സിങ്കപ്പൂർ എയർപോർട്ടിൽ മാത്രമല്ല ഇങ്ങ് ദൽഹിയിലുമുണ്ട് വെള്ളച്ചാട്ടം, മോദിയുടെ 'ലോകോത്തര ഇൻഫ്രാസ്ട്രെക്ചർ'; ട്രോളി ഇന്ത്യക്കാർ
India
സിങ്കപ്പൂർ എയർപോർട്ടിൽ മാത്രമല്ല ഇങ്ങ് ദൽഹിയിലുമുണ്ട് വെള്ളച്ചാട്ടം, മോദിയുടെ 'ലോകോത്തര ഇൻഫ്രാസ്ട്രെക്ചർ'; ട്രോളി ഇന്ത്യക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th June 2024, 9:20 am

ന്യൂദൽഹി: രാജ്യത്ത് അടിക്കടിയുണ്ടാകുന്ന പാലങ്ങളുടെയും വിമാനത്താവളങ്ങളുടെയും തകർച്ചയെ ട്രോളി ഇന്ത്യക്കാർ. ഒരുമാസത്തിനുള്ളിൽ മാത്രം മൂന്ന് വിമാനത്താവളങ്ങളും അഞ്ച് പാലങ്ങളുമാണ് ഇന്ത്യയിൽ തകർന്ന് വീണിരിക്കുന്നത്.

ദൽഹിയിലും മധ്യപ്രദേശിലും ഗുജറാത്തിലുമായി മൂന്ന് വിമാനത്താവളങ്ങളുടെ മേൽക്കൂരയാണ് കനത്ത മഴയെ തുടർന്ന് തകർന്ന് വീണത്. ബീഹാറിലെ അഞ്ച് പാലങ്ങളും ഒപ്പം തകർന്നിട്ടുണ്ട്. അതിൽ ഉദ്ഘാടനം പോലും കഴിയാത്ത പാലവും ഉൾപ്പെടുന്നുണ്ട്. ട്രോളുകൾ എല്ലാം ലഭിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്നെയാണ്.

ദൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോകോത്തര ഇൻഫ്രാസ്ട്രെക്ചർ പരാമർശത്തെ ട്രോളി ഇന്ത്യൻ ജനത. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇൻഡോർ ജലധാരയായ സിംഗപ്പൂരിലെ ജ്യുവൽ ചാംഗി വിമാനത്താവളത്തെ, ഇന്ത്യയിലെ മേൽക്കൂര തകർന്ന് വീണ ദൽഹി വിമാനത്താവളവുമായി താരതമ്യപ്പെടുത്തുകയാണ് ഇന്ത്യൻ ട്രോളന്മാർ.

വെള്ളിയാഴ്ച പുലർച്ചെ ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ട് ടെർമിനൽ വണ്ണിൽ ഫോർകോർട്ടിൻ്റെ ഒരു ഭാഗം തകർന്നതിനെ തുടർന്ന് ആറ് പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. ദൽഹിയിൽ രാത്രി പെയ്ത കനത്ത മഴയെ തുടർന്നാണ് തകർച്ചയുണ്ടായത്.

എയർപോർട്ടിൻ്റെ ചോർന്നൊലിക്കുന്ന മേൽക്കൂരയിൽ നിന്ന് വെള്ളം ഒഴുകുന്നതിൻ്റെ വീഡിയോകൾ സോഷ്യൽ മീഡിയ മീമുകളുടെ പ്രളയം ഉണ്ടാക്കുകയായിരുന്നു.

‘ഇൻഡോർ ജലധാര കാണാൻ സിംഗപ്പൂർ പോകണ്ട ദൽഹിയിൽ വരൂ, സിംഗപ്പൂർ പോകണ്ട ദൽഹിയിൽ പോയി ആസ്വദിക്കൂ’ തുടങ്ങിയ രസകരമായ കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സമൂഹ്യ മാധ്യമങ്ങൾ.

ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ട് ടെർമിനൽ വൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു മാർച്ച് പത്തിന് ഉദ്ഘാടനം ചെയ്തത്. ഇതും ട്രോളുകളുടെ എണ്ണം കൂട്ടുന്നതിന് കാരണമായി.

എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ കണക്ക് അനുസരിച്ച് 2023ൽ 72 ദശലക്ഷം യാതക്കാർ ദൽഹി വിമാനത്താവളത്തിൽ വന്ന് പോയിട്ടുണ്ട്. ഇതോടെ 2023ലെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായി ദൽഹി മാറിയിരുന്നു.

പിന്നാലെ കനത്ത മഴയെ തുടർന്ന് ഗുജറാത്തിലെ രാജ്‌കോട്ട് വിമാനത്താവളത്തിന് പുറത്ത് പാസഞ്ചര്‍ പിക്കപ്പ് ആന്‍ഡ് ഡ്രോപ്പ് ഏരിയയിലെ മേല്‍ക്കൂരയും തകര്‍ന്നു വീണിരുന്നു. മൂന്ന് ദിവസത്തിനിടെ മേല്‍ക്കൂര തകരുന്ന മൂന്നാമത്തെ എയര്‍പോര്‍ട്ടാണ് ഗുജറാത്തിലേത്.

ഇതോടെ തകർന്ന് വീഴുന്ന പാലങ്ങളുടെയും വിമാനത്താവളത്തിന്റെയും പി.ആർ ആയാണ് ട്രോളന്മാർ പ്രധാനമന്ത്രിയെ കാണുന്നത്. ‘പ്രൈം മിനിസ്റ്റർ’ എന്നതിന് പകരം ‘പി.ആർ മിനിസ്റ്റർ’ എന്നാണിപ്പോൾ പ്രധാനമന്ത്രിക്ക് കിട്ടിയിരിക്കുന്ന പുതിയ വിളിപ്പേര്.

 

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മോദി സർക്കാർ നിർമിച്ച അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയുടെ കാരണം അഴിമതിയും അനാസ്ഥയുമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശിച്ചിരുന്നു.

‘ദൽഹി എയർപോർട്ടിന്റെ മേൽക്കൂര തകർന്നത്, ജബൽപൂർ വിമാനത്താവളത്തിന്റെ മേൽക്കൂര തകർച്ച, അയോധ്യയിലെ പുതിയ റോഡുകളുടെ ശോചനീയാവസ്ഥ, രാം മന്ദിർ ചോർച്ച, മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് റോഡിലെ വിള്ളലുകൾ, ബീഹാറിൽ പുതുതായി നിർമിച്ച 13 പാലങ്ങൾ പൊളിഞ്ഞ് വീഴുന്നു, പ്രഗതി മൈതാന തുരങ്കം മുങ്ങുന്നു, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ എന്ന് പറഞ്ഞ മോദിയുടെ വാഗ്ദാനങ്ങളാണിവ,’ മോഡി സർക്കാരിന്റെ കീഴിൽ തകർന്നു വീണ പാലങ്ങളുടെയും വിമാനത്താവളങ്ങളുടെയും കണക്കുകൾ എണ്ണിപ്പറഞ്ഞ് ഖാർഗെ പ്രധാനമന്ത്രിയെ പരിഹസിച്ചിരുന്നു.

കോടികൾ ചെലവഴിച്ച് നിർമിച്ച രാം മന്ദിരത്തിന്റെ ചോർച്ചയും ട്രോളന്മാർ ആഘോഷമാക്കുന്നുണ്ട്. ‘അയോധ്യയിൽ പോകണം രാമനെ കാണണം, കാണിക്കയായി ഒരു കുട കൊടുക്കണം’ തുടങ്ങിയ ട്രോളുകൾ വലിയ ജനശ്രദ്ധ നേടുന്നുണ്ട്.

 

 

Content Highlight: Delhi airport ‘waterfall’ draws sarcastic comparisons to Singapore Changi fountain, social media trolls against PM Modi