Advertisement
Entertainment
എല്ലാവരെയും പോലെയല്ല അയാൾ, നന്നായി പാടുന്ന ഒരു നടനാണ് പുള്ളി: ദീപക് ദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 16, 06:55 am
Tuesday, 16th January 2024, 12:25 pm

മലയാളത്തിൽ വലിയ സ്വീകാര്യനായ സംഗീത സംവിധായകനാണ് ദീപക് ദേവ്. നിരവധി ഹിറ്റ്‌ പാട്ടുകൾ മലയാളത്തിന് സമ്മാനിച്ച അദ്ദേഹം 2003ൽ ക്രോണിക് ബാച്ച്ലർ എന്ന സിനിമയിലൂടെയാണ് കടന്ന് വരുന്നത്. ആദ്യ സിനിമയിലെ ഗാനങ്ങൾ തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.

പുതിയ മുഖം എന്ന പൃഥ്വിരാജ് ചിത്രത്തിൽ സംഗീതം ചെയ്തത് ദീപക് ദേവ് ആയിരുന്നു. ചിത്രത്തിലെ ‘പുതിയ മുഖം ‘എന്ന പൃഥ്വി പാടിയ പാട്ട് വലിയ തരംഗമായിരുന്നു. ചിത്രത്തിലെ മറ്റൊരു പാട്ടിന്റെ കമ്പോസിങ് നടക്കുമ്പോഴാണ് പൃഥ്വിരാജ് പാടുമെന്ന് താൻ തിരിച്ചറിഞ്ഞത് എന്നാണ് ദീപക് ദേവ് പറയുന്നത്.

പലരുടെയും വിചാരം അഭിനേതാക്കൾ പാടുമ്പോൾ സംഗീത സംവിധായകർ പലതും എക്സ്ട്രാ ആഡ് ചെയ്യാറുണ്ടെന്നാണ് എന്നാൽ നന്നായി പാടുന്ന താരങ്ങളുണ്ടെന്നും ദീപക് ദേവ് പറഞ്ഞു. റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പൃഥ്വിരാജ് ആയിട്ട് പുതിയ മുഖം തൊട്ടുള്ള അടുപ്പമാണ്. അതിന് ശേഷമാണ് ഞങ്ങൾ റെഗുലറായി വർക്ക്‌ ചെയ്യാൻ തുടങ്ങുന്നത്.

പുതിയ മുഖത്തിലെ പിച്ച വെച്ച നാൾ മുതൽ എന്ന പാട്ടിന്റെ വരികൾ മാത്രം ആയിരുന്ന സമയത്താണ് പൃഥ്വി ഒരിക്കൽ അതിന്റെ കമ്പോസിങ് കേൾക്കാൻ വേണ്ടി എന്റെ അടുത്തേക്ക് വരുന്നത്. അന്ന് ഞാൻ പാടിയത് കേട്ടിട്ട് പുള്ളി വെറുതെയൊന്ന് പേപ്പർ നോക്കി പാടിയപ്പോഴാണ് എനിക്ക് മനസിലായത്, പൃഥ്വിയും ചേട്ടനെ പോലെ പാടുമെന്ന്. ഇന്ദ്രജിത്ത് ഉഗ്രനായി പാടും. ഇന്ദ്രജിത്തിന്റെ പാട്ട് മാത്രമേ എനിക്ക് അറിയുമായിരുന്നുള്ളൂ.

പക്ഷെ ഇത്‌ കേട്ടപ്പോൾ ഞാൻ ശരിക്കും സർപ്രൈസായി. പാട്ടുകാരനാണെന്ന് അന്ന് മനസിലായി. പക്ഷെ എല്ലാവരും വിചാരിക്കുക അഭിനേതാക്കൾ പാടുമ്പോൾ നമ്മൾ എന്തോ തിരിച്ച് ഉണ്ടാകുന്നതാണ് എന്നാണ്.

പക്ഷെ ചില ആളുകൾ അതിൽ നന്നായിട്ട് പാടുന്നവരാണ്. അതിൽ ഒന്നാണ് പൃഥ്വി,’ദീപക് ദേവ് പറയുന്നു

 

Content Highlight: Deepak Dev Talk About Prithviraj