national news
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധം: മുൻ സുപ്രീം കോടതി ജഡ്ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
3 days ago
Monday, 31st March 2025, 7:05 am

ന്യൂദൽഹി: നീതി വൈകിപ്പിക്കുന്നത് നീതി നിഷേധമെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ബി.എൻ. ശ്രീകൃഷ്ണ. സുപ്രീം കോടതി, ഹൈക്കോടതികൾ, വിചാരണക്കോടതികൾ എന്നിവിടങ്ങളിലായി അഞ്ച് കോടിയിലധികം കേസുകൾ കെട്ടിക്കിടക്കുന്നതിനാൽ രാജ്യത്ത് മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും മുൻ സുപ്രീം കോടതി ജഡ്ജി ബി.എൻ. ശ്രീകൃഷ്ണ വിമർശിച്ചു.

കമ്മിറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് ആൻഡ് സെക്യുലറിസം (സി.പി.ഡി.ആർ.എസ്) സംഘടിപ്പിച്ച ജനാധിപത്യ അവകാശങ്ങളും മതേതരത്വവും സംബന്ധിച്ച ദേശീയ കൺവെൻഷനിൽ സംസാരിക്കവെയായിരുന്നു ജസ്റ്റിസ് ശ്രീകൃഷ്ണയുടെ പരാമർശം.

രാജ്യത്ത് മനുഷ്യാവകാശങ്ങളുടെയും മതേതര തത്വങ്ങളുടെയും ലംഘനത്തിൽ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ, നീതി വൈകുന്നത് നീതി നിഷേധമാണെന്ന് പറഞ്ഞു.

വിയോജിക്കാനും പ്രതിഷേധ ശബ്ദം ഉയർത്താനുമുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ ആത്മാവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ജനാധിപത്യത്തിൽ എല്ലാ പൗരന്മാരെയും തുല്യരായി പരിഗണിക്കണമെന്നും, നിയമവാഴ്ച നിലനിൽക്കണമെന്നും, മതേതരത്വം എന്നാൽ മറ്റ് മതവിശ്വാസങ്ങളെയും അംഗീകരിക്കുകയും ബഹുമാനിക്കുന്നതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

എന്നാൽ ഈ പ്രധാന മൂല്യങ്ങളെല്ലാം ഇപ്പോൾ ഇന്ത്യയിൽ ഉപരോധത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷമായി രാജ്യത്ത് ജുഡീഷ്യൽ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഗുരുതരമായ ഭീഷണി നേരിടുന്നുണ്ടെന്ന് മുൻ ജഡ്ജി പറഞ്ഞു.

ജനങ്ങളുടെ അവകാശങ്ങൾക്ക് നേരെയുള്ള ഈ ആക്രമണങ്ങളെയെല്ലാം ചെറുക്കാൻ സിവിൽ സമൂഹം മുൻകൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കസ്റ്റഡി മരണങ്ങൾ, വ്യാജ ഏറ്റുമുട്ടലുകൾ, ജയിലുകളിലെ പീഡനങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട്, രാജ്യത്തെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഉത്തരവാദിത്തമുള്ള സ്ഥാപനങ്ങളാണ് അവ ഏറ്റവും കൂടുതൽ ലംഘിക്കുന്നതെന്ന് മുൻ സുപ്രീം കോടതി ജഡ്ജി എ. കെ. പട്നായിക് പറഞ്ഞു.

‘ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള സ്ഥാപനങ്ങളാണ് അവ ഏറ്റവും കൂടുതൽ ലംഘിക്കുന്നത്. കസ്റ്റഡി മരണങ്ങൾ, വ്യാജ ഏറ്റുമുട്ടലുകൾ, ജയിൽ പീഡനങ്ങൾ എന്നിവയിൽ കുത്തനെ വർധനയുണ്ടായിട്ടുണ്ട്. കൂടാതെ ഒരു തുല്യ സമൂഹത്തിനു പകരം, സമ്പത്ത് ചുരുക്കം ചിലരുടെ കൈകളിൽ കേന്ദ്രീകരിക്കപ്പെടുന്നു,’ ജസ്റ്റിസ് പട്നായിക് പറഞ്ഞു.

ഇന്ത്യയിൽ ഭരണഘടനാ സ്ഥാപനങ്ങൾ നശിപ്പിക്കപ്പെടുകയും കിരാതമായ നിയമങ്ങൾ അടിച്ചമർത്തപ്പെടുകയും ചെയ്യുന്നുവെന്ന് കൺവെൻഷനിൽ സംസാരിച്ച അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വിമർശിച്ചു.

ഭരണസംവിധാനത്തിന്റെ അനുബന്ധങ്ങളായി മാറുന്നതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനും കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലും എന്ന് ഭൂഷൺ പറഞ്ഞു.

‘അധികാരങ്ങൾ ദുരുപയോഗം ചെയ്ത് ബി.ജെ.പിയുടെ ഫണ്ടിങ് ഓഡിറ്റ് ചെയ്യുന്നത് അവർ നിർത്തി. പക്ഷേ പ്രതിപക്ഷ പാർട്ടികളുടെ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യുന്നു. സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ ജയിലിലടയ്ക്കുകയും വർഷങ്ങളോളം വിചാരണ കൂടാതെ ജയിലിൽ അടയ്ക്കുകയും ചെയ്യുന്നു. ആളുകൾ ഭയം ഉപേക്ഷിച്ച് ക്രൂരമായ നിയമങ്ങൾക്കെതിരെ രംഗത്തെത്തണം,’ അദ്ദേഹം പറഞ്ഞു.

ആദിവാസികൾ, ദളിതർ, സ്ത്രീകൾ, കുട്ടികൾ, മറ്റ് അടിച്ചമർത്തപ്പെട്ടവർ ഏറ്റവും മോശമായ തരത്തിലുള്ള ചൂഷണത്തിനും മനുഷ്യാവകാശ ലംഘനത്തിനും വിധേയരാകുന്നുവെന്ന് കൺവെൻഷൻ ചൂണ്ടിക്കാട്ടി.

 

Content Highlight: Delay in justice denial of justice: Ex-SC judge