Kerala News
ബോംബ് നിര്‍മാണത്തിനിടെ പരിക്കേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സി.പി.ഐ.എം നേതാവ് ധനരാജ് വധക്കേസിലെ പ്രതി; അവശിഷ്ടങ്ങള്‍ മാറ്റി തെളിവ് നശിപ്പിക്കാന്‍ നീക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 31, 03:21 am
Monday, 31st January 2022, 8:51 am

കണ്ണൂര്‍: കണ്ണൂരില്‍ പയ്യന്നൂരിനടുത്ത് ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി പരിക്കേറ്റത് കൊലപാതക്കേസിലെ എട്ടാം പ്രതിക്ക്. സി.പി.ഐ.എം നേതാവ് ധനരാജ് വധക്കേസ് പ്രതി കാങ്കോല്‍ ആലക്കാട്ട് ബിജുവിനാണ് ബോംബ് നിര്‍മാണത്തിനിടെ പരിക്കേറ്റത്.

സംഭവ സ്ഥലത്തേക്ക് പൊലീസ് എത്തുന്നതിന് മുമ്പ് സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കി തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നതായി പൊലീസ് പറഞ്ഞു.

ബോംബ് നിര്‍മാണണത്തിനിടെ പൊട്ടിത്തെറിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൈവിരലുകള്‍ അറ്റുപോയിരുന്നു. ഈ വീട്ടില്‍ ഇത് രണ്ടാം തവണയാണ് ബോംബ് നിര്‍മാണത്തിനിടെ അപകടമുണ്ടാവുന്നതെന്ന് പൊലീസ് പറഞ്ഞു.

തങ്ങള്‍ എത്തുന്നതിന് മുമ്പ് തന്നെ പരിക്കേറ്റയാളെ സംഭവസ്ഥലത്ത് നിന്ന് മാറ്റുകയും സ്‌ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തതായും പൊലീസ് വ്യക്തമാക്കി.

സംഭവ സ്ഥലത്ത് ഇന്നലെ ഫൊറന്‍സിക് സംഘം നടത്തിയ വിശദ പരിശോധനയിലാണ് ബോംബ് നിര്‍മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനമാണെന്ന് വ്യക്തമായത്.

പയ്യന്നൂരിനടുത്ത് കാങ്കോല്‍ ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് ഉഗ്ര ശബ്ദത്തില്‍ ബോംബ് പൊട്ടിത്തെറിക്കുന്നതാണ് അയല്‍വാസികള്‍ കേട്ടിരുന്നത്.

വിവരമറിഞ്ഞ് പെരിങ്ങോം പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ബോംബിന്റെ അവശിഷ്ടങ്ങളുള്‍പ്പെടെ മാറ്റിയിരുന്നു. പരിക്കേറ്റ ബിജുവിനെ രഹസ്യമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് സുഹൃത്തുക്കള്‍ കൊണ്ടുപോവുകയും ചെയ്തിരുന്നു.

സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തതിന് കേസെടുത്ത പൊലീസ് കോഴിക്കോട് ആശുപത്രിയില്‍ എത്തി പ്രതിയില്‍ നിന്നും വിശദാംശങ്ങള്‍ ശേഖരിക്കുകയായിരുന്നു. ഇയാളുടെ ഇടത്തെ കൈപ്പത്തിക്കാണ് പരിക്കേറ്റിരിക്കുന്നത്. രണ്ട് വിരലുകള്‍ അറ്റുപോയ നിലയിലാണ്.

സി.പി.ഐ.എം നേതാവായിരുന്ന ധനരാജിനെ വധിച്ച കേസിലെ എട്ടാം പ്രതിയായ ബിജു മറ്റ് അഞ്ച് കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

ബോംബ് നിര്‍മ്മാണം നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍.എസ്.എസ് നീക്കമാണെന്നും
നേതൃത്വത്തിന്റെ അറിവോടെ നാട്ടില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് സംഭവത്തെക്കുറിച്ച് സി.പി.ഐ.എം ആരോപിക്കുന്നത്.