തൃശൂര്‍: മറുനാടന്‍ മലയാളിയോടുള്ള തന്റെ ദേഷ്യത്തിന്റെ കാരണം തുറന്ന് പറഞ്ഞ് എഴുത്തുകാരി ദീപ നിശാന്ത്. മറുനാടനെതിരെ കേസുമായി മുന്നോട്ടു പോകുമെന്ന് നടന്‍ പൃഥ്വിരാജിന്റെ വിശദീകരണത്തിന് പിന്നാലെയാണ് ദീപയും ഫേസ്ബുക്കിലടെ തുറന്നുപറച്ചില്‍ നടത്തിയത്. യൂട്യൂബ് ചാനലിനെതിരെ നല്‍കിയ കേസ് ഹൈക്കോടതിയില്‍ പരിഗണനയിലാണെന്നും ശക്തമായിത്തന്നെ മുന്നോട്ട് പോകുന്നുണ്ടെന്നും ദീപ പറഞ്ഞു.
‘മറുനാടനോട് എന്താണിത്ര ദേഷ്യം? എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. എനിക്ക് ദേഷ്യമല്ല. അറപ്പും വെറുപ്പുമാണ്. എന്റെ ജീവിതത്തില്‍ ആത്മഹത്യയെക്കുറിച്ച് ഞാന്‍ ചിന്തിച്ച ഒരു രാത്രിയുടെ പഴക്കമുണ്ടതിന്. അത്രത്തോളം വ്യക്തിപരമായി എന്നെയും കുടുംബാംഗങ്ങളേയും ബുദ്ധിമുട്ടിച്ചിട്ടുണ്ട്.
ഞാന്‍ പറയാത്ത, അറിയാത്ത കാര്യങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്.. എനിക്ക് പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ വിമര്‍ശനങ്ങള്‍ നേരിടാന്‍ സര്‍വാത്മനാ ബാധ്യസ്ഥയുമാണ്. വസ്തുതാപരമായി എന്നെ വിമര്‍ശിക്കുന്ന മനുഷ്യരെ ഞാന്‍ ശത്രുക്കളായി കാണാറില്ല.
പക്ഷേ ഒരു ചാനല്‍ നിരന്തരമായി എന്നെ പിന്തുടര്‍ന്ന്, ഞാന്‍ പ്രസ്തുത ചാനലിനൊരു വരുമാനസ്രോതസ്സാണെന്ന് പ്രഖ്യാപിച്ചു കൊണ്ട്, എന്റെ സ്വസ്ഥതയെ ഇല്ലാതാക്കിയ ഒരു ഘട്ടം ജീവിതത്തിലുണ്ടായിട്ടുണ്ട്. എന്റെ മാനസികാരോഗ്യത്തെ തന്നെ അത് സാരമായി ബാധിച്ചിരുന്നു. ഇപ്പോള്‍ അത്തരം വാര്‍ത്തകള്‍ എന്നെ ബാധിക്കാറില്ല.
അതിനെ തൃണവത്ഗണിക്കാനുള്ള ശേഷി ഞാന്‍ ആര്‍ജ്ജിച്ചിട്ടുണ്ട്. പക്ഷേ എല്ലാ മനുഷ്യരും അങ്ങനെയല്ല. തകര്‍ന്നു തരിപ്പണമാകുന്ന മനുഷ്യരുണ്ട്. ഇത്തരം ചാനലുകളില്‍ വന്ന വ്യാജവാര്‍ത്ത മൂലം ആത്മഹത്യ ചെയ്ത മനുഷ്യരുണ്ട്.
നിയമപരമായി മുന്നോട്ടു പോകുന്നതു കൊണ്ട് കൂടുതല്‍ എഴുതാന്‍ ബുദ്ധിമുട്ടുണ്ട്. തോറ്റാലും ജയിച്ചാലും ആ കേസുമായി മുന്നോട്ടു നീങ്ങും. എന്തെഴുതിയാലും അത് വരുമാനമായി കരുതുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഈ പോസ്റ്റും വാര്‍ത്തയായിരിക്കും.
എന്റെ പത്തിരുപത് ചിത്രങ്ങളും വെച്ച് അയാള്‍ വീഡിയോയില്‍ പതിവു പോലെ പുലമ്പും. വിമര്‍ശനത്തിന്റെയും വ്യക്തിഹത്യയുടേയും വ്യത്യാസമറിയാത്ത മനുഷ്യര്‍ താഴെ കയ്യടിക്കും,’ ദീപ ഫേസ്ബുക്കില്‍ കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ എഴുത്തുകാരിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുന്നത്.