പട്‌ന: ബീഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവിന് നേരെ അപകീര്‍ത്തി കേസ്. ഗുജറാത്തുകാരെക്കുറിച്ച് അദ്ദേഹം പറഞ്ഞ പരാമര്‍ശങ്ങള്‍ക്കാണ് ബുധനാഴ്ച മാനനഷ്ട കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
‘ഗുജറാത്തികള്‍ക്ക് മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തില്‍ കൊള്ളക്കാരാകാന്‍ സാധിക്കുകയുള്ളൂ,’ എന്ന പരാമര്‍ശത്തിനെതിരെയാണ് സാമൂഹ്യ പ്രവര്‍ത്തകനും ബിസിനസുകാരനുമായ ഹരേഷ് മെഹ്ത പരാതി നല്‍കിയിരിക്കുന്നത്. അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഡി.ജെ. പര്‍മറിനാണ് പരാതി നല്‍കിയത്.
‘ പരാമര്‍ശം ഉള്‍പ്പെടുന്ന പെന്‍ഡ്രൈവ് അടക്കമാണ് ഞങ്ങള്‍ പരാതി സമര്‍പ്പിച്ചത്. കോടതി പരാതി സ്വീകരിച്ചിട്ടുണ്ട്. മെയ് 1ന് പരിഗണിക്കുന്നതായിരിക്കുമെന്നും അറിയിച്ചു,’ മെഹ്തയുടെ അഭിഭാഷകന്‍ പി.ആര്‍. പട്ടേല്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
മാര്‍ച്ച് 21ന് പട്‌നയില്‍ വെച്ചാണ് കേസിനാസ്പദമായ പരാമര്‍ശം തോജസ്വി യാദവ് നടത്തുന്നത്.
‘ഈ സമയത്ത് ഗുജറാത്തുകാര്‍ക്ക് മാത്രമേ കൊള്ളക്കാരാകാന്‍ സാധിക്കുകയുള്ളൂ. അവരുടെ തട്ടിപ്പുകള്‍ പൊറുക്കപ്പെടുമായിരിക്കും. എന്നാല്‍ അവര്‍ എല്‍.ഐ.സിയിലെയോ ബാങ്കുകളിലെയോ പണം മോഷ്ടിച്ച് കടന്ന് കളഞ്ഞാല്‍ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക,’ അദ്ദേഹം പറഞ്ഞു.
അതേസമയം തേജസ്വി മുഴുവന്‍ ഗുജറാത്തുകാരെയും കൊള്ളക്കാരെന്ന് വിളിച്ചുവെന്ന് പരാതിക്കാരന്‍ ആരോപിച്ചു. ഇതിലൂടെ സമൂഹത്തിന് മുന്നില്‍ ഗുജറാത്തുകാരെ അപമാനിക്കുകയാണ് ചെയ്തതെന്നും മെഹ്ത പറഞ്ഞു.