രാഹുല്‍ കുറച്ചുകാലംകൂടെ ഓപ്പണിങ്ങില്‍ ഇറങ്ങിക്കോട്ടെ; ലോകകപ്പില്‍ ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങുന്നത് അവനായിരിക്കും
Cricket
രാഹുല്‍ കുറച്ചുകാലംകൂടെ ഓപ്പണിങ്ങില്‍ ഇറങ്ങിക്കോട്ടെ; ലോകകപ്പില്‍ ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങുന്നത് അവനായിരിക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th August 2022, 11:53 pm

 

സിംബാബ്‌വേക്കെതിരായ പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ഏറേ കാലത്തിന് ശേഷം ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തുന്ന കെ.എല്‍. രാഹുലാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. ടീമിലെ ഓപ്പണറായിട്ടായിരിക്കും അദ്ദേഹം തിരിച്ചെത്തുക.

ശിഖര്‍ ധവാനായിരിക്കും ടീമിലെ മറ്റൊരു ഓപ്പണര്‍. ഇതോടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ മാന്‍ ഓഫ് ദി സീരിസായ യുവ ബാറ്റര്‍ ശുഭ്മാന്‍ ഗില്ലിന് ഓപ്പണ്‍ ചെയ്യാനുള്ള അവസരം നഷ്ടമാകും. എന്നാല്‍ ഇന്ത്യ അദ്ദേഹത്തെ അടുത്ത വര്‍ഷത്തേക്കുള്ള ഏകദിന ലോകകപ്പില്‍ ടീമിന്റെ ഓപ്പണറായി വളര്‍ത്തിയെടുക്കുവാണെന്ന് പറയുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദീപ് ദാസ് ഗുപ്ത.

ഏഷ്യാ കപ്പും ട്വന്റി-20 ലോകകപ്പും വരാനിരിക്കെ സിംബാബ്‌വേ സീരീസില്‍ രാഹുല്‍ ഓപ്പണ്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. മികച്ച പരമ്പരക്ക് ശേഷം പൊസിഷന്‍ നഷ്ടമാകുന്ന ഗില്ലിന്റെ വിഷമം മനസിലാകുമെന്നും എന്നാല്‍ നിലവില്‍ ടീം മുന്‍ഗണന നല്‍കേണ്ടത് ഏഷ്യാ കപ്പും ട്വന്റി-20 ലോകകപ്പും ആയിരിക്കണമെന്ന് ദീപ് ദാസ് പറഞ്ഞു.

ഇതൊരു താല്‍ക്കാലികമായ കാര്യമാണെന്നും അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ഗില്‍ ഓപ്പണിങ്ങില്‍ കളിക്കുന്നും അദ്ദേഹം പറയുന്നു.

‘ഇത്രയും നല്ല ഒരു പരമ്പരക്ക് ശേഷം ആ പൊസിഷന്‍ നഷ്ടമാകുന്നത് ബുദ്ധിമുട്ടാണെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ നിലവില്‍ ഏഷ്യാ കപ്പ് ടി-20യുടെ ഓപ്പണിങ് സ്ലോട്ടിനായി രാഹുലിനെ ഒരുക്കുക എന്നതായിരിക്കും ഇന്ത്യയുടെ ലക്ഷ്യം. അദ്ദേഹത്തിന് ബാറ്റിങ്ങില്‍ ധാരാളം സമയം ലഭിക്കേണ്ടതുണ്ട്, അതിനാണ് മുന്‍ഗണന. ഏകദിന ലോകകപ്പിനുള്ള ഓപ്പണറായി ശുഭ്മാന്‍ ഗില്ലിനെ വളര്‍ത്തിയെടുക്കുന്നതിനാല്‍ ഇത് ഒരു താല്‍ക്കാലിക ക്രമീകരണമാണെന്ന് ഞാന്‍ കരുതുന്നു,’ ദീപ് ദാസ് ഗുപ്ത പറഞ്ഞു.

ഗില്ലിനെ സിംബാബ്‌വേ പരമ്പരയില്‍ മൂന്നാം നമ്പറില്‍ കളിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ മാസം 18നാണ് സിംബാബ്‌വേക്കെതിരെയുള്ള പരമ്പര ആരംഭിക്കുന്നത്. ഈ മാസം തന്നെ 28ാം തിയതിയാണ് ഇന്ത്യയുടെ ഏഷ്യാ കപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെയാണ് ഇന്ത്യ നേരിടുക.

Content Highlights: Deepdas Gupta says Subhman Gill will open for India in ICC world cup 2023