മുംബൈ: മഹാത്മാ ഗാന്ധിയെ അപകീര്‍ത്തിപരാമര്‍ശം നടത്തിയ വലത് പക്ഷ ആക്റ്റിവിസ്റ്റും ശ്രീ ശിവ പ്രതിഷ്ധന്‍ ഹിന്ദുസ്ഥാന്‍ സംഘടനയുടെ മേധാവിയുമായ സംഭാജി ബിഡെയ്‌ക്കെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ അമരാവതി പൊലീസാണ് കേസെടുത്തത്. മഹാരാഷ്ട്ര നിയമസഭയില്‍ കഴിഞ്ഞ ദിവസം ഈ വിഷയത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
ഇന്ത്യന്‍ പീനല്‍ കോഡ് സെഷന്‍ 153 എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യാഴാഴ്ച അമരാവതിയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ ഇയാള്‍ രാഷ്ട്ര പിതാവിനെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നന്ദകിഷോര്‍ കുയാത്തെ രാജ്പഥ് പൊലീസില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.
വെള്ളിയാഴ്ച മഹാരാഷ്ട്ര കോണ്‍ഗ്രസ് ലെജിസ്ലേറ്റര്‍ പാര്‍ട്ടി (സി.എല്‍.പി) നേതാവ് ബാലാസാഹേബ് തോറത്തും ബിഡെയ്‌ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
‘സാംബാജി ബിഡെയ്ക്ക് രണ്ട് മനസാണുള്ളത്. രാഷ്ട്രപിതാവിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം രാജ്യത്തെ മുഴുവന്‍ അസ്വസ്ഥപ്പെടുത്തുന്നതാണ്. അയാള്‍ നിരന്തരമായി വിവാദപരാമര്‍ശം നടത്തുന്നുണ്ട്. രാഷ്ട്രീയ നേട്ടത്തിനായി ആരൊക്കെയാണ് അദ്ദേഹത്തെ പിന്തുണക്കുന്നതെന്ന് കാണണം. അദ്ദേഹത്തിനെതിരെ ശക്തമായ നടപടിയെടുക്കണം,’ ബാലാസാഹേബ് പറഞ്ഞു.