ന്യൂദല്‍ഹി: ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കാല്‍നൂറ്റാണ്ടിന് ശേഷം ബി.ജെ.പി അധികാരത്തിലെത്തുമ്പോള്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലം ദല്‍ഹിയില്‍ എ.എ.പിയുടെ മുഖമായിരുന്ന രണ്ട് നേതാക്കളും പരാജയമറിഞ്ഞു. ആംആദ്മി പാര്‍ട്ടിയുടെ സ്ഥാപകനും ദല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, പാര്‍ട്ടിയിലെ രണ്ടാമനെന്ന് അറിയപ്പെട്ട മനീഷ് സിസോദിയ എന്നിവരാണ് പരാജയപ്പെട്ടത്.
ഇരുവരുടെയും പരാജയത്തിന് വഴിവെച്ചത് ഇവര്‍ മത്സരിച്ച മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പിടിച്ച വോട്ടുകളാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സിറ്റിങ് മുഖ്യമന്ത്രിയും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ അതിഷി മെര്‍ലേനയും നേരിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇവിടെയും വെല്ലുവിളിയായത് കോണ്‍ഗ്രസ് നേടിയ വോട്ടുകള്‍ തന്നെയായിരുന്നു.
ഈ മണ്ഡലങ്ങളില്‍ മാത്രമല്ല, ദല്‍ഹിയിലെ 11 മണ്ഡലങ്ങളിലെ എ.എ.പിയുടെ പരാജയത്തിന് കാരണമായത് ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചതാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 10 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ഒരിടത്ത് അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയും ബി.ജെ.പിയുടെ വിജയത്തിന് വഴിയൊരുക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അപ്‌ഡേറ്റ് ചെയ്ത കണക്കുകള്‍ പറയുന്നു.
അരവിന്ദ് കെജ്‌രിവാള്‍
ന്യൂദല്‍ഹി മണ്ഡലത്തില്‍ 4089 വോട്ടുകള്‍ക്കാണ് അരവിന്ദ് കെജ്‌രിവാള്‍ പരാജയപ്പെട്ടത്. ഇവിടെ മൂന്നാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സന്ദീപ് ദീക്ഷിത് 4568 വോട്ടുകള്‍ നേടി. ബി.ജെ.പി സ്ഥാനാര്‍ത്ഥി പര്‍വേഷ് സാഹിബ് സിങ്ങാണ് ഇവിടെ വിജയിച്ചത്.
ജാങ്പുരയില്‍ കേവലം 675 വോട്ടുകള്‍ക്കാണ് എ.എ.പി സ്ഥാനാര്‍ത്ഥി മനീഷ് സിസോദിയ പരാജയപ്പെട്ടത്. എന്നാല്‍ ഇവിടെ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഫര്‍ഹാദ് സൗരി 7350 വോട്ടുകള്‍ നേടി. ബി.ജെ.പിയുടെ തര്‍വീന്ദര്‍ സിങ് മര്‍വയാണ് ഇവിടെ വിജയിച്ചത്.
മനീഷ് സിസോദിയ
കല്‍കാജിയില്‍ നിലവിലെ ദല്‍ഹി മുഖ്യമന്ത്രിയും മുന്‍വിദ്യാഭ്യാസ മന്ത്രിയുമായ അതിഷി മെര്‍ലേന അവസാന ഘട്ടത്തിലാണ് വിജയം ഉറപ്പിച്ചത്. വോട്ടെണ്ണലിന്റെ അവസാന ഘട്ടം വരെ പിന്നിലായിരുന്ന അതിഷിക്കും വെല്ലുവിളിയായത് കോണ്‍ഗ്രസിന്റെ വോട്ടുകള്‍ തന്നെയായിരുന്നു. 3521 വോട്ടുകള്‍ക്കാണ് അതിഷി ഇവിടെ വിജയിച്ചത്. എന്നാല്‍ ഇവിടെ മൂന്നാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക ലാംബ 4392 വോട്ടുകള്‍ നേടി.
അതിഷി മെര്‍ലേന
ബി.ജെ.പി വിജയിച്ച വേറെ ചില മണ്ഡലങ്ങളിലും എ.എ.പിയുടെ പരാജയത്തിന് കാരണമായത് ഇവിടങ്ങളില്‍ കോണ്‍ഗ്രസ് പിടിച്ച വോട്ടുകള്‍ തന്നെയാണ്. ബാദ്‌ലി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന കണക്കുകളനുസരിച്ച് 15163 വോട്ടുകള്‍ക്കാണ് എ.എ.പി. സ്ഥാനാര്‍ത്ഥി അജേഷ് യാദവ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. എന്നാല്‍ ഇവിടെ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദേവേന്ദ്ര യാദവ് 41071 വോട്ടുകള്‍ നേടിയിട്ടുണ്ട്. അഹീര്‍ ദീപക് ചൗധരിയാണ് ഇവിടെ വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി.
നങ്കോളയ് ജാട്ട് മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രഘുവീന്ദര്‍ ഷോക്കീന്‍ 26251 വോട്ടുകള്‍ക്ക് പിന്നോട്ട് പോയപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രോഹിത് ചൗധരി 32028 വോട്ടുകള്‍ നേടി. ഇവിടെ മനോജ് കുമാര്‍ ഷോക്കീനാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ജയിച്ചത്.
മദിപൂര്‍ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാഖി ബിര്‍ള പരാജയപ്പെട്ടത് 10899 വോട്ടിനാണ്. ഇവിടെയും മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷത്തേക്കാള്‍ വോട്ട് നേടിയിട്ടുണ്ട്. 17958 വോട്ടാണ് ഇവിടെ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജെ.പി. പന്‍വാര്‍ നേടിയത്. കൈലാഷ് ഗംഗ്‌വാളാണ് ഇവിടെ വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം രജീന്ദര്‍ നഗര്‍ മണ്ഡലത്തില്‍ എ.എ.പി സ്ഥാനാര്‍ത്ഥി ദുര്‍ഗേഷ് പഥക് കേവലം 1231 വോട്ടുകള്‍ക്കാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ഇവിടെ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 4015 വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. അതായത് ഭൂരിപക്ഷത്തിന്റെ ഇരട്ടിയിലേറെ വോട്ടുകള്‍. ബി.ജെ.പിയുടെ ഉമങ് ബജാജാണ് ഇവിടെ വിജയിച്ചത്.
മെഹ്‌റോളി മണ്ഡലത്തില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് എ.എ.പിയുടെ പരാജയത്തിന് കാരണമായിട്ടുള്ളത്. ഏറ്റവും ഒടുവില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ലഭ്യമായ കണക്ക് പ്രകാരം ഇവിടെ 1782 വോട്ടുകള്‍ക്കാണ് എ.എ.പി സ്ഥാനാര്‍ത്ഥി മഹേന്ദ്ര ചൗധരി പരാജയപ്പെട്ടത്. എന്നാല്‍ ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ബാല്‍യോഗി ബാബ ബാലക്‌നാഥ് 9731 വോട്ടുകളാണ് നേടിയിട്ടുള്ളത്. ഇവിടെ കോണ്‍ഗ്രസ് നാലാം സ്ഥാനത്താണെങ്കിലും വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ അധികം വോട്ട് കോണ്‍ഗ്രസും നേടിയിട്ടുണ്ട്. 9338 വോട്ടുകളാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പുഷ്പ സിങ് നേടിയിട്ടുള്ളത്.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും
ഛത്തര്‍പൂര്‍ മണ്ഡലത്തിലും എ.എ.പിയുടെ പരാജയത്തിന് കാരണമായത് കോണ്‍ഗ്രസ് പിടിച്ച വോട്ടുകളാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവിടെ 6239 വോട്ടുകള്‍ക്കാണ് എ.എ.പി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതെങ്കില്‍ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 6601 വോട്ടുകള്‍ നേടിയിട്ടുണ്ട്. കാര്‍താര്‍ സിങ് താന്‍വാറാണ് ഇവിടെ വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി. ബ്രാം സിങ് താന്‍വാര്‍ എ.എ.പിക്ക് വേണ്ടിയും രജീന്ദ്ര സിങ് തന്‍വാര്‍ കോണ്‍ഗ്രസിന് വേണ്ടിയും ഈ മണ്ഡലത്തില്‍ നിന്നും മത്സരിച്ചു.
ഗ്രേറ്റര്‍ കൈലാഷിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിടിച്ച വോട്ടുകള്‍ തന്നെയാണ് എ.എ.പിയുടെ പരാജയത്തിന് കാരണമായത്. ബി.ജെ.പിയുടെ ഷിഖ റോയ് ഇവിടെ 3188 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്തി ഗാര്‍വിത് സിങ്‌വി 6711 വോട്ടുകള്‍ നേടി. 3188 വോട്ടുകള്‍ക്കാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സൗരഭ് ഭരദ്വാജ് പരാജയപ്പെട്ടത്.
ത്രിലോക്പുരിയില്‍ കേവലം 392 വോട്ടുകള്‍ക്കാണ് എ.എ.പി സ്ഥാനാര്‍ത്ഥിയായ അഞ്ജന പ്രജ പരാജയപ്പെട്ടതെങ്കില്‍ ഇവിടെ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 6147 വോട്ടുകള്‍ നേടി. ബി.ജെ.പി സ്ഥാനാര്‍ത്ഥി രവി കാന്താണ് ഇവിടെ വിജയിച്ചത്.
മുസ്തഫ ബാദില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായിട്ടുള്ളത്. മുസ്‌ലിം ഭൂരിപക്ഷമണ്ഡലമായ ഇവിടെ 17578 വോട്ടുകള്‍ക്ക് എ.എ.പി സ്ഥാനാര്‍ത്ഥി അദീല്‍ അഹമ്മദ് ഖാന്‍ പരാജയപ്പെട്ടപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള എ.ഐ.എം.ഐ.എം സ്ഥാനാര്‍ത്ഥി മുഹമ്മദ് താഹിര്‍ ഹുസ്സൈന്‍ 33474 വോട്ടുകള്‍ നേടി. ബി.ജെ.പിയുടെ മോഹന്‍ സിങ് ബിസ്താണ് ഇവിടെ വിജയിച്ചത്.
അസദുദ്ദീന്‍ ഒവൈസി
മേല്‍പറഞ്ഞ കണക്കുകള്‍ക്ക് വിപരീതമായ ഒരിടത്ത് കോണ്‍ഗ്രസിന്റെ പരാജയത്തിന് ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച വോട്ടുകളും കാരണമായിട്ടുണ്ട്. അത്തരത്തിലൊരു മണ്ഡലമാണ് കൗസ്തുഭ നഗര്‍. ഇവിടെ രണ്ടാം സ്ഥാനത്തുള്ളത് കോണ്‍ഗ്രസാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒടുവില്‍ അപ്‌ഡേറ്റ് ചെയ്ത കണക്കുകള്‍ പ്രകാരം 11048 വോട്ടുകള്‍ക്കാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി നീരജ് ബസോയ വിജയിച്ചത്. എന്നാല്‍ ഇവിടെ മൂന്നാം സ്ഥാനത്തുള്ള എ.എ.പി സ്ഥാനാര്‍ത്ഥി രമേഷ് പഹല്‍വാന്‍ 18617 വോട്ടുകള്‍ നേടിയിട്ടുണ്ട്.
(ഈ വാര്‍ത്ത തയ്യാറാക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയതാണിത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ കണക്കുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനനുസരിച്ച് വാര്‍ത്തയിലെ കണക്കുകളിലും മാറ്റം വരുത്തും)
content highlights: Delhi Assembly Elections; Congress defeated BJP in 10 constituencies and Owaisi in one