മോദി സര്‍ക്കാര്‍ കൊണ്ടുവന്ന 2020ലെ പൗരത്വ രജിസ്റ്ററും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക ചെയര്‍മാന്‍ അജയ് മാക്കെന്‍ പറഞ്ഞു. കേന്ദ്രം നിയമവിരുദ്ധമായ ആറ് ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയെന്നും അത് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ജനങ്ങളെ വിഭജിക്കുന്നതിന് വേണ്ടി ബി.ജെ.പി നിയമവിരുദ്ധമായ കാര്യം ചെയ്യുകയാണ്. പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയ പുതിയ ചോദ്യങ്ങള്‍ എന്‍.ആര്‍.സിയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായി മാതാപിതാക്കളുടെ ജനനത്തിയതിയും ജനനനസ്ഥലവും ചോദിക്കുകയാണ്. അതില്‍ ചില പ്രശ്‌നങ്ങളുണ്ട്. എന്നെ പോലുള്ളവരോട് എവിടെയാണ് നിങ്ങളുടെ പിതാവും മാതാവും ജനിച്ചെന്ന് ചോദിക്കുന്നത് പ്രശ്‌നമാണ്. എന്റെ മാതാപിതാക്കള്‍ ജനിച്ചത് പാകിസ്താനിലാണ്. എവിടെന്ന് കിട്ടും എനിക്കതിന്റെ വിവരങ്ങള്‍?’ അജയ് മാക്കെന്‍ ചോദിച്ചു.

സാമ്പത്തിക അസ്ഥിരത, വിലനിലവാരം, തൊഴിലില്ലായ്മ എന്നിവ പോലുള്ള വിഷയങ്ങളില്‍ നിന്ന് ജനങ്ങളുടെ കണ്ണ് തെറ്റിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ദല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സുഭാഷ് ചോപ്ര പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞ് ജനങ്ങളെ വിഭജിക്കുവാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.